
കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ബെയിൽ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. പരിക്കുകളില്ലാതെ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. കർണാടകയിലെ ചിത്രദുർഗയിലുള്ള ബസവേശ്വര തിയേറ്ററിൽ നടന്ന പ്രൊമോഷൻ പരിപാടിക്കിടെ അദ്ദേഹത്തിന് തൊട്ടടുത്തുവെച്ച് പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
തിയേറ്ററിലെത്തിയ താരത്തിന് ആരാധകരും മാനേജ്‌മെന്റും വലിയ വരവേൽപ്പാണ് നൽകിയത്. ജനക്കൂട്ടത്തിനിടയിലൂടെ അകത്തേക്ക് നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി തൊട്ടടുത്തുവെച്ച് പടക്കം പൊട്ടുകയും, ഇതിൽനിന്നുള്ള തീപ്പൊരികൾ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തെറിക്കുകയുമായിരുന്നു. അപകടം മനസിലാക്കിയ താരം ഉടനടി തന്റെ മുഖവും തലയും കൈകൾകൊണ്ട് മറച്ചു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തിന് ചുറ്റും നിന്ന് സുരക്ഷയൊരുക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടകരമായ ഈ അനുഭവത്തിന് ശേഷവും പരിപാടികളുമായി മുന്നോട്ട് പോകാനാണ് ശിവരാജ്കുമാർ തീരുമാനിച്ചത്. ആരാധകരുമായും തിയേറ്റർ മാനേജ്‌മെന്റുമായും സാധാരണ പോലെ സംസാരിച്ച അദ്ദേഹം പരിപാടി വിജയകരമായി പൂർത്തിയാക്കി. എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയെയും മോശം ക്രമീകരണങ്ങളെയും അവർ ശക്തമായി വിമർശിക്കുകയും, പൊതുപരിപാടികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിസന്ധികൾക്കിടയിലും പ്രൊഫഷണലിസം കൈവിടാത്ത താരത്തിന്റെ നിലപാടിനെ നിരവധി പേർ പ്രശംസിച്ചിട്ടുണ്ട്.
മൂത്രാശയ അർബുദ ബാധയെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്ന ശിവരാജ്കുമാർ, ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അടുത്തിടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. രോഗമുക്തി നേടി സിനിമകളിൽ സജീവമാകുന്ന അദ്ദേഹത്തിന്റെ തിരിച്ചുവരവിലെ പ്രധാന ചിത്രങ്ങളിലൊന്നാണ് ‘ബെയിൽ’. കൂടാതെ അദ്ദേഹത്തിന്റെ കാൻസർ അതിജീവനത്തെയും ജീവിതയാത്രയെയും ആസ്പദമാക്കി ‘സർവൈവർ – എ സൂപ്പർസ്റ്റാർ’ എന്ന ഡോക്യുമെന്ററിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തെലുങ്കിൽ ‘പെദ്ദി’, തമിഴിൽ ‘ജയിലർ 2’, ‘പിക്കാസോ’, കന്നഡയിൽ ‘ഡാഡ്’, ‘666 ഓപ്പറേഷൻ ഡ്രീം തിയേറ്റർ’, ‘എ ഫോർ ആനന്ദ്’ തുടങ്ങി നിരവധി ഭാഷകളിലായി വൻകിട ചിത്രങ്ങളുടെ ഭാഗമാണ് നിലവിൽ താരം.