സൊനാക്ഷിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിജെപി ഐടി സെൽ: ഗുരുതര ആരോപണവുമായി ശത്രുഘൻ സിൻഹ

','

' ); } ?>

നടി സൊനാക്ഷി സിൻഹയ്‌ക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിജെപി ഐടി സെല്ലാണെന്ന ഗുരുതര ആരോപണവുമായി നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘൻ സിൻഹ. മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്നത് സ്വാഭാവിക പ്രതികരണങ്ങളല്ലെന്നും, പണം നൽകി ചെയ്യിക്കുന്ന ആസൂത്രിത ട്രോളുകളാണെന്നും എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.

ഝാർഖണ്ഡിൽ അടുത്തിടെയുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ സൊനാക്ഷി മൗനം പാലിച്ചുവെന്ന വ്യാജ പ്രചാരണമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും, ദിവസങ്ങൾക്ക് മുൻപ് തന്നെ വിദ്യാർത്ഥികൾക്കായി സൊനാക്ഷി പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും ശത്രുഘൻ സിൻഹ വ്യക്തമാക്കി. മുൻപും സിജെപി പ്രക്ഷോഭങ്ങളിലും ആക്ടിവിസ്റ്റ് സോനം വാങ്ചുകിന് പിന്തുണയർപ്പിച്ചും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയ വ്യക്തിയാണ് സൊനാക്ഷിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാര്യമറിയാതെയാണ് പലരും സോഷ്യൽ മീഡിയയിൽ അധിക്ഷേപം ഉന്നയിക്കുന്നത്. എങ്കിലും ഇത്തരം സൈബർ ആക്രമണങ്ങൾ മകളെ ബാധിക്കാറില്ലെന്നും, സോഷ്യൽ മീഡിയയ്ക്കപ്പുറം വിശാലമായ ഒരു ജീവിതമുണ്ടെന്നാണ് അവൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക വിഷയങ്ങളിലെ സജീവ ഇടപെടലുകൾ ചൂണ്ടിക്കാണിച്ച് സൊനാക്ഷി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന ചോദ്യത്തിന്, അത് ഇപ്പോൾ കൃത്യമായി പ്രവചിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തന്ത്രപരമായ മറുപടി. മുൻപ് താൻ ഇക്കാര്യം മകളോട് ചോദിച്ചിരുന്നുവെങ്കിലും നിലവിൽ ഒന്നും പറയാൻ കഴിയില്ലെന്നും, അങ്ങേയറ്റം കഴിവുള്ള ഒരു പിതാവിന്റെ കഴിവുറ്റ മകളാണ് സൊനാക്ഷിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിനയരംഗത്ത് സജീവമായ സൊനാക്ഷി, ഒടിടി പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയ ‘സിസ്റ്റം’ എന്ന വെബ് സീരീസിലാണ് അവസാനമായി അഭിഭാഷകയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. ഏറെ ജനപ്രീതി നേടിയ ‘ദഹാഡ്’ പരമ്പരയുടെ രണ്ടാം ഭാഗമാണ് സൊനാക്ഷിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രോജക്റ്റ്.