സിനിമാ നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

സിനിമ നിര്‍മ്മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നുവെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അറിയിച്ചു. രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്.ടെലിവിഷന്‍ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം, മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍ , ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ്.പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു.മമ്മൂട്ടിയും നൗഷാദിന് ആദരാഞ്ജലികള്‍ അറിയിച്ചിരുന്നു.

2004 ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് കാഴ്ച.ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദര്‍ശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വന്‍ദുരന്തം ചിലരിലേല്‍പ്പിക്കുന്ന പോറലുകളും അതില്‍ സഹജീവികള്‍ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകന്‍ പറഞ്ഞുവയ്ക്കുന്നത്. നൗഷാദ് ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാതക്കളില്‍ ഒരാള്‍.

പിന്നീട് ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, വിനു മോഹന്‍, മനോജ് കെ. ജയന്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, മൈഥിലി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2009-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചിത്രം ചട്ടമ്പിനാട്,മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ 2010 പുറത്തിറങ്ങിയ ബെസ്റ്റ് ആക്ടര്‍,ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ദിലീപ്, കുഞ്ചാക്കോ ബോബന്‍, ഡാനിയേല സാക്കേള്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സ്പനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നൗഷാദ് നിര്‍മ്മിച്ചതായിരുന്നു.