ബോസ് ഹീറോ ഡാ…

','

' ); } ?>

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെന്ന താരമൂല്യത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയ ചിത്രമാണ് ഷൈലോക്ക്. അനീഷും ബിബിനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമഡി, ത്രില്ലര്‍, റിവഞ്ച് എന്നീ ട്രാക്കുകളിലൂടെയാണ് ചിത്രം നീങ്ങുന്നത്.

മമ്മൂട്ടി അവതരിപ്പിക്കുന്ന ബോസ് എന്ന കഥാപാത്രം മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ നിര്‍മ്മാതാക്കളുടെ തലതൊട്ടപ്പനാണ്. അവര്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന വ്യക്തിയാണ് ബോസ്. പലിശയ്ക്ക് പണം കൊടുത്തുകഴിഞ്ഞാല്‍ ആ പണം തിരിച്ചുകിട്ടാനായി ഏതറ്റംവരെയും പോകുന്ന ഒരു കഥാപാത്രമായാണ് ബോസിനെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. എന്നാല്‍ ബോസ് ഇങ്ങനെയാവാനുള്ള കാരണം ഇത് മാത്രമല്ല ഉള്ളത്, അതിനൊരു ഫ്‌ളാഷ്ബാക്ക് ഉണ്ട്. അതാണ് രണ്ടാംപകുതിയില്‍ ചിത്രം പറയുന്നത്.

മമ്മൂട്ടിയുടെ കോമഡി തന്നെയാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. മമ്മൂട്ടി പല ടിക് ടോക്ക് സംഭാഷണങ്ങളും ഒപ്പം നമ്മള്‍ മുന്‍പ് കേട്ടിട്ടുള്ള സൂപ്പര്‍ഹിറ്റ് സംഭാഷണങ്ങളും പഞ്ച് ഡയലോഗായി തന്നെ അവതരിപ്പിക്കുന്നുണ്ട്. ഡയലോഗ് ഡെലിവറിയിലെ ഒരു പാഠപുസ്തകം തന്നെയാണ് ഷൈലോക്കിലൂടെ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും കഥ എങ്ങോട്ടാണ് പോകുന്നതെന്നും എന്താണ് സംഭവിക്കുക എന്നൊക്കെ കൃത്യമായിട്ട് അറിയാം. എന്നാലും മമ്മൂട്ടിയുടെ രസകരമായിട്ടുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആദ്യാവസാനം നിറഞ്ഞ് നില്‍ക്കുന്നത്. ക്ലൈമാക്‌സില്‍ ഒരു ആക്ഷന്‍ രംഗത്തോട് കൂടി പ്രേക്ഷകരെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടങ്ങളും കൂട്ടിയിണക്കിയ ഒരു കൊമേര്‍ഷ്യല്‍ മൂവിയാണ് ഷൈലോക്ക്.

ആദ്യ പകുതിയില്‍ ബൈജുവും ഹരീഷ് കണാരനും മികച്ച പിന്തുണയാണ് മമ്മൂട്ടിക്ക് നല്‍കിയത്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ സിദ്ധിഖ്, രാജ് കിരണ്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. നായികമാര്‍ക്കെല്ലാം ചിത്രത്തില്‍ വലിയ പ്രാധാന്യമില്ലെങ്കിലും മമ്മൂട്ടിയുടെ മികച്ച പ്രടനം എല്ലാ ഏരിയയും കവര്‍ ചെയ്യുന്നുണ്ട്.

രണദിവെയുടെ ഛായാഗ്രഹണവും റിയാസിന്റെ എഡിറ്റിംഗും വളരെ മികച്ചതായിരുന്നു. ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും മികച്ചതായിരുന്നു. പ്രത്യേകിച്ചും ബോസ് എന്ന തീം സോംഗ് പല ഘട്ടങ്ങളിലും മമ്മൂട്ടിക്ക് ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ഷൈലോക്ക് തമിഴിലും ഇതേ ദിവസം തന്നെ റിലീസ് ചെയ്യുന്നുണ്ട്. തമിഴ് കള്‍ച്ചറിനെ കൃത്യമായി രണ്ടാംപകുതിയില്‍ ഉപയോഗപ്പെടുത്തിയ ചിത്രമെന്നുള്ള രൂപത്തില്‍ തമിഴ്‌നാട്ടിലും ഷൈലോക്കിന് സ്വീകാര്യത ലഭിക്കാന്‍ തന്നെയാണ് സാധ്യത.