കങ്കണ റണാവത്തിന് തിരിച്ചടി; അപകീര്‍ത്തി കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

','

' ); } ?>

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികേസില്‍ കുടുങ്ങിയ ബോളിവുഡ് നടിയും പാര്‍ലമെന്റ് അംഗവുമായ കങ്കണ റണാവത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2021-ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരായി അപമാനകരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് 73 കാരിയായ മഹിന്ദര്‍ കൗര്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കങ്കണയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കങ്കണയുടെ അഭിഭാഷകര്‍ ഉന്നയിച്ച “യഥാര്‍ത്ഥ ട്വീറ്റിനല്ല, റീട്വീറ്റ് ചെയ്തയാളാണ് കേസില്‍ കുടുങ്ങേണ്ടിയിരുന്നത്” എന്ന വാദം കോടതി നിരസിച്ചു. “റീട്വീറ്റ് മാത്രമല്ല, അതില്‍ അധിക മസാല ചേര്‍ക്കുകയും ചെയ്തു” എന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ കഠിനപരാമര്‍ശം. വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങളില്‍ ഏര്‍പ്പെടുന്നത് വിചാരണയെ ബാധിക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

പഞ്ചാബിലെ ബതിന്ദ സ്വദേശിനിയായ മഹിന്ദര്‍ കൗറിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത ബില്‍ക്കിസ് ബാനോയെയാണ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത മഹിന്ദര്‍ കൗറാണെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതോടൊപ്പം നൂറ് രൂപയ്ക്കായുള്ള പരാമര്‍ശവും ചേര്‍ത്തത് വിവാദത്തെ കൂടുതല്‍ രൂക്ഷമാക്കി.

ഈ കേസ് റദ്ദാക്കണമെന്ന കങ്കണയുടെ അപേക്ഷ നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. പൊതുനന്മയ്ക്കോ നല്ല ഉദ്ദേശ്യത്തോടെയോ ആയിരുന്നില്ല കങ്കണയുടെ പരാമര്‍ശമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.