കുടുക്കാച്ചിക്ക് പിന്നാലെ ആഹാ….

മലയാള ചലച്ചിത്ര രംഗത്തെ പിന്നണി ഗായികയാണ് സയനോര ഫിലിപ്പ്. ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കഴിവുള്ള ഈ ഗായിക നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. സിനിമ ഗാനങ്ങള്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലൂടെയും സയനോര സംഗീതലോകത്ത് നിറഞ്ഞ് നില്‍ക്കുന്നു. ഗായിക മാത്രമല്ല, സംഗീത സംവിധായികയും ഗാനരചയിതാവും സാമൂഹ്യപ്രവര്‍ത്തകയുംകൂടിയാണ് സയനോര. കുട്ടന്‍പിള്ളയുടെ ശിവരാത്രിയെന്ന ചിത്രത്തിലാണ് സയനോര ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. താരത്തിന്റെ കണ്ണൂര്‍ പാട്ടായ ‘ബേംകീ ബേംകീ ബൂം ബൂം’ സമൂഹമാധ്യമങ്ങളിള്‍ തരംഗമാണ്. സയനോര സെല്ലുലോയ്ഡിനൊപ്പം ചേരുന്നു…

  • കണ്ണൂരിന്റെ സ്വന്തം കുടുക്കാച്ചി ബിരിയാണിയുടെ വിശേഷങ്ങള്‍ തന്നെയായിക്കോട്ടെ ആദ്യം…?

കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന സിനിമയുടെ മ്യൂസിക് ചെയ്യുന്ന സമയത്ത് തന്നെയാണ് ഒരു സിനിമയ്ക്ക് വേണ്ടി കണ്ണൂരിന്റെ ആക്‌സന്റ് വെച്ചിട്ട് ഞാനൊരു സോംഗുണ്ടാക്കുന്നത്. ഞാനും ദിന്‍ചിക് നേഷന്റെ മ്യൂസിക് പ്രൊഡ്യൂസറായ വര്‍ക്കിയും ചേര്‍ന്നാണ് ആദ്യ സ്റ്റാന്‍സ ചെയ്യുന്നത്. അപ്പോഴാണ് എന്നിലുള്ള എഴുത്തുകാരി ഉണര്‍ന്നത്. അധികവും കമ്പോസ് ചെയ്യുമ്പോള്‍ എഴുതാറുണ്ട്്, എനിക്ക് എഴുതിയിട്ട് കമ്പോസ് ചെയ്യുമ്പോഴാണ് കുറച്ചു കൂടി എളുപ്പമായി തോന്നിയിട്ടുള്ളത്. കുട്ടന്‍ പിള്ളയിലാണെങ്കിലും ‘ശിവനേ..’ ഞാനെഴുതിയ സോംഗാണ്. പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. വേറേ കുറേ പാട്ടുകള്‍ കൂടി വന്നതോടെ ഈ പാട്ട് പെന്‍ഡിംഗായി. കുറേ കവര്‍ സോംഗ് ചെയ്തപ്പോഴാണ് ഞങ്ങള്‍ ചിന്തിച്ചത് ഒരു ഒറിജിനല്‍ സോംഗ് ചെയ്യണമല്ലൊ എന്ന്. ഈ പാട്ടിന്റെ രണ്ട് സ്റ്റാന്‍സകള്‍ എഴുതിയത് വൈശാഖ് ആണ്. കുടുക്കാച്ചിയാണ് ഞാന്‍ എഴുതിയത്. ‘കിടുക്കാച്ചി’ എന്ന വാക്കായിരുന്നു ആദ്യം കണ്ടെത്തിയത്. പക്ഷെ ആ വാക്ക് മ്യൂസിക്കലി അവിടെ വരണമെന്ന് എനിക്ക് തോന്നിയില്ല. കുടുക്ക ബിരിയാണിയെയാണ് ‘കുടുക്കാച്ചി’ എന്ന് ഞാന്‍ ഉദ്ദേശിച്ചത്. ആ പാട്ട് ഇറങ്ങിയതിന് ശേഷം കുടുക്കാച്ചി ബിരിയാണി എന്താണ്, കണ്ണൂര്കാര് കേട്ടിട്ടില്ലല്ലൊ, എന്താണ് കുടുക്കാച്ചി എന്നെല്ലാം ചോദ്യങ്ങള്‍ ഉയര്‍ന്നു. ‘കുടുക്കാച്ചി’ എന്നൊരു വാക്കില്ല. ഞാന്‍ എന്റെ മകളെ ഇപ്പോള്‍ വീട്ടില്‍ വിളിക്കുക കുടുക്കാച്ചി എന്നാണ്..(ചിരിക്കുന്നു). ഇപ്പോഴുള്ള തമാശ ദുബായില്‍ കുടുക്കാച്ചി ബിരിയാണി ഇറങ്ങിയിട്ടുണ്ട്. കണ്ണൂര് ഇറങ്ങാന്‍ പോവുകയാണ്.

  • ഈ പാട്ടിന് പുറത്തുനിന്നു കിട്ടിയിട്ടുള്ള പ്രതികരണങ്ങള്‍?

ഈ പാട്ട് ഇറക്കുമ്പോള്‍ ഞാന്‍ കരുതിയത് ഒരു ലക്ഷം പേരെങ്കിലും ഈ പാട്ട് കാണും എന്നായിരുന്നു. കാരണം കണ്ണൂരുകാര്‍ക്ക് ഇഷ്ടപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതിലെ കമന്റ്‌സ് എടുത്തുവായിക്കുമ്പോള്‍ തന്നെ കണ്ണൂരുകാരോടുള്ള ഇഷ്ടം അതില്‍ കാണുന്നുണ്ട്. കണ്ണൂരുകാരെ വേറൊരു തരത്തില്‍ ഇടക്കാലത്ത് കാണാന്‍ തുടങ്ങിയിരുന്നു. കണ്ണൂരില്‍ നിന്ന് വരുന്ന ആള്‍ക്കാര്‍ കുറച്ച് പ്രശ്‌നമുള്ള ആള്‍ക്കാരാണെന്നോ അല്ലെങ്കില്‍ കണ്ണൂരില്‍ എങ്ങനെയാണ് താമസിക്കുന്നത് എന്ന ചോദ്യമൊക്കെ ഞാന്‍ കേള്‍ക്കാറുണ്ട്. പൊതുവേ ആള്‍ക്കാര്‍ക്ക് കണ്ണൂര്‍ എന്ന സ്ഥലത്തിനോട് ഒരു പേടിയാണ്. ഈ ഒരു കണ്ണൂര്‍ സോംഗ് ഇറങ്ങിയപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. കാരണം കണ്ണൂരുള്ളവരെ കുറച്ച്കൂടി അറിഞ്ഞു എന്നുള്ളൊരു ഫീല്‍ കിട്ടി. എനിക്ക് സത്യത്തില്‍ കണ്ണൂര്‍ക്കാരി അല്ലെങ്കില്‍ കോഴിക്കോട്ടുകാരി എന്നുള്ള വേര്‍തിരിവൊന്നുമില്ല. പക്ഷെ നമ്മുടെ നാട് എന്നു പറയുമ്പോള്‍ എല്ലാവര്‍ക്കുമുള്ളൊരു ഫീലിംഗാണ് എനിക്കും.

  • മലയാള സിനിമയില്‍ സംഗീത സംവിധാന രംഗത്ത് സ്ത്രീപ്രാധിനിത്യം വളരെ കുറവാണ്. സയനോര ഇപ്പോള്‍ ആ രംഗത്ത് സജീവമായിരിക്കുകയാണ്. അതിനെക്കുറിച്ച്..

ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത കുട്ടന്‍പിള്ളയുടെ ശിവരാത്രിയാണ് ആദ്യം ചെയ്തത്. ഈ ചിത്രത്തില്‍ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ചെയ്തു. സൗമ്യ സദാനന്ദന്റെ മാംഗല്ല്യം തന്തുനാനേയില്‍ രണ്ട് പാട്ടുകള്‍ ചെയ്തു. അടുത്തത് ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ആഹാ എന്ന ചിത്രമാണ്. ഇന്ദ്രജിത്താണ് നായകന്‍. ഇതില്‍ നാല് പാട്ട് ഞാന്‍ ചെയ്തിട്ടുണ്ട്. മൂന്ന് പാട്ട് ഏകദേശം സെറ്റായിട്ടുണ്ട്. ഒരു പാട്ട് എഴുതുന്നത് അന്‍വര്‍ അലിയാണ്. പിന്നെയുള്ള രണ്ട് പാട്ടുകള്‍ എഴുതുന്നത് ആഭാസം എന്ന സിനിമയുടെ ഡയറക്ടര്‍ ജുബിത്താണ്.

  • പശ്ചാത്തല സംഗീതം ഒരുക്കുമ്പോഴുള്ള റീ റെക്കോര്‍ഡിംഗ് വര്‍ക്ക് നല്‍കിയൊരു അനുഭവം എന്താണ്..

