
മലയാള സിനിമയിലെ തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങളിലും ഉയർന്ന നിർമ്മാണച്ചെലവിലും താരങ്ങളുടെ പ്രതിഫലത്തിലും രൂക്ഷവിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. പൃഥ്വിരാജ് നായകനായ ‘ഐ നോ ബഡി’, ഷാജി കൈലാസ്-ജോജു ജോർജ് കൂട്ടുകെട്ടിലെത്തിയ ‘വരവ്’ എന്നീ ചിത്രങ്ങളുടെ സാമ്പത്തിക പരാജയവും സെറ്റുകളിലെ നിലവിലെ അവസ്ഥകളും ചൂണ്ടിക്കാണിച്ചാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ഏറെ പ്രതീക്ഷയോടെയെത്തിയ പൃഥ്വിരാജ് ചിത്രം ‘ഐ നോ ബഡി’ക്ക് ആദ്യദിനം പറയത്തക്ക ഇനീഷ്യൽ കളക്ഷൻ പോലും നേടാൻ സാധിച്ചില്ലെന്ന് ശാന്തിവിള ദിനേശ് ആരോപിക്കുന്നു. പൃഥ്വിരാജിന്റെ പ്രതിഫലം ഒഴിവാക്കി മാത്രം 26 കോടി രൂപ നിർമ്മാണച്ചെലവ് വന്ന ചിത്രം, ലാഭവിഹിതം ആസ്പദമാക്കിയുള്ള പാർട്ണർഷിപ്പ് കണക്കുകൾ കൂടി ചേർത്തപ്പോൾ ആകെ 38 കോടി രൂപ ചെലവിലാണ് പൂർത്തിയായത്. അതേസമയം, ചിത്രത്തിലെ നായിക പാർവതി തിരുവോത്ത് മാത്രമാണ് നിലവിൽ മലയാളത്തിൽ ന്യായമായ പ്രതിഫലം ചോദിക്കുന്ന ഏക നടി എന്ന് സിനിമാ മേഖലയിലുള്ളവർ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ നായകൻ ജോജു ജോർജ് ഉണ്ടാക്കിയ പെരുമാറ്റദൂഷ്യങ്ങളെക്കുറിച്ചും ശാന്തിവിള ദിനേശ് തുറന്നടിച്ചു. സെറ്റിൽ ദേഷ്യം വരുമ്പോഴും ഫോൺ സംഭാഷണങ്ങൾക്കിടയിലും പതിനഞ്ചോളം സെൽഫോണുകളാണ് ജോജു എറിഞ്ഞുപൊട്ടിച്ചതെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നത്. അഭിനയത്തേക്കാൾ ഉപരി എല്ലാ കാര്യങ്ങളിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന രീതിയാണ് നടന്റേത്. അഞ്ച് കോടി രൂപ പ്രതിഫലം ചോദിക്കുന്ന ജോജു ജോർജ് സിനിമയിൽ വന്ന വഴി മറക്കുകയാണെന്നും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി.
ഒരു മാസം ഇരുപത്താറോളം സിനിമകൾ റിലീസ് ചെയ്യുന്ന ലോകത്തെ ഒരേയൊരു ഇടം കേരളമാണെന്നും, അതിൽ ഇരുപതോളം ചിത്രങ്ങൾ തിയേറ്ററുകളിൽ വന്നതും പോയതും ആരും അറിയാറില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നവമാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി നിർമ്മാതാക്കൾ വൻ തുക തുലയ്ക്കുകയാണെന്നും സാമ്പത്തികമായി പാളീസായ ശേഷം അലമുറയിടുന്ന രീതിയാണ് സിനിമാ മേഖലയിൽ കണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.