‘ബിലാല്‍’ ഉടന്‍, സൂചന നല്‍കി ഗോപി സുന്ദര്‍

ആരാധകര്‍ കാത്തിരിക്കുന്ന ‘ബിഗ് ബി’യുടെ രണ്ടാം ഭാഗം ‘ബിലാല്‍’ ഉടന്‍ എത്തുമെന്ന് സൂചന നല്‍കി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. അമല്‍ നീരദിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ഫോട്ടോ നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടിയിരിക്കുകയാണ്. 2007ല്‍ തിയേറ്ററുകളിലെത്തിയ ബിഗ് ബി അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു.

ബിഗ് ബിയുടെ തീം മ്യൂസിക് പങ്കുവെച്ച് ഗോപി സുന്ദര്‍ മറ്റൊരു കുറിപ്പു കൂടി ചേര്‍ത്തിരിക്കുന്നു. ‘2007ല്‍ താന്‍ ഈ ട്രാക്ക് സിനിമയ്ക്കു വേണ്ടി ചെയ്തു. അതിനു ശേഷം സ്‌റ്റൈല്‍ തന്നെ മാറ്റി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍. ഇതിലെ ഓരോ ടെക്‌നീഷ്യനും അതൊരു വെല്ലുവിളി തന്നെയാണ്.’

2007 ഏപ്രില്‍ 14നാണ് ബിഗ് ബി റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്. മനോജ് കെ ജയന്‍, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മംമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സമീര്‍ താഹിറായിരുന്നു ഛായാഗ്രഹകന്‍.