പട്ടാഭിരാമന്റെ നായിക ഷീലു എബ്രഹാം

https://youtu.be/YGwAG8Iae2U

വളരെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയ നായികയാണ് ഷീലു എബ്രഹാം. ആടുപുലിയാട്ടത്തിന് ശേഷം ജയറാമിന്റെ നായികയായിട്ട് പട്ടാഭിരാമനിലൂടെ വീണ്ടമെത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. കൂടാതെ ദിലീപ് ചിത്രം ശുഭരാത്രി, അമിഗോസ്, അല്‍മല്ലു തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് ഷീലുവിനിപ്പോള്‍. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് ഷീലു എബ്രഹാം.

  • പട്ടാഭിരാമനിലെ കഥാപാത്രത്തെക്കുറിച്ച്?

ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിനീത എന്നാണ്. ഒരു പാവം ചായകടക്കാരന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്. ആടുപുലിയാട്ടത്തിന് ശേഷം ഞാന്‍ ജയറാമേട്ടന്റെ ഭാര്യയായിട്ട് പട്ടാഭിരാമനിലൂടെ വീണ്ടുമെത്തുകയാണ്. പക്ഷെ ആടുപുലിയാട്ടില്‍ നിന്നും വ്യത്യസ്ഥമായിട്ടുള്ള ക്യാരക്ടറാണ് വിനീതയുടെത്. ചായക്കടക്കാരന്റെ മകളായി ജനിച്ച് ആ ജോലിയുമായി മുമ്പോട്ട് പോവുകയാണ് വിനീത. വളരെപെട്ടന്ന് അവിചാരിതമായി ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന വിനീതയ്ക്കുണ്ടാകുന്ന മാറ്റങ്ങളാണ് എന്റെ ക്യാരക്ടറിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍.

  • ആടുപുലിയാട്ടത്തിന്റെ ക്രൂവിനൊപ്പം വീണ്ടുമെത്തുകയാണ്. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്..

എനിക്ക് ഇവര്‍ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ് ഒരു പുതുമയായി തോന്നിയില്ല. കാരണം ആടുപുലിയാട്ടത്തിലെ അതേ ടീമായിരുന്നു. കണ്ണന്‍ താരമക്കുളം, ജയറാമേട്ടന്‍, ദിനേശ് പള്ളത്ത് കൂട്ടുകെട്ടായിരുന്നു ആടുപുലിയാട്ടത്തില്‍. അതിനാല്‍ തന്നെ എനിക്ക് പട്ടാഭിരാമന്‍ വളരെ ഹാപ്പിയായിട്ട്, ഈസിയായിട്ട് ചെയ്യാന്‍ സാധിച്ചു. അഭിനയത്തിന്റെതായിട്ടുള്ള ഒരു ടെന്‍ഷനും ഡയറക്ടറുടെ സൈഡില്‍ നിന്നൊ അല്ലെങ്കില്‍ നായകന്റെ സൈഡില്‍ നിന്നോ ഒന്നും ഉണ്ടായില്ല. വളരെ ഹാപ്പിയായിട്ട് അഭിനയിക്കാന്‍ സാധിച്ചു.

  • ഒരേസമയം തന്നെ രണ്ട് സൂപ്പര്‍ താരങ്ങളായ ദിലീപേട്ടന്‍, ജയറാമേട്ടന്‍ എന്നിവരുടെ കൂടെ അഭിനയിച്ചു. ഇവര്‍ രണ്ടുപേരിലും ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നിയ ആക്ടര്‍ ആരാണ്..

