‘ചാക്കോച്ചൻ ഈ സീൻ കണ്ടിട്ട് കരഞ്ഞു, മക്കളുടെ ആഗ്രഹം സാധിച്ചുകൊടുത്തിട്ടുണ്ടോ എന്ന ചിന്ത മാത്രമായിരുന്നു’; സിദ്ദിഖ്

','

' ); } ?>

‘ആന്മരിയ കലിപ്പിലാണ്’ എന്ന സിനിമയിലെ ഏറെ വൈകാരികമായ രംഗം ചിത്രീകരിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ സിദ്ദിഖ്. സിനിമയുടെ ഷൂട്ടിംഗ് ദിവസങ്ങളിൽ തന്റെ മനസ്സ് മുഴുവൻ മക്കളോടുള്ള സ്വന്തം പെരുമാറ്റത്തെക്കുറിച്ചുള്ള ആലോചനകളായിരുന്നുവെന്നും, അതുകൊണ്ടുതന്നെ അവിടെയുണ്ടായിരുന്ന മറ്റ് ശബ്ദങ്ങളൊന്നും താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചിത്രത്തിന്റെ ക്ലൈമാക്സിനോടടുത്തുള്ള ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ താൻ കടുത്ത മാനസികാവസ്ഥയിലായിരുന്നുവെന്ന് സിദ്ദിഖ് ഓർമിക്കുന്നു. ഒരു സൺസെറ്റ് സമയത്ത് ഒ ഒറ്റ ടേക്കിലാണ് ആ രംഗം എടുത്തത്. എന്നാൽ പിന്നീട് ഡബ്ബിംഗിന് എത്തിയപ്പോഴാണ് പൈലറ്റ് ഓഡിയോയിൽ ചുറ്റും മയിലുകൾ കരയുന്ന ശബ്ദം കേൾക്കുന്നത്. ഷൂട്ട് ചെയ്ത സമയത്ത് ഈ ശബ്ദങ്ങളൊന്നും താൻ കേട്ടിരുന്നില്ലെന്നും, കുട്ടികളുടെ ആഗ്രഹങ്ങൾ എന്തെങ്കിലും സാധിച്ചുകൊടുക്കാതിരുന്നിട്ടുണ്ടോ എന്ന ചിന്തയായിരുന്നു തന്റെ ഉള്ളിൽ മുഴുവനെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തി മക്കളോട് താൻ ഇതുപോലെ വല്ലതും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചതായും സിദ്ദിഖ് കൂട്ടിച്ചേർത്തു.

ചിത്രം കണ്ടതിനുശേഷം കുഞ്ചാക്കോ ബോബൻ കരഞ്ഞതിനെക്കുറിച്ചും സിദ്ദിഖ് സംസാരിച്ചു. സിനിമ കണ്ടതിന് ശേഷം കുഞ്ചാക്കോ ബോബന്റെ ഭാര്യ തന്നെ വിളിച്ച്, ചാക്കോച്ചൻ ആ സീൻ കണ്ട് കരഞ്ഞുവെന്ന് പറഞ്ഞിരുന്നു. ആണുങ്ങളാണ് ഈ രംഗം കണ്ട് കൂടുതൽ കരഞ്ഞതെന്നും ഒരുപാട് പേർ ഇത് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.

സിദ്ദിഖിന്റെ വാക്കുകൾ;

‘ഷൂട്ടിംഗ് തീരുന്ന ദിവസമാണ് ആ സീൻ എടുത്തത്. ഞാൻ ആകെ മൂന്ന് ദിവസമേ ആന്മരിയയിൽ അഭിനയിച്ചിട്ടുള്ളൂ. എനിക്ക് സീൻ തന്നു, ഒരു സൺസെറ്റിലാണ് ഇത് എടുക്കേണ്ടത്. ഒരു ടേക്കിൽ എടുത്ത് തീർത്തു, ശേഷം ഡബ്ബിങ്ങിന് ചെന്നപ്പോൾ എനിക്ക് ശരിക്കും ഓഡിയോ ശരിക്കും കേൾക്കാൻ കഴിയുന്നില്ല. പൈലറ്റ് ഓഡിയോയിൽ മുഴുവൻ മയിലിന്റെ ശബ്ദം, അപ്പോൾ ഞാൻ മിഥുനോട് ചോദിച്ചു ഷൂട്ട് ചെയുമ്പോൾ ഈ മയിലിന്റെ ശബ്ദം ഉണ്ടായിരുന്നോ എന്ന് അവൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് ഞാൻ ഈ മയിലിന്റെ ശബ്ദം കേട്ടതേയില്ല, എനിക്ക് ഓർമയില്ല, എന്റെ ചിന്ത മുഴുവൻ ഈ സീൻ വായിക്കുമ്പോൾ കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് സാധിച്ച് കൊടുക്കണം. ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു. അവരുടെ എന്തെങ്കിലും കളിപ്പാട്ടം എടുത്ത് ഒളിച്ചു വെച്ചിട്ടുണ്ടോ എന്നൊക്കെ ആയിരുന്നു എന്റെ ഉള്ളിൽ. ഞാൻ വീട്ടിൽ ചെന്ന് മക്കളോട് ചോദിച്ചു നിങ്ങൾ എന്തെങ്കിലും പറഞ്ഞിട്ട് ചെയ്ത് തരാതിരുന്നിട്ടുണ്ടോ…അവർ അങ്ങനെ ഒന്നും വാപ്പച്ചി ചെയ്തിട്ടില്ല എന്ന് പറഞ്ഞു.

‘സിനിമ കണ്ട ശേഷം കുഞ്ചാക്കോ ബോബാന്റെ ഭാര്യ എന്നെ വിളിച്ച് പറഞ്ഞു. ചാക്കോച്ചൻ ഈ സീൻ കണ്ടിരുന്ന കരയുകയായിരുന്നുവെന്ന് ഞാൻ അപ്പോൾ ചോദിച്ചു അവൻ അങ്ങനെ കരയാൻ മാത്രം കുട്ടികൾ ആയിട്ടില്ലലോ എന്ന്. കൂടുതലും ആണുങ്ങളാണ് ഈ സീൻ കണ്ട ശേഷം കരഞ്ഞത്. എന്നോട് ഒരുപാട് പേര് അത് പറയുകയും ചെയ്തു.

അതേസമയം, സൈജു കുറുപ്പ് നായകനാകുന്ന ‘ആരം’ ആണ് സിദ്ദിഖിന്റെ പുതിയ ചിത്രം. സെപ്റ്റംബർ 25ന് തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രജീഷ് പരമേശ്വരനാണ്. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. സൈജു കുറുപ്പിനും സിദ്ദിഖിനും പുറമെ അസ്‌കര്‍ അലി, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സൈജു കുറുപ്പിനൊപ്പം അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്‍, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *