നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം ; നടിക്കെതിരെ പുരുഷ സംഘടന

','

' ); } ?>

നിർമാതാവ് സഞ്ജയ് കോലിക്കെതിരെ താൻ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന നടി ശിൽപ്പാ ഷിൻഡെയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ. ഒരു പോഡ്‌കാസ്റ്റിലൂടെ താരം നടത്തിയ ഈ കുറ്റസമ്മതത്തെത്തുടർന്ന്, ശിൽപ്പയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പുരുഷാവകാശ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എൻസിഎം ഇന്ത്യ കൗൺസിൽ ഫോർ മെൻ അഫയേഴ്സ്’ (NCM India Council for Men’s Affairs) എന്ന എൻജിഒ ആണ് മുംബൈ പോലീസിനോട് എക്സിലൂടെ (ട്വിറ്റർ) ഈ ആവശ്യം ഉന്നയിച്ചത്.

വർഷങ്ങൾക്ക് മുമ്പ് സൂപ്പർഹിറ്റ് ടെലിവിഷൻ സിറ്റ്കോമായ ‘ഭാഭിജി ഘർ പർ ഹേ’യുടെ നിർമാതാവിനെതിരെയാണ് ശിൽപ്പ ആരോപണം ഉന്നയിച്ചിരുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇത് തികച്ചും വ്യാജമായിരുന്നുവെന്ന് നടി ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ജോലി ചെയ്തതിനുള്ള പ്രതിഫലം നിർമാതാവ് നൽകാതിരുന്നതിനെത്തുടർന്നാണ് താൻ പോലീസിനെ സമീപിച്ചതെന്ന് ശിൽപ്പ വ്യക്തമാക്കുന്നു. എന്നാൽ, കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെങ്കിൽ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.

നിയമപരമായ നടപടിക്രമങ്ങൾ മനസ്സിലാക്കിയാണ് അന്ന് അത്തരമൊരു നീക്കം നടത്തിയതെന്നും, താൻ എന്താണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടോ എന്ന് സുഹൃത്തുക്കൾ പോലും അന്ന് ചോദിച്ചിരുന്നതായും ശിൽപ്പ പോഡ്കാസ്റ്റിൽ തുറന്നുപറഞ്ഞു.

നടിയുടെ ഈ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. സ്വാർഥപരമായ താല്പര്യങ്ങൾക്ക് വേണ്ടി ഒരു പുരുഷന്റെ ജീവിതം തകർത്ത ശിൽപ്പ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നാണ് ഒരു വിഭാഗം വിമർശിക്കുന്നത്. ഇവരെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും, അനാവശ്യമായി വേട്ടയാടപ്പെട്ട നിർമാതാവ് നടിക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്നുമുള്ള ആവശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശക്തമായി ഉയരുന്നുണ്ട്.