ദിലീപേട്ടന്റെ കൂടെ ഞാന്‍ ആദ്യമായിട്ട് ചെയ്യുന്ന സിനിമയാണ് ശുഭരാത്രി. ഒരു ഡോക്ടറുടെ വേഷത്തിലാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്. ഒരു കാര്‍ഡിയോളജിസ്റ്റാണ്. ഷീല എബ്രഹാം എന്നാണ് ക്യാരക്ടറിന്റെ പേര്. വളരെ പ്രധാനപ്പെട്ടൊരു ക്യാരക്ടറാണ്. ദിലീപേട്ടന്റെ കൂടെ ആദ്യമായിട്ടാണ് അഭിനയിക്കുന്നത് എന്നുള്ള ടെന്‍ഷനൊന്നുമില്ലായിരുന്നു. കാരണം ദിലീപേട്ടനുമായും കാവ്യയുമായും വളരെ അടുത്തബന്ധം എനിക്കയ്ക്കുണ്ട്. ഇടയ്ക്ക് ഇവരെ കാണാറുണ്ട്, സംസാരിക്കാറുണ്ട്. അതിനാല്‍ തന്നെ ആദ്യമായിട്ട് കൂടെ അഭിനയിക്കുന്ന വ്യക്തി എന്നിങ്ങനെയുള്ള ബുദ്ധിമുട്ടൊന്നും എനിക്കുണ്ടായിരുന്നില്ല. ഒരു അഭിനേതാവെന്ന നിലയില്‍ ദിലീപേട്ടന്റെ കൂടെ വളരെ ഈസിയായിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റി.വളരെയധികം സപ്പോര്‍ട്ട് ചെയ്യും. ഒരു സിംപിള്‍ പേഴ്‌സണാലിറ്റിയാണ് ദിലീപേട്ടന്‍. ഒരു ആക്ടര്‍ എന്ന നിലയിലുള്ള ജാഡയൊന്നും ഇല്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതിനാല്‍ തന്നെ വളരെ ഹാപ്പിയായിട്ട് ശുഭരാത്രി ചെയ്യാന്‍ സാധിച്ചു. ജയറാമേട്ടന്റെ കൂടെ ആടുപുലിയാട്ടത്തില്‍ അഭിനയിച്ച എക്‌സ്പീരിയന്‍സുണ്ടായിരുന്നു. രണ്ട് സിനിമയിലും തുല്യമായ കഥാപാത്രം. രണ്ട്‌പേരെയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. രണ്ട്‌പേരുടെ കൂടെയും അഭിനയിക്കുമ്പോള്‍ വളരെ ഹാപ്പിയായിരുന്നു.

  • വിനീതയും ഷീലയും തമ്മിലുള്ള വ്യത്യാസം എന്താണ്…

ഷീല എന്ന ക്യാരക്ടര്‍ ഡോക്ടറാണ്. വിനീത ഒരു ചായക്കടക്കാരന്റെ മകളാണ്. വലിയ അറിവൊന്നുമില്ലാത്ത മോഡേണായിട്ടുള്ള സംരംഭങ്ങളൊന്നും കാണാത്തൊരു വ്യക്തി. ആ വ്യക്തി പെട്ടന്ന് പട്ടാഭിരാമന്‍ എന്ന ധനികന്റെ ലൈഫിലേയ്ക്ക് കടന്നു വരുകയാണ്. മിയ അവതരിപ്പിക്കുന്ന കഥാപാത്രമായ തനൂജ വര്‍മ്മയെ കണ്ട് കഴിയുമ്പോഴാണ് വിനീതയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. അങ്ങനെയൊരു വ്യക്തിയാണ് വിനീത. ഓര്‍ഫനേജ്‌പോലെയുളള സ്ഥലത്ത് നിന്ന് വളര്‍ന്നുവന്നൊരു വ്യക്തിയാണ് ഡോക്ടര്‍ ഷീല. സിംപ്ലിസിറ്റി രണ്ട് കഥാപാത്രങ്ങളിലുമുണ്ട്.

  • ഏകദേശം ഒരേസമയത്താണ് രണ്ട് സിനിമയും ഷൂട്ടിംഗ് നടക്കുന്നത്. ഒരേസമയം രണ്ട് കഥാപാത്രമായി മാറാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ..

അങ്ങനെയൊന്നും എനിക്കൊരിക്കലും തോന്നാറില്ല. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് മാത്രമല്ലെ ചിന്തിക്കൂ… കോസ്റ്റിയൂംസ് ഇടുമ്പോള്‍ തന്നെ നമ്മള്‍ അങ്ങനെയായി മാറുകയാണ്. എനിക്കങ്ങനെയൊരു ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല.

  • വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചുള്ളുവെങ്കിലും ചിത്രങ്ങളെല്ലാം മലയാളത്തിലെ മികച്ച താരങ്ങളോടൊപ്പം. എന്തുതോന്നുന്നു?

