നടന്‍ അലന്‍സിയര്‍ക്കെതിരെ മീ ടൂ ആരോപണം ഉയര്‍ന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ശ്യാം പുഷ്‌കരന്‍. ഡബ്ലിയുസിസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശ്യാം പുഷ്‌കരനെയും കൂട്ടുകാരെയും പ്രശ്‌നം ഒത്തു തീര്‍ക്കാനാണ് അലന്‍സിയര്‍ വിളിച്ചത്. അതിനെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ഡബ്ലിയുസിസിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു ശ്യാം പുഷ്‌കരന്റെ വെളിപ്പെടുത്തല്‍.
ശ്യാം പുഷ്‌കരന്റെ വാക്കുകള്‍ :
‘ഞങ്ങള്‍ ആണുങ്ങളുടെ തന്ത്രം, അല്ലെങ്കില്‍ പാട്രിയാര്‍ക്കിയുടെ തന്ത്രം പലപ്പോഴും ഇങ്ങനെയാണ്. പൊതുസ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുക. അങ്ങനെ സമൂഹത്തില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുക. അങ്ങനെയാവുമ്പോള്‍ നമുക്ക് അവരെ നിയന്ത്രിക്കാന്‍ എളുപ്പമാണ്. മണ്ടി എന്ന് വിളിക്കാം, ഉപദേശിക്കാം, നേര്‍വഴി കാണിക്കാം.
ഡബ്ലിയുസിസി തന്ത്രങ്ങളൊക്കെ നേരത്തേ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് സിനിമാ രംഗത്തേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരണമെന്ന് ഡബ്ലിയുസിസി ആവശ്യപ്പെട്ടത്. സിനിമാരംഗത്ത് കംപ്ലെയ്ന്റ്‌സ് സെല്‍ വേണം. സ്ത്രീകള്‍ക്ക് ഈ രംഗത്ത് സുരക്ഷാ സംവിധാനങ്ങള്‍ വേണം. ആദ്യത്തെ രണ്ട് വര്‍ഷം കൊണ്ട് ഡബ്ലിയുസിസി അടിസ്ഥാനപരമായ ഈ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
ഞാനൊരു wanna be feminist ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സ്ത്രീപക്ഷ സിനിമ എന്ന രീതിയില്‍ സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്ന ഒരാളാണ്. ആദ്യസമയത്ത് സ്ത്രീപക്ഷ സിനിമ ചെയ്യണമെന്ന് കരുതി, അമ്മയുടെയും കൂട്ടുകാരിയുടെയും ഒക്കെ ബുദ്ധിമുട്ടുകള്‍ കണ്ട്, അത്തരമൊരു സിനിമയെടുക്കാന്‍ ശ്രമിച്ചയാളാണ് ഞാന്‍. പക്ഷേ, പുരുഷമേധാവിത്വം ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധതയാണ് പുറത്തു വരിക. അത് പരമാവധി തിരുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
ഡബ്ലിയുസിസി പാട്രിയാര്‍ക്കിയെ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന എന്നെപ്പോലുള്ള പുരുഷന്‍മാര്‍ക്ക് ധൈര്യം തരുന്നുണ്ട്. അതാണ് അവരോടൊപ്പം നില്‍ക്കാന്‍ എനിക്ക് കഴിയുന്നത്.
ഒരു കാര്യം കൂടി പറഞ്ഞ് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുകയാണ്. മീടു വളരെ സീരിയസ്സായി കാണേണ്ട ഒട്ടും ജോക്കല്ലാത്ത ഒരു മൂവ്‌മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദ സംഭാഷണത്തിനുമില്ല. സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല. നന്ദി.’ എന്ന് ശ്യാം പുഷ്‌കരന്‍ പറഞ്ഞു.