
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തന്റെ പ്രിയപ്പെട്ട വളർത്തുപൂച്ചയെ ഒഴിവാക്കേണ്ടി വന്നതിന്റെ സങ്കടം പങ്കുവെച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. അലർജി രൂക്ഷമായതിനെത്തുടർന്നാണ് പേർഷ്യൻ ഇനത്തിൽപ്പെട്ട ‘അസ്ലൻ’ എന്ന പൂച്ചക്കുഞ്ഞിനെ തിരികെ നൽകാൻ താരം നിർബന്ധിതയായത്. മൂന്ന് മാസം മുൻപ് ഏറെ ആഗ്രഹത്തോടെ ദത്തെടുത്ത പൂച്ചയെ വിട്ടുകൊടുക്കേണ്ടി വന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ശ്രുതി വ്യക്തമാക്കുന്നു.
പൂച്ച വീട്ടിലെത്തി രണ്ടു ദിവസത്തിനകം തന്നെ തനിക്ക് അലർജി ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്ന് ശ്രുതി പറയുന്നു. തുടക്കത്തിൽ മാമ്പഴം കഴിച്ചതുകൊണ്ടാകാം ഇതെന്നു കരുതിയെങ്കിലും, ഡോക്ടറുടെ പരിശോധനയിലാണ് പൂച്ചയുടെ രോമവും ഉമിനീരുമാണ് പ്രശ്നക്കാരനെന്ന് സ്ഥിരീകരിച്ചത്. അസ്ലന്റെ രോമം വെട്ടിയും എയർ പ്യൂരിഫയറുകൾ ഉപയോഗിച്ചും ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനായി കഴിച്ച മരുന്നുകൾ ചർമ്മത്തെയും മാനസികാരോഗ്യത്തെയും ജോലിയെയും ദോഷകരമായി ബാധിച്ചു. ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് മാറിയതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.
മറ്റു വഴികളില്ലാതെ വന്നതോടെ അസ്ലനെ പഴയ ഉടമയ്ക്ക് തന്നെ തിരികെ ഏൽപ്പിക്കുകയായിരുന്നു താരം. നിലവിൽ അവന് അനുയോജ്യനായ മറ്റൊരു പരിപാലകനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ശ്രുതിയും സുഹൃത്തുക്കളും. വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈ വേദന മനസ്സിലാകൂ എന്നും, അലർജി എന്ന ശാരീരിക ബുദ്ധിമുട്ട് കാരണമാണ് തനിക്ക് ഇതിന് സാധിക്കാതെ പോയതെന്നും ശ്രുതി ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങൾക്ക് അഭയമൊരുക്കുന്നത് നല്ലൊരു കാര്യമാണെന്നും തനിക്ക സംഭവിച്ച അസൗകര്യം കാരണം ആരും അരുമകളെ ദത്തെടുക്കുന്നതിൽ നിന്ന് പിന്നോട്ട് പോകരുതെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് നടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.