മിക്ക താരങ്ങളോടുമൊപ്പം അഭിനയിക്കാന്‍ പറ്റി എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. സീനിയറായിട്ടുള്ള ആള്‍ക്കാരുടെ ഒപ്പമാണ് കൂടുതലായിട്ടും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത്. ദുല്‍ഖറിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അല്ലാതെ യുവതലമുറയിലുള്ളവരുടെ കൂടെ അധികം അഭിയിച്ച ഓര്‍മ്മ എനിക്കില്ല. എല്ലാം ദൈവാനുഗ്രഹം.

  • ചെയ്തതില്‍ കൂടുതലും പോലീസ് കഥാപാത്രങ്ങള്‍. ഇത്തരം കഥാപാത്രങ്ങളോടാണോ കൂടുതല്‍ താല്‍പ്പര്യം?

വളരെ സിംപിളായിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷെ എനിക്ക് വരുന്ന ക്യാരക്ടേഴ്‌സൊക്കെ കുറച്ച് സ്‌ട്രോംഗായിട്ടുള്ളതാണ്. പോലീസ് വേഷം ചെയ്യുമ്പോള്‍ നന്നായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാവാം. അതായിരിക്കാം വീണ്ടും പോലീസ് വേഷം തന്നെ വരുന്നത്. അമിഗോസ് എന്ന സിനിമയില്‍ ഇപ്പോള്‍ ഞാന്‍ പോലീസ് വേഷത്തില്‍ അഭിനയിച്ചുകഴിഞ്ഞു. ഇപ്പോള്‍ വീണ്ടും പോലീസ് വേഷത്തില്‍ അഭിനയിക്കാനായിട്ട് ഒരു ഓഫര്‍ വന്നു കഴിഞ്ഞു. അത് ഞാന്‍ വേണോ വേണ്ടയോ എന്ന് ആലോചിക്കുകയാണ്. കാരണം തുടര്‍ച്ചയായി പോലീസ് വേഷങ്ങള്‍ ചെയ്ത് എനിക്ക് തന്നെ ബോറായി തുടങ്ങിയിട്ടുണ്ട്.

  • അബാം മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനി. എങ്ങനെയാണ് ഇതിലേയ്ക്ക് എത്തുന്നത്?

ഭര്‍ത്താവ് ബിസ്സിനസ്സുകാരനാണ്. പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ച് കുറേകാലം മുന്നേ ആലോചന ഉണ്ടായിരുന്നു. പിന്നീട് ട്രൈ ചെയ്തു. ഒന്നു രണ്ട് പരാജയങ്ങള്‍ സംഭവിച്ചു. അപ്പോള്‍ ആ പരാജയത്തെ മറികടക്കാന്‍ വീണ്ടും ചെയ്തു. അതില്‍ ഒന്നു രണ്ട് ഹിറ്റൊക്കെ സംഭവിച്ചു. അങ്ങനെ മുന്നോട്ട് പോവുന്നു.

  • ഒരു ബിസിനസ്സില്‍ പാര്‍ട്ടായിട്ടുള്ള വ്യക്തിക്ക് എങ്ങനെയാണ് ഇങ്ങനെ കൂളായിട്ട് ഇരിക്കാന്‍ പറ്റുന്നത്?

എനിക്കങ്ങനെ ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റെ പാര്‍ട്ടാണെന്നൊന്നും തോന്നിയിട്ടില്ല. അത്‌കൊണ്ടാണ് കൂളായിട്ട് ഇരിക്കുന്നത്. വളരെ സിംപിളായിട്ട് ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നൊരു വ്യക്തിയാണ് ഞാന്‍. ബിസിനസ്സില്‍ ഉണ്ട് പക്ഷെ അത് ഇങ്ങനെ ചിന്തിച്ച് ഞാന്‍ നടക്കാറില്ല. വീട്, കുടുംബം, സിനിമ എന്നീ കാര്യങ്ങളാണ് ഞാന്‍ ഡെഡിക്കേറ്റഡായിട്ട് ചെയ്യുന്നത്. ഈ ബിസിനസ്സൊക്കെ എന്റെ തലയിലാണെന്ന് ഞാന്‍ പറഞ്ഞ്‌നടന്നിട്ട് വല്ല കാര്യവുമുണ്ടോ..? ഇതൊക്കെ തീരാന്‍ അധിക സമയമൊന്നും വേണ്ടെന്നേ…(ചിരിക്കുന്നു)..

