
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്തമകൾ ലൈല അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. പിതാവിനായി ഒരു ഔദ്യോഗിക സ്മാരകം യാഥാർത്ഥ്യമായി കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ബുധനാഴ്ച രാത്രി ലൈലയുടെ വിടവാങ്ങൽ. ബുധനാഴ്ച രാത്രി തന്നെ മൃതദേഹം ജന്മനാടായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ ഇ.എ. റഷീദിന്റെ പത്നിയായ ലൈല, അഞ്ച് പതിറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലായിരുന്നു താമസം. പ്രേംനസീർ വിടപറഞ്ഞ് 37 വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നാട്ടിലോ കേരളത്തിലോ ഔദ്യോഗിക സ്മാരകം നിർമിക്കപ്പെടാത്തതിലുള്ള തീവ്രമായ ദുഃഖം അവർ പലപ്പോഴും പങ്കുവെച്ചിരുന്നു. സ്മാരക നിർമാണത്തിനായി പലപ്പോഴും പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നും യാഥാർത്ഥ്യമാകുന്നില്ലെന്നതായിരുന്നു അവരുടെ പ്രധാന പരിഭവം. ചിറയിൻകീഴിലെ നസീറിന്റെ കുടുംബവീടിന്റെ പേരും മകളുടെ പേരിൽ ‘ലൈല കോട്ടേജ്’ എന്നായിരുന്നു.
2017-ൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ലൈല തന്റെ പിതാവിനെക്കുറിച്ചുള്ള അപൂർവ്വ ഓർമ്മകൾ പൊതുലോകവുമായി പങ്കുവെച്ചത്. ആരെയും വിഷമിപ്പിക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതമായിരുന്നു പ്രേംനസീറിന്റേതെന്നും, സാധാരണക്കാരായ പ്രേക്ഷകർ നൽകുന്ന രണ്ടും അഞ്ചും രൂപയുടെ ടിക്കറ്റുകളാണ് നടന്മാരെ നിലനിർത്തുന്നതെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നെന്നും അവർ അനുസ്മരിച്ചിട്ടുണ്ട്. സിനിമാ ലോകവുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ലെങ്കിലും, കുടുംബം ഏതൊക്കെ സിനിമകൾ കാണണമെന്ന് നസീർ തന്നെയായിരുന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. പറയഞ്ചേരിയിലെ വീട്ടിൽ അദ്ദേഹത്തിന്റെ ചായംതേക്കാത്ത പുഞ്ചിരി തുളുമ്പുന്ന ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ് ഓർമ്മയ്ക്കായി അവർ സൂക്ഷിച്ചിരുന്നത്.