
സോഷ്യൽ മീഡിയയിൽനിന്ന് പൂർണമായി വിട്ടുനിൽക്കുന്നത് ജീവിതത്തിന് വലിയ സമാധാനം നൽകുന്നുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന പുതിയ വെബ്സീരീസ് ആയ ‘#ലവ്’ (-ന്റെ പ്രചാരണപരിപാടിക്കിടെ ‘ദി പൂജ തൽവാർ ഷോ’യിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നിർമാതാവ് സൗന്ദര്യ രജനീകാന്ത്, സഹതാരം അർജുൻ ദാസ് എന്നിവർക്കൊപ്പമാണ് താരം അഭിമുഖത്തിൽ പങ്കെടുത്തത്.
സോഷ്യൽ മീഡിയ ഉപേക്ഷിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ ജീവിതം ഏറെ സന്തോഷകരമാണെന്നും സമാധാനത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും ഐശ്വര്യ പറഞ്ഞു. താൻ വിട്ടുനിൽക്കാൻ കാരണമായ സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, അവ നിരന്തരം കണ്ടു വിഷമിക്കേണ്ടി വരുന്നില്ലെന്നത് വലിയ ആശ്വാസമാണ്. സിനിമയിൽ നിലനിൽക്കാൻ സാമൂഹിക മാധ്യമങ്ങൾ അത്യാവശ്യമാണെന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ അത് തന്റെ മൗലികമായ ചിന്തകളെയും ചെറിയ സന്തോഷങ്ങളെയും പോലും ബാധിച്ചപ്പോഴാണ് പിന്മാറാൻ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേർത്തു. വിസ്മരിക്കപ്പെടാനുള്ള സാധ്യത പൂർണമായി ഏറ്റെടുത്തുകൊണ്ടായിരുന്നു അന്ന് ആ തീരുമാനം എടുത്തത്.
അതേസമയം, പുതിയ കലാകാരന്മാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും സോഷ്യൽ മീഡിയ നൽകുന്ന വലിയ അവസരങ്ങളെയും ഗുണങ്ങളെയും നടി അഭിനന്ദിക്കുന്നുണ്ട്. ഇൻഡസ്ട്രി തിരഞ്ഞെടുത്തില്ലെന്ന് ഇനി പുതിയ തലമുറയ്ക്ക് പരാതി പറയാനാകില്ലെന്നും സ്വന്തം കഴിവ് തെളിയിച്ച് സ്വയം വളരാൻ ഇന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വലിയ തോതിൽ സഹായിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിച്ചു. കേരളത്തിൽ തരംഗമായ ‘വാഴ 2’ ചിത്രത്തിലെ ജനപ്രിയ നായകൻ ഹാഷിറിന്റെ ഉദാഹരണവും അവർ ഇതിനായി എടുത്തുപറഞ്ഞു. എങ്കിലും, വ്യക്തിപരമായ മാനസികാരോഗ്യത്തിന് വേണ്ടി താൻ ഈ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം പൂർണമായി വിട്ടുനിൽക്കുകയാണെന്ന് നടി വ്യക്തമാക്കുന്നു.
തമിഴിൽ ‘ഗാട്ട കുസ്തി 2’, മലയാളത്തിൽ ‘ആശ’, തെലുങ്കിൽ ‘എസ്.വൈ.ജി – സാമ്പരള യേതി ഗട്ടു’ തുടങ്ങിയ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നെറ്റ്ഫ്ലിക്സിൽ വിജയകരമായി സ്ട്രീം ചെയ്യുന്ന ‘#ലവ്’ ആണ് താരത്തിന്റെ പുതിയ വെബ്സീരീസ്.
ഐശ്വര്യയുടെ വാക്കുകൾ;
“കാര്യങ്ങളെല്ലാം ശരിയായ രീതിയിൽ വരുന്നുണ്ട്. ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന സമയത്തേക്കാൾ ഏറെ സമാധാനമുണ്ട്. ഞാൻ സോഷ്യൽ മീഡിയ വിടാൻ കാരണമായ കാര്യങ്ങൾ ഇപ്പോഴും ചെറിയ അളവിലെങ്കിലും നിലനിൽക്കുന്നുണ്ടെന്ന് എനിക്കറിയാം. എങ്കിലും ഞാൻ എപ്പോഴും അത് നോക്കിക്കൊണ്ടിരിക്കുന്നില്ല, അതുപോലെയുള്ള കാര്യങ്ങൾ കണ്ട് വിഷമിക്കേണ്ടി വരുന്നില്ല. മൊത്തത്തിൽ എന്റെ ജീവിതം ഇപ്പോൾ മികച്ച അവസ്ഥയിലാണ്.
നിരവധി കണ്ടന്റ് ക്രിയേറ്റർമാരെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ അധികാരം അവരുടെ കൈയിലാണ്. ഇൻഡസ്ട്രി നിങ്ങളെ തിരഞ്ഞെടുത്തില്ല എന്ന് ഇനി നിങ്ങൾക്ക് പറയാനാകില്ല എന്ന് പറയുന്ന ഒരു ലേഖനം ഞാൻ അടുത്തിടെ വായിച്ചു. നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും, ആരും ശ്രദ്ധിക്കാത്ത രീതിയിൽ സ്വയം വളർന്നു വരാനുമുള്ള വഴി ഇപ്പോൾ നിങ്ങളുടെ പക്കലുമുണ്ട്. കേരളത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ ‘വാഴ 2’ -ൽ നായകനായത് വളരെ ജനപ്രിയനായ ഹാഷിർ എന്ന ഇൻഫ്ലുവൻസറാണ്. ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. തീർച്ചയായും ആ വശം ഞാൻ കാണുന്നുണ്ട്. എങ്കിലും, വ്യക്തിപരമായി ഞാൻ അതിൽ നിന്നും പൂർണ്ണമായി പിന്മാറി.