  • പൊതുവേ കല്ല്യാണം കഴിഞ്ഞാല്‍ നായികമാര്‍ക്ക് അങ്ങനെ അവസരം കിട്ടാറില്ല. നേരെ മറിച്ചാണ് താങ്കളുടെ കാര്യത്തില്‍ സംഭവിച്ചത്. എന്താണത്?

എനിക്ക് തോന്നുന്നത് ആരും ആരെയും റിജക്ട് ചെയ്യാറില്ല. ഇതെല്ലാം ഒരു ഭാഗ്യമായിട്ടേ എനിക്ക് തോന്നുന്നുള്ളു. സിനിമ ഒരാള്‍ മാത്രം ചിന്തിച്ചാല്‍ നടക്കുന്ന കാര്യമല്ല, ഒരു ടീംവര്‍ക്കാണ്. നമ്മളെ ആ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യണമെങ്കില്‍ അതിന്റെ പിന്നില്‍ വേറെ ഒരുപാട് കാരണങ്ങളുണ്ടാവും. ആ ഒരു ക്യാരക്ടറിന് എല്ലാംകൊണ്ടും അനുയോജ്യയാണെന്നും പലര്‍ക്കും തോന്നന്നണം. അല്ലെങ്കില്‍ ആ മുഴുവന്‍ ടീം നമ്മളെ അംഗീകരിക്കണം. അതിലേയ്ക്ക് വന്നുചേരാന്‍ പറ്റുന്നത് വലിയ ഭാഗ്യമാണ്.

  • നമ്മുടെ സ്വന്തം പ്രൊഡക്ഷനില്‍ ചെയ്യുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്നുള്ളൊരു ധാരണയുണ്ട്. അത് നെഗറ്റീവായിട്ട് വരാറുണ്ടോ…

തീര്‍ച്ചയായിട്ടും. എനിക്ക് പ്രൊഡക്ഷന്‍ കമ്പനി ഉണ്ടെന്നും ഞാന്‍ എന്റെ സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രൊഡ്യൂസറുടെ ഭാര്യ എന്ന ലേബല്‍ സിനിമയിലുള്ളവരും മാധ്യമങ്ങളും വെച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ വെച്ചിട്ടില്ല. ആ വെച്ചിരിക്കുന്നൊരു ലേബലാണ് എന്റെ നെഗറ്റീവ്. ഒരു നടി പ്രൊഡ്യൂസറാണെന്നു പറയുമ്പോള്‍ ആ രീതിയിലേ പിന്നെ കാണൂ എന്നാണ് എനിക്ക് തോന്നുന്നത്. ഞാനൊരു പ്രൊഡ്യൂസറുടെ ഭാര്യയാണെന്ന് സിനിമ കാണുന്ന സാധാരണക്കാര്‍ക്ക് അറിയുകയുണ്ടാവില്ല . ഷീലു എബ്രഹാം എന്ന പേരില്‍ ഒരു സിനിമപോലും ഇറങ്ങിയിട്ടില്ല. എന്റെ ഭര്‍ത്താവിന്റെ പേരിലുള്ള കമ്പനിയെക്കുറിച്ച് ജനങ്ങള്‍ക്കറിയില്ല. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് അറിയാം. അതൊരു നെഗറ്റീവായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ജനങ്ങള്‍ ഇഷ്ടപ്പെട്ടത്‌കൊണ്ട് എനിക്ക് ചാന്‍സ് ലഭിക്കില്ല, ഫിലിം ഇന്‍ഡസ്ട്രിയിലുള്ള അതുമായി ബന്ധപ്പെട്ടുള്ള ആള്‍ക്കാരാണ് അത് തരേണ്ടത്. അവരുടെ മനസ്സില്‍ ഞാനൊരു പ്രൊഡ്യൂസറുടെ ഭാര്യയാണെന്ന ചിന്തയുണ്ട്. ഒരു ആക്ട്രസ്സ് എന്ന രീതിയില്‍ എന്നെ അത് പലപ്പോഴും ബാധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ പൊതുസ്ഥലങ്ങളില്‍ എന്നെ കാണുമ്പോള്‍ ഒരിക്കലും ചോദിച്ചിട്ടില്ല ഞാനൊരു പ്രൊഡ്യൂസറല്ലെ എന്ന്. ഒരു അഭിനേത്രി എന്ന രീതിയില്‍ പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ സിനിമാ മേഖലയിലുള്ളവര്‍ അത് ചെയ്യുന്നില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം.

