ഷീലയ്ക്കും ശ്രീകുമാരന്‍ തമ്പിയ്ക്കും പത്മ നല്‍കണം

നടി ഷീലയേയും ശ്രീകുമാരന്‍ തമ്പിയേയും കേരളം പത്മ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിക്കണമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഒരു ജീവിതം മുഴുവന്‍ മലയാളസിനിമക്ക് സമര്‍പ്പിച്ചവരാണവര്‍. പത്മപുരസ്‌കാരത്തിന്റെ വലുപ്പമല്ല, അര്‍ഹതക്കുള്ള ഏതംഗീകാരവും ആസ്വദിക്കുന്ന ചെറുപ്പമുള്ള മനസ്സുണ്ട് ഇന്നും രണ്ടാള്‍ക്കും എന്നതുകൊണ്ടാണ് പറയുന്നതെന്നും ശാരദക്കുട്ടി പറയുന്നു. ശാരദക്കുട്ടിയുടെ എഴുത്തിന്റെ പൂര്‍ണ്ണരൂപം താഴെ…

എത്ര നിഷ്‌കളങ്കമായാണ് , അതിലേറെ ആത്മവിശ്വാസത്തോടെയാണ് പ്രിയഅഭിനേത്രി ഷീല മലയാളികളോട് പറയുന്നത് ദേശീയ തലത്തിലുള്ള പത്മ പുരസ്‌കാരത്തിനു വേണ്ടി തന്റെ പേര് ശുപാര്‍ശ ചെയ്യൂ എന്ന് . പ്ലീസ് എന്നു പറഞ്ഞാണ് ആ കലാകാരി അതാവശ്യപ്പെടുന്നത്. അവര്‍ക്കറിയാം മലയാള സിനിമക്ക് താനാരാണെന്ന് .. ആരായിരുന്നുവെന്ന് . മികച്ച ഒരു കലാകാരിയെ വേണ്ട തരത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത നമ്മുടെ പുരസ്‌കാര നിര്‍ണ്ണയ സംവിധാനങ്ങളെ ഓര്‍ത്ത് എനിക്ക് ലജ്ജ തോന്നി. മലയാള സിനിമയില്‍ അവര്‍ ചെയ്ത കരുത്തേറിയ കഥാപാത്രങ്ങളെ ഇന്നു കാണുമ്പോഴും ഇതിലും ഗംഭീരമാക്കാനാവില്ല എന്നു തന്നെയേ തോന്നുന്നുള്ളു.. പൈങ്കിളി പ്രണയ ചിത്രങ്ങള്‍ നൂറുകണക്കിനുണ്ടാകും അതു വിടു.

എഴുതാത്ത കഥയിലെ കായംകുളം കമലമ്മ, ഒരു പെണ്ണിന്റെ കഥയിലെ ഗായത്രീദേവി, അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനി, അകലെയിലെ മാര്‍ഗററ്റ് . വാഴ്വേ മായത്തിലെ സരള, ഞാനോര്‍മ്മിപ്പിക്കേണ്ടതില്ലാത്തവ. എണ്ണിയാല്‍ തീരാത്തവ ഇനിയുമേറെയുണ്ട്. കാമിനിയായും വെപ്പാട്ടിയായും വേശ്യയായും ഭാര്യയായും നര്‍ത്തകിയായും ഷീല തന്റെ സര്‍ഗ്ഗാത്മക ശരീരത്തെ വിഭജിച്ചു. പ്രതിച്ഛായയുടെയോ സദാചാര ബോധത്തിന്റെയോ ഭാരം കൂടാതെ ഇവര്‍ കഥാപാത്രങ്ങളെ സ്വീകരിച്ചു. സമാനതകളില്ലാത്ത ഉടലെടുപ്പ് ഷീലക്ക് അഭിനയ ജീവിതത്തില്‍ നല്‍കിയ മേല്‍ക്കൈ മറ്റധികം നടികള്‍ക്ക് അവ കാശപ്പെടാനാവുന്നതല്ല.
അരപ്പതിറ്റാണ്ടോളം ചലച്ചിത്ര രംഗത്തു സജീവമായിരുന്നിട്ടുപോലും മലയാളത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് ഷീലയുടെ പേര് നിര്‍ദ്ദേശിക്കപ്പെടുന്നില്ല. (അകലെയിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്‌കാരമാണ് ആകെ ഷീലക്ക് കിട്ടിയ ദേശീയ പുരസ്‌കാരം). ഷീല അഭിനയിച്ച കച്ചവടസിനിമകളില്‍ അവര്‍ സിനിമയെന്ന വ്യവസായത്തെ വിജയകരമാക്കുന്ന അവിഭാജ്യ ഘടകമായപ്പോള്‍ മലയാളത്തിലെ മികച്ച സാഹിത്യ കൃതികളുടെയെല്ലാം അഭ്രാവിഷ്‌കാരങ്ങളില്‍ അവര്‍ വായനക്കാരുടെ ചിരപരിചിതരായ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഉന്നത ബോധ്യങ്ങളെ തന്റെ ഉടലിലേക്ക് അനായാസം സന്നിവേശിപ്പിച്ചു.

ബഹു. കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. മുന്‍പ് പല തവണ പറഞ്ഞത് തന്നെ, ഷീലയുടെ ആ അഭിമുഖത്തിന്റെ സന്ദര്‍ഭത്തില്‍ വീണ്ടും പറയുകയാണ് ഷീലയെയും ശ്രീകുമാരന്‍ തമ്പിയെയും കേരളം പത്മ പുരസ്‌കാരത്തിനായി നിര്‍ദ്ദേശിക്കണം. ഒരു ജീവിതം മുഴുവന്‍ മലയാളസിനിമക്ക് സമര്‍പ്പിച്ചവരാണവര്‍. . പത്മപുരസ്‌കാരത്തിന്റെ വലുപ്പമല്ല, അര്‍ഹതക്കുള്ള ഏതംഗീകാരവും ആസ്വദിക്കുന്ന ചെറുപ്പമുള്ള മനസ്സുണ്ട് ഇന്നും രണ്ടാള്‍ക്കും എന്നതുകൊണ്ടാണ് പറയുന്നത്.
എസ് ശാരദക്കുട്ടി