
സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് നടി അനുഷ്ക ഷെട്ടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താൻ പ്രധാനവേഷത്തിലെത്തിയ ഘാട്ടി എന്ന ചിത്രത്തിന് ബോക്സോഫീസിൽ തണുപ്പൻ പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടാണ് നീക്കമെന്നാണ് സൂചന. വെള്ളിയാഴ്ച തന്റെ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അനുഷ്‌ക്ക ഈ കാര്യം വ്യക്തമാക്കിയത്.
“നീല വെളിച്ചത്തിൽ നിന്ന് മെഴുകുതിരി വെളിച്ചത്തിലേക്ക്. സോഷ്യൽ മീഡിയയിൽ നിന്ന് അൽപകാലത്തേക്ക് മാറിനിൽക്കുകയാണ്. സ്ക്രോളിംഗിനപ്പുറം, നാമെല്ലാവരും യഥാർത്ഥത്തിൽ തുടങ്ങിയ ഇടത്തേക്ക്, ലോകവുമായി വീണ്ടും ബന്ധപ്പെടാൻ വേണ്ടിയാണിത്. കൂടുതൽ കഥകളും സ്നേഹവുമായി നിങ്ങളെല്ലാവരെയും ഉടൻ കാണാം. എപ്പോഴും എന്നേക്കും… എപ്പോഴും സന്തോഷമായിരിക്കുക. സ്നേഹത്തോടെ അനുഷ്‌ക ഷെട്ടി,” അനുഷ്‌ക്ക കുറിച്ചു.
പിന്നാലെ നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായെത്തിയത്. “സ്വീറ്റി, നിങ്ങൾ ഉയർച്ചകളും താഴ്‌ചകളും കണ്ടിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. ഒരുകാലത്ത് ചരിത്രം സൃഷ്‌ടിച്ച ലേഡി സൂപ്പർസ്റ്റാറിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നു. ഒരു ഇടവേളയെടുത്ത് കൂടുതൽ ശക്തയായി തിരിച്ചുവരൂ, സ്വീറ്റി. എന്നായിരുന്നു ഒരു പ്രതികരണം. “സ്വീറ്റി, ദയവായി നിങ്ങളുടെ അർപ്പണബോധത്തെ വിജയിപ്പിക്കാൻ കഴിയുന്ന നല്ല സംവിധായകരുമായി സഹകരിക്കൂ. നിങ്ങൾ എക്കാലത്തെയും മികച്ച നടിയാണ്.” മറ്റൊരു കമന്റ് ഇങ്ങനെ.
അനുഷ്കയുടെ പുതിയ ചിത്രം ‘ഘാട്ടി’ സെപ്റ്റംബർ 5-നാണ് തിയേറ്ററുകളിൽ എത്തിയത്. Sacnilk.com-ൻ്റെ കണക്കനുസരിച്ച്, ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് ആകെ നേടിയത് 6.64 കോടി രൂപ മാത്രമാണ്. ക്രിഷ് ജഗർലമുഡി രചനയും സംവിധാനവും നിർവഹിച്ച ഘാട്ടിയിൽ അനുഷ്കയ്‌ക്കൊപ്പം വിക്രം പ്രഭുവും പ്രധാന വേഷത്തിലുണ്ട്. ഫസ്റ്റ് ഫ്രെയിം എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ രാജീവ് റെഡ്ഡിയും സായ് ബാബു ജഗർലമുഡിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനാവുന്ന ഹൊറർ ഫാൻ്റസി ത്രില്ലറായ ‘കത്തനാർ – ദി വൈൽഡ് സോർസറർ’ ആണ് അനുഷ്കയുടെ അടുത്ത ചിത്രം. ഈ ചിത്രത്തിലൂടെ അനുഷ്ക മലയാളത്തിൽ അരങ്ങേറ്റം കുറിക്കും. ചിത്രത്തിൽ നില എന്ന നെയ്ത്തുകാരിയുടെ വേഷത്തിലാണ് താരം എത്തുന്നത്. പ്രഭുദേവ, വിനീത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.