‘അയ്യപ്പനും കോശിയും’, പൃഥ്വിരാജ് – ബിജു മേനോന്‍ ചിത്രത്തിന്റെ ട്രെയ്ലറുമായെത്തിയത് വന്‍ താരനിര!

പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും വ്യത്യസ്ഥ ഗെറ്റപ്പുകളുമായെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലറുമായി ഇന്ന് സമൂഹമാധ്യമങ്ങളിലെത്തിയത് മലയാള സിനിമയിലെ വന്‍ താരനിര. ഇന്ന് പത്തുമണിയ്ക്ക് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയ്‌ലര്‍ ആദ്യം പുറത്തുവിട്ടത് ഫഹദ് ഫാസിലായിരുന്നു. ഒപ്പം ടൊവിനോ തോമസ്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, മുരളി ഗോപി, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, കാളിദാസ് ജയറാം, മിയ ജോര്‍ജ്, വിനീത് ശ്രീനിവാസന്‍, ഹണീ റോസ്, അനൂപ് മേനോന്‍, ജയസൂര്യ, ആന്റണി വര്‍ഗീസ്, സാനിയ ഇയ്യപ്പന്‍, ജോജു ജോര്‍ജ്, ഗോകുല്‍ സുരേഷ്, മമ്ത മോഹന്‍ദാസ് എന്നിങ്ങനെ മലയാള സിനിമയുടെ മുന്‍നിര താരങ്ങളെല്ലാം യുവതാരങ്ങളുമെല്ലാവരും തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറുമായി അവരവരുടെ പേജുകളിലൂടെയെത്തി. പൃഥ്വിരാജ് നായക വേഷത്തില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 7ന് തിയറ്ററുകളിലെത്തും.

അനാര്‍ക്കലിയിലൂടെ സംവിധായകനായി അരങ്ങേറിയ തിരക്കഥാകൃത്ത് സച്ചി വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിതും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് നിര്‍മാണം.

റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് ഈ കഥാപാത്രം. ഒരു പൊലീസ് കോണ്‍സ്റ്റബിളിനും റിട്ടയേഡ് ഹവില്‍ദാറിനുമിടയിലുള്ള ഈഗോ പ്രശ്നങ്ങളാണ് പ്രമേയമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മാസ് ട്രീറ്റ്മെന്റിന് അനുയോജ്യമായ പ്രമേയമാണെന്നും ഒരു വര്‍ഷത്തോളം എടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും സച്ചി പറയുന്നു. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.

സുദീപ് ഇളമണ്‍ ക്യാമറയും ജേക്ക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റേതാണ് എഡിറ്റിംഗ്. അന്ന രേഷ്മരാജന്‍, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു,ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.