  • ചേച്ചി അഭിനയം, ഭര്‍ത്താവ് ബിസിനസ്സ്. അപ്പോള്‍ കുടുംബവുമൊത്തുള്ള മറക്കാനാവാത്ത നിമിഷങ്ങള്‍..

ഭര്‍ത്താവ് തിരക്കുള്ള ആള്‍ തന്നെയാണ്. പക്ഷെ അതിനൊപ്പം കുടുംബവും മക്കളുടെ കാര്യവും എന്റെ കാര്യവുമെല്ലാം നോക്കുന്നൊരു മനുഷ്യനാണ്. തിരക്കുകളെയൊക്കെ കൈകാര്യം ചെയ്ത് നല്ല രീതിയില്‍ പോകാറുണ്ട്. തിരക്കുകളൊക്കെ മാറ്റിവെച്ച് ഞങ്ങള്‍ യാത്രകളൊക്കെ നടത്താറുണ്ട്. ഞങ്ങള്‍ അധികവും പോകാറുള്ളത് യുഎഇയിലാണ്. കാരണം അദ്ദേഹത്തിന് ബിസിനസ്സുമായി ബന്ധപ്പെട്ട് അങ്ങോട്ട് പോകാനുണ്ടാവും. അപ്പോള്‍ പലപ്പോഴും ഞങ്ങളും കൂടെകൂടാറുണ്ട്. പിന്നെ മുംബൈയില്‍ സെറ്റില്‍ഡായിരുന്നു. അതിനാല്‍ മുംബൈ ട്രിപ്പും എല്ലായ്‌പ്പോഴും ഉണ്ടാവാറുണ്ട്. കേരളം വളരെ ഇഷ്ടമായത്‌കൊണ്ട് പല സ്ഥലങ്ങളിലേക്കും പോകാറുണ്ട്. ബിസിനസ്സുള്ളതിനാല്‍ വലിയ യാത്രകളൊന്നും നടത്താറില്ല.

  • മക്കളെക്കുറിച്ച്

എനിക്ക് രണ്ട് മക്കളാണുള്ളത്. മകളുടെ പേര് ചെല്‍സി. എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. മകന്‍ നീല്‍ എബ്രഹാം. ആറാംക്ലാസില്‍ പഠിക്കുന്നു.

  • ഷൂട്ടിന്റെ തിരക്കില്‍ കുട്ടികളെ മിസ്സ് ചെയ്യുന്നതായി തോന്നാറില്ലെ?

ഞാനങ്ങനെ വലിയ തിരക്കുള്ള ആളൊന്നുമല്ലല്ലൊ…ഇപ്പോള്‍ രണ്ടു മൂന്ന് മാസമായിട്ട് പെട്ടന്ന് വന്ന തിരക്കാണ്. അതിനു മുന്‍പേ ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു മൂന്ന് മാസമായിട്ട് ഞാന്‍ നാല് സിനിമ ചെയ്തു. ആ ഒരു തിരക്ക് നന്നായിട്ടുണ്ടായിരുന്നു. ആ സമയത്ത് ഒരാഴ്ച്ച ഞാന്‍ അബുദാബിയിലായിരുന്നു ഒരു ഷൂട്ടുമായി ബന്ധപ്പെട്ട്. പിന്നെ ഇപ്പോള്‍ തിരുവനന്തപുരത്ത് പട്ടാഭിരാമന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ഒരു ഇരുപത് ദിവസത്തോളം നില്‍ക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു. തുടര്‍ച്ചയായുള്ള ഒരു മാറിനില്‍പ്പായിരുന്നില്ല. ഇടയ്ക്ക് എനിക്ക് തിരിച്ച് വരാന്‍ പറ്റുന്നുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികളെ അധികമായിട്ട് മിസ്സ് ചെയ്തിരുന്നില്ല. ഹസ്‌ബെന്‍ഡാണ് ആ സമയങ്ങളില്‍ കുട്ടികളെ നോക്കാറ്. ആദ്യമായിട്ടാണ് ഇങ്ങനെ തിരക്കിലായത്. നല്ല ക്യാരക്ടേഴ്‌സ് വരുമ്പോള്‍ അതിനെ വേണ്ടെന്നു വെയ്ക്കാന്‍ തോന്നിയില്ല. എല്ലാം ഹസ്‌ബെന്‍ഡിന്റെ സപ്പോര്‍ട്ടുള്ളത്‌കൊണ്ടാണ് ചെയ്യാന്‍ പറ്റിയത്.

