
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങി തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന ‘ദൃശ്യം 3’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ട്രോളുകളോട് പ്രതികരിച്ച് സംവിധായകൻ ജീത്തു ജോസഫ് രംഗത്തെത്തി. ചിത്രത്തിൽ ജോർജുകുട്ടിയെ കുടുക്കാൻ എത്തുന്ന മാധ്യമപ്രവർത്തകയും സഹദേവന്റെ മകളുമായ കഥാപാത്രത്തെ അവതരിപ്പിച്ച വീണ നന്ദകുമാറിനെ ‘ബക്കറ്റ് സ്റ്റാർ’ എന്ന് വിളിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾ ഉയർന്നിരുന്നു. സിനിമയിൽ കൈയിലൊരു ബക്കറ്റുമായി താരം പ്രത്യക്ഷപ്പെടുന്ന സീനുകളെക്കുറിച്ചുള്ള ഈ ട്രോളുകൾ താൻ മുൻകൂട്ടി കണ്ടിരുന്നുവെന്നും ഇതൊരു തമാശയായിട്ടാണ് കാണുന്നതെന്നും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് വ്യക്തമാക്കി.
ഷൂട്ടിങ് സമയത്ത് ആലോചിച്ച ഒരു രംഗത്തിന്റെ പശ്ചാത്തലമാണ് ഈ ബക്കറ്റിന് പിന്നിലെന്നും സംവിധായകൻ വിശദീകരിച്ചു. ജോർജുകുട്ടി ഈ കഥാപാത്രത്തെ ആദ്യമായി തിരിച്ചറിയുന്ന തീവ്രമായ രംഗത്തിന്റെ ബാക്ഗ്രൗണ്ടിൽ വീണയുടെ കഥാപാത്രം വണ്ടി കഴുകുന്നതായിട്ടായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അതിനാണ് താരം ബക്കറ്റുമായി വരുന്നത്. എന്നാൽ അത്രയും ഗൗരവമുള്ളൊരു സീനിന് പിന്നിൽ വണ്ടി കഴുകുന്നത് കാണിച്ചാൽ പ്രേക്ഷകരുടെ ശ്രദ്ധ മാറുമെന്നതിനാലാണ് ആ ഭാഗം ഒഴിവാക്കിയത്. ഷൂട്ടിങ് കഴിഞ്ഞ് സ്പോട്ട് എഡിറ്റിങ് നടത്തുമ്പോൾ തന്നെ എഡിറ്റർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും ട്രോൾ വരുമെന്ന് തങ്ങൾ ഉറപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമ റിലീസായ ശേഷം ‘സാറേ, എന്നെ എല്ലാവരും ബക്കറ്റ് സ്റ്റാർ എന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞ് വീണ തന്നെ വിളിച്ചിരുന്നു. മാധ്യമങ്ങളിൽ ഇങ്ങനെ ലൈവായി നിൽക്കാൻ സാധിക്കുന്നത് നല്ലതല്ലേ എന്നാണ് താൻ മറുപടി നൽകിയതെന്നും സിനിമയുടെ ഭാഗമായി വരുന്ന ഇത്തരം കാര്യങ്ങളെല്ലാം തികച്ചും പോസിറ്റീവായി മാത്രമാണ് കാണുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. മുൻപ് ഇറങ്ങിയ രണ്ട് ഭാഗങ്ങളെയും പോലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ദൃശ്യം 3 മുന്നേറുമ്പോഴും ചിത്രത്തിലെ ചില ഭാഗങ്ങളെച്ചൊല്ലി വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട് എന്നതിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്റെ ഈ തുറന്നുപറച്ചിൽ.