
മലയാളം, തമിഴ് മാധ്യമങ്ങളിലെ അഭിമുഖങ്ങളിൽ വ്യത്യസ്തമായ നിലപാടുകളും ഉത്തരങ്ങളും നൽകിയതിനെ തുടർന്ന് നടൻ ജയറാമിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. വിവാദങ്ങൾ കത്തുമ്പോഴും ഇതിനോടൊന്നും പ്രതികരിക്കാൻ ജയറാം ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, ഈ വിഷയത്തിൽ ജയറാമിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിവിനയം കാണിക്കുന്ന ഒരാളെയും ജീവിതത്തിൽ വിശ്വസിക്കരുതെന്ന് പണ്ട് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും, അത് നൂറ് ശതമാനം ശരിയാണെന്ന് ജയറാമിന്റെ കാര്യത്തിലൂടെ ഇപ്പോൾ ബോധ്യപ്പെടുകയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ജയറാമിന്റെ ഈ ഇരട്ടത്താപ്പ് മുൻനിർത്തിയാണ് ശാന്തിവിള ദിനേശിന്റെ പരിഹാസം.
“പലപ്രാവശ്യം നമ്മുടെ ശ്രീനിവാസന് പറഞ്ഞിട്ടുണ്ട് ദിനേശേ.. അതിവിനയം കാണിക്കുന്ന ഒരാളെയും ജീവിതത്തില്‍ വിശ്വസിക്കരുത്. കാരണം അതിവിനയം കാണിക്കുന്നവന് പച്ചക്കള്ളനായിരിക്കും. കള്ളമെ ജീവിതത്തില്‍ കാണിക്കൂ. ശ്രീനി ചേട്ടന്റെ ഉപദേശം 100 ശതമാനം ശരിയാണെന്ന് ഞാന്‍ സര്‍ട്ടിഫൈ ചെയ്യും. നല്ല പരിചയക്കാരനായിരുന്നു ഞങ്ങള്‍. ജയറാമിനെ പോലെ ഇത്തരം നാട്യമുള്ള മുഖം മകന് കാളിദാസിന് പോലും കാണാന്‍ കഴിയില്ലെന്നാണ് എന്റെ നിരീക്ഷണം. ജയറാമിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അയാളെ കുറിച്ചൊരു വീഡിയോ ഞാന്‍ ചെയ്യാത്തത്. ചീത്തക്കാര്യം മാത്രം പറയാന്‍ എന്തിനാണ് ഒരു എപ്പിസോഡ് എന്ന് കരുതി.” ശാന്തി വിള ദിനേശ് പറഞ്ഞു.
“ക്യാമറയ്ക്ക് മുന്നിലല്ല. സ്വന്തം ജീവിതത്തിലാണ് ഈ നടന്റെ യഥാര്‍ത്ഥ അഭിനയം നടക്കുന്നത്. കാണുന്നവര്‍ക്ക് എന്തൊരു നിഷ്കളങ്കനായ മനുഷ്യന് എന്ന് തോന്നും. അഭിനയം ആണ് കാണാന്‍. അമ്മയെ അച്ഛന് തിരുമണം നടത്തിയത് കേരളത്തില്‍, പിള്ളേര് ജനിച്ചത് കേരളത്തില്‍, പഠിച്ച് വലുതായി മിമിക്രി കളിക്കാന്‍ പോയത് കേരളത്തില്‍, നടനായത് കേരളത്തില്‍, സംബന്ധം കഴിച്ചത് കേരളത്തില്‍, പക്ഷേ തമിഴന്റെ ക്യാമറ കണ്ടാല്‍ പറയും എന്റെ മാതൃഭാഷ തമിഴ്. ഒരു യുട്യൂബര്‍ പറയുന്നത് രണ്ട് രൂപയുടെ എളിമ ഇടേണ്ടിടത്ത് 2000 രൂപയുടെ എളിമ ഇട്ട് കളയും ജയറാം. 100 ശതമാനം നല്ല നിരീക്ഷണമാണത്. രാം രാജിന്റെ പരസ്യം നമ്മള് മറക്കാറായിട്ടില്ല. എന്റെ നാടിന്റെ താളത്തില്‍ അഭിമാനമുണ്ട്. എന്റെ നാടിന്റെ സംസ്കാരത്തില്‍ അഭിമാനമുണ്ട്, എന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ട്. പരസ്യത്തില്‍ തള്ളോട് തള്ളായിരുന്നു. ഇവിടെ വന്ന് ചെണ്ട കൊട്ടും തമിഴ്നാട്ടില്‍ വോട്ട് ചെയ്യും. തമിഴന്റെ ക്യാമറ കണ്ടാല്‍ തമിഴന്. മലയാളം ക്യാമറ കണ്ടാല്‍ മലയാളമുണ്ട്. മോഹന്‍ലാല്‍, ദുല്‍ഖര്‍, ഫഹദ്, നയന്‍താര, പ്രിയദര്ശന്, കല്യാണി, മമ്മൂട്ടിയും ഒക്കെ വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിച്ചവരാണ്. പക്ഷേ അവരാരും നാന് വന്ത് തമിഴന് മട്ടുംന്താ എന്ന് പറഞ്ഞിട്ടില്ല. അവര്‍ മലയാളിയായി അഭിമാനത്തോടെ ചെന്നൈയില്‍ ജീവിക്കുന്നു. നക്കാപിച്ച വേഷങ്ങള്‍ക്കായുള്ള ഗിമ്മിക്സ് ആണെന്നെ ഞാനിതിനെ പറയൂ.” ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
മലയാളം, തമിഴ് അഭിമുഖങ്ങളിൽ വ്യത്യസ്ത ഉത്തരങ്ങൾ നൽകിയതിന്റെ പേരിൽ നടൻ ജയറാമിന് നേരെ വിമർശനങ്ങളും ട്രോളുകളും ഓരോ ദിനവും ധാരാളമായി വരുന്നുണ്ട്. ഇതിനോട് പ്രതികരിക്കാൻ നടൻ തയ്യാറായിട്ടുമില്ല.