  • അല്‍മല്ലു, അമിഗോസ് ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച്..

അമിഗോസില്‍ ഞാന്‍ ഐപിഎസ് ഉദ്യോഗസ്ഥയായിട്ടാണ് എത്തുന്നത്. ഒരു പോലീസ് ഓഫീസറിന്റെ മാനറിസ്സങ്ങളെല്ലാം ഉള്ള ഒരു ക്യാരക്ടര്‍. കൃഷ്ണശങ്കറും ശബരീഷ് വര്‍മ്മയുമാണ് അതിലെ ഹീറോസ്. നവാഗതനായ കിരണ്‍ ആര്‍ നായരാണ് അമിഗോസ് സംവിധാനം ചെയ്യുന്നത്. നമിതാ പ്രമോദ് നായികയായെത്തുന്ന ചിത്രമാണ് അല്‍മല്ലു. ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പ്രവാസിയുടെ വേഷത്തിലാണ് ഞാന്‍ ചിത്രത്തിലെത്തുന്നത്. ദുബൈപോലുള്ള സ്ഥലത്ത് ജോലി ചെയ്യുന്ന ഒരു ബോള്‍ഡായിട്ടുള്ള ഒരു ഡോക്ടറായിട്ടാണ് ഞാന്‍ അല്‍മല്ലുവില്‍.

  • നൃത്തത്തെക്കുറിച്ച്..

കഴിഞ്ഞ വര്‍ഷം വരെ നൃത്തം പഠിച്ചിരുന്നു മുംബൈ ഭാരതി യൂണിവേഴ്‌സിറ്റിയില്‍. നാട്ടിലേക്ക് വന്നപ്പോള്‍ അത് മുടങ്ങി. ഇവിടെ എത്തിയപ്പോള്‍ പഠനം തുടരാനൊരു സാഹചര്യം കിട്ടിയില്ല. അത്‌കൊണ്ട് ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. കഴിഞ്ഞ വര്‍ഷം വരെ നൃത്തം പ്രൊഫഷണലി ചെയ്തു. ഇനിയും പഠിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. നോക്കാം.

  • സ്വയമെടുത്ത തീരുമാനമാണോ അഭിനയം..

സ്വന്തമായിട്ടുള്ള ഒരു ഇഷ്ടമായിരുന്നു അഭിനയം. ചെറുപ്പം മുതലേ എനിയ്ക്ക് ഓഫറുകള്‍ വന്നിരുന്നു. അല്ലാതെ പെട്ടെന്നൊരു നിമിഷം എന്നാല്‍ പോയ് അഭിനയിച്ചേക്കാം എന്നൊന്നും വിചാരിച്ച് അഭിനയിക്കാന്‍ പോയതല്ല. പതിനാറാം വയസ്സിലൊക്കെ എനിക്ക് സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. ചെറിയ തോതിലുള്ള മോഡലിംഗ് ഉണ്ടായിരുന്നു. ഒപ്പം ഒരു മാഗസിനില്‍ കവര്‍ പേജിലും ഞാന്‍ വന്നു. യാഥാസ്ഥിതികമായിട്ടുളള ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച എന്നെ അതിനൊന്നും സമ്മതിച്ചിരുന്നില്ല. പിന്നീട് ഞാന്‍ പഠന കാര്യങ്ങളും ജോലിയുമൊക്കെയായി പുറത്തേക്ക് പോവുന്നു. നഴ്‌സായിരുന്നു ഞാന്‍. അതില്‍ നിന്ന് വിട്ട് പിന്നീട് വിവാഹ ജീവിതത്തിലേക്ക് വരുന്നു. പിന്നെ മറ്റൊരു ജീവിതമായി. അങ്ങനെ കുട്ടികളൊക്കെയായി വീട്ടില്‍ വെറുതേ ഇരിക്കുന്ന സമയത്താണ് അഭിനയത്തിലേക്ക് പ്രവേശിക്കുന്നത്. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന നമുക്ക് ലഭിക്കാതെ പോയ കാര്യങ്ങളൊക്കെ ചില സമയങ്ങളില്‍ തിരിച്ചുവരും. അങ്ങനെയാണ് ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ സപ്പോര്‍ട്ടോട് കൂടിതന്നെയാണ് എല്ലാം.