പൃഥ്വിരാജും ദുൽഖറും നിവിനും നേർക്കുനേർ: ഓണം റിലീസുകളുടെ ബോക്സ് ഓഫീസ് സാധ്യതകളുമായി സുരേഷ് ഷേണായ്

','

' ); } ?>

വരാനിരിക്കുന്ന ഓണം റിലീസുകളിൽ മലയാള സിനിമ വമ്പൻ പോരാട്ടത്തിന് ഒരുങ്ങുന്നു. ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, പൃഥ്വിരാജിന്റെ ‘ഖലീഫ’, നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ മൂന്ന് സൂപ്പർതാര ചിത്രങ്ങളാണ് ഇത്തവണ ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. രണ്ട് ആക്ഷൻ ചിത്രങ്ങളും ഒരു ഫാമിലി ഡ്രാമയും തിയേറ്ററുകളിൽ ഏറ്റുമുട്ടുമ്പോൾ, ഈ ഓണം റിലീസുകളെക്കുറിച്ചും അവയുടെ വിജയസാധ്യതകളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ഷേണായ്‌സ് തിയേറ്ററിന്റെ ഉടമ സുരേഷ് ഷേണായ്.

ഇത്തവണ എത്തുന്ന മൂന്ന് സിനിമകളും മികച്ചവയാണെന്നും മൂന്നിനും കേരളത്തിൽ അതിന്റേതായ ഇടം ഉണ്ടെന്നും സുരേഷ് ഷേണായ് വ്യക്തമാക്കുന്നു. രണ്ട് ആക്ഷൻ ചിത്രങ്ങൾ തമ്മിൽ ബോക്‌സ് ഓഫീസിൽ കൊമ്പുകോർക്കുമ്പോൾ ഫാമിലി ജോണറിലെത്തുന്ന ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒരു അണ്ടർഡോഗ് ആയി വന്ന് വൻ ഹിറ്റടിക്കാൻ സാധ്യത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ മാസ്സ്-ആക്ഷൻ ചിത്രങ്ങൾ പോരടിക്കുമ്പോൾ കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഫാമിലി ചിത്രത്തിലേക്ക് ആകൃഷ്ടരാകാൻ വലിയ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് അണിയറയിൽ ഒരുങ്ങുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഷഹബാസ് റഷീദും ആദർശ് സുകുമാരനുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജ്- വൈശാഖ്- ജിനു ഏബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഖലീഫ’ ഓഗസ്റ്റ് 20-ന് തന്നെയാണ് ആഗോള റിലീസായി എത്തുത്. ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന സർപ്രൈസ് അതിഥി താരമായി മോഹൻലാലും ചിത്രത്തിൽ എത്തുന്നുണ്ട്.

ഗിരീഷ് എ ഡി ഒരുക്കുന്ന നിവിൻ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ആഗസ്റ്റ് 21 ന് തിയേറ്ററിലെത്തും. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്‌. റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിയാണ് അണിയിച്ചൊരുക്കുന്നത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.