കുട്ടന്‍ പിള്ളയുടെ ശിവരാത്രി ചെയ്യുമ്പോള്‍ അവരുടെ മീറ്റിംഗുകളിലൊക്കെ ഞാന്‍ പങ്കെടുക്കുമായിരുന്നു. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ കാര്യം ആദ്യം ജോണ്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. മ്യൂസിക്ക് ഡയറക്ഷന്‍ ചെയ്യുമ്പോള്‍ ഒരു ദിവസം എന്റെയടുത്ത് പറഞ്ഞു ”എടീ നീ പശ്ചാത്തല സംഗീതവുംകൂടി ചെയ്യൂ” എന്ന്. അന്ന് ഞാന്‍ ഭയങ്കര മടിയോട് കൂടിയിട്ടാണ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഏറ്റെടുത്തത്. മൂന്ന് മാസത്തെ ഒരു ചാലഞ്ചായിരിുന്നു എനിക്കത്. നന്നായിട്ട് കഷ്ടപ്പെട്ടു. ആ സമയത്ത് മകളെ വിട്ടുനില്‍ക്കുന്നത് എനിക്ക് വളരെ വിഷമമുണ്ടാക്കിയിരുന്നു. ഞാന്‍ കൊച്ചിയിലും അവരെല്ലാം കണ്ണൂരുമായിരുന്നു. പക്ഷെ ഫാമിലിയെല്ലാം വളരെ സപ്പോര്‍ട്ടാണ് എനിക്ക്.

  • കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ പാട്ടുകളെക്കുറിച്ച്..

കുട്ടന്‍ പിള്ളയില്‍ നാടൊട്ടുക്ക് എന്ന പാട്ടാണ് ഞാന്‍ ആദ്യം ചെയ്തത്. ജോബ് കുര്യനും പ്രാര്‍ത്ഥന ഇന്ദ്രജിത്തുമാണ് ആ ഗാനം പാടിയത്. പിന്നെയുള്ളത് ആള്‍ക്കാര്‍ ഏറ്റെടുത്ത ചക്കപ്പാട്ട്. സന്നിദാനന്ദനും ആര്‍.ജെ നിമ്മിയുമാണ് ഈ പാട്ട് പാടിയത്. അടുത്തത് എന്റെ ശിവനെ എന്ന ഗാനമാണ്. സുരാജേട്ടനാണ് പാടിയിരിക്കുന്നത്. ആ ഗാനം എഴുതിയിരിക്കുന്നതും ഞാന്‍ തന്നെയാണ്. അതും ഇത് പോലെ തട്ടിക്കൂട്ടിയ വരികളായിരുന്നു.(ചിരിക്കുന്നു)..

  • ഏഷ്യാനെറ്റ് പ്ലസ്സില്‍ പോപ്പ്‌കോണ്‍ എന്ന പരിപാടി അവതരിപ്പിച്ചായിരുന്നല്ലേ തുടക്കം. അതിനെ കുറിച്ച്..

ആദ്യമായിട്ട് ഏഷ്യാനെറ്റ് പ്ലസ്സ് എയര്‍ ചെയ്യുന്ന ഒരു ഷോയായിരുന്നു പോപ്പ്‌കോണ്‍. 2004ല്‍ വെട്ടം എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായിട്ട് പാടിയത്. ‘ഐ ലവ് യു ഡിസംബര്‍..’ എന്ന പാട്ടിന്റെ ചെറിയൊരു ഭാഗമായിരുന്നു പാടിയത്. അത് കഴിഞ്ഞ് ഞാന്‍ കുസാറ്റില്‍ എം.എസ്.സി മറൈന്‍ ബയോളജിയ്ക്കായി പോകുന്നതിന്റെ തലേ ദിവസം ഞാനിരുന്ന് പഠിക്കുമ്പോഴാണ് അല്‍ഫോണ്‍സ് ചേട്ടന്‍ മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍ പാടാന്‍ വിളിക്കുന്നത്. വെട്ടത്തിലെ ഗാനം കേട്ടിട്ടാണ് വിളിക്കുന്നത്. വിളിച്ചിട്ട് എന്നോട് നാളെ വരാന്‍ പറ്റുമോ എന്നു ചോദിച്ചു. പഠിപ്പ് വേണൊ പാട്ട് വേണൊ എന്നുള്ള തീരുമാനം അന്ന് എടുക്കേണ്ടി വന്നു. എന്റെ ഡാഡി മ്യുസീഷ്യന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന് ഓക്കെയായിരുന്നു അന്ന് സിനിമയില്‍ പാടാന്‍.

  • സ്റ്റേജ് ഷോസിന്റെ എടുത്തുപറയാവുന്ന ഓര്‍മ്മകള്‍ എന്തെല്ലാമാണ്?

ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. എന്റെ ശബ്ദത്തിന് അനുയോജ്യമായിട്ടുള്ള പാട്ടുകളെ ഞാന്‍ പാടാറുള്ളു. എനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത പാട്ടുകള്‍ ഞാന്‍ പാടാറില്ല. പക്ഷെ ഇപ്പോള്‍ എക്‌സ്പിരിമെന്റലി ഗോപി ചേട്ടനും ബിജിചേട്ടനും എന്റെ വോയിസ് ഉപയോഗിക്കാന്‍ തുടങ്ങി. അതിനാല്‍ മെലഡി പാട്ടുകള്‍ കുറച്ച് ഞാന്‍ പാടാന്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെയാണ് ദിന്‍ചിക് നാഷന്‍ എന്ന ഒരു ബാന്‍ഡ് തുടങ്ങണമെന്ന ആശയമെല്ലാം വന്നത്.

  • സിനിമയില്‍ പാടിയാല്‍ മാത്രമേ ഒരാള്‍ വലിയ പാട്ടുകാരനാവൂ എന്നൊന്നുമില്ല. ഒരുപാട്‌പേര്‍ ഇപ്പോള്‍ ബാന്‍ഡിലൂടെയും ആല്‍ബങ്ങളിലൂടെയും മറ്റ് മ്യൂസിക്കല്‍ പ്രൊഡക്ഷനിലൂടെയും പോപ്പുലറാവുന്നുണ്ട്. അതിനെക്കുറിച്ച്?

ഇപ്പോള്‍ പണ്ടത്തെപ്പോലെയല്ലല്ലൊ.. പണ്ട് ഒരു സിനിമയില്‍ പാടിയാലെ അവര്‍ ശ്രദ്ധിക്കപ്പെടൂ എന്നായിരുന്നു. പക്ഷെ ഇപ്പോള്‍ ഇന്‍ഡിപെന്റന്റായിട്ടുള്ള ഒരുപാട് വര്‍ക്കുകള്‍ പുറത്തിറങ്ങുന്നുണ്ട്. എല്ലാവര്‍ക്കും യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള അവസരമുണ്ട്. അതിനാല്‍ തന്നെ ആളുകള്‍ കൂടുതലും സിനിമയെ ഡിപ്പെന്‍ഡ് ചെയ്യാതെ തന്നെ അവരുടെ മ്യൂസിക്കിനെ എങ്ങനെ കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ പറ്റും എന്നുള്ള ചിന്തകളൊക്കെ തുടങ്ങി.

  • ശിവാജിയില്‍ എ.ആര്‍ റഹ്മാന്‍ സാറിന്റെ കൂടെ പാടിയ അനുഭവം..

സത്യത്തില്‍ റഹ്മാന്‍ സാര്‍ എന്നെ കോറസ്സില്‍ പാടാന്‍ വേണ്ടിയിട്ടാണ് ആദ്യം വിളിക്കുന്നത്. നാല് വര്‍ഷത്തോളം സാറിന്റെ കൂടെ ട്രാവല്‍ ചെയ്ത് പെര്‍ഫോം ചെയ്യുന്നതിനിടയിലാണ് ശിവാജിയില്‍ അവസരം ലഭിക്കുന്നത്. ശിവാജിയെക്കൂടാതെ ജാനേ തൂ യാ ജാനേന എന്ന ഹിന്ദി ചിത്രത്തിലും ഞാന്‍ പാടിയിട്ടുണ്ട്. തമിഴില്‍ ശിവാജിയില്‍ പാടിയതിന് ശേഷം ഞാനും ഡാഡിയും കൂടെ ദോഹയില്‍ ഒരു മലയാളം ഷോയ്ക്കായിട്ട് പോയി. അവിടെ പോയ സമയത്താണ് റഹ്മാന്‍ സാറിന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിക്കുന്നത്. ഈ ഗാനം ഹിന്ദിയിലേക്ക് മാറ്റിപാടാനുണ്ട്. സയനോരയ്ക്ക് തിരിച്ചു വരാന്‍ പറ്റുമോ എന്ന് ചോദിച്ച്. ഞാനാകെ അപ്പോള്‍ ഞെട്ടിപ്പോയി. ദോഹയില്‍ നിന്ന് ഞാന്‍ ചെന്നൈയിലേക്ക് പോയി പാടിയിട്ടാണ് തിരിച്ചുപോയത്. അതെനിക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ്. സാര്‍ ഒരു പാട്ട് പാടിക്കുന്നുണ്ടെങ്കില്‍ സിംഗേര്‍സിനെ വിളിച്ചിട്ട് ഏതാണ് കംഫര്‍ട്ടബിളായിട്ടുള്ള കീ എന്ന് ചെക്ക് ചെയ്തിട്ട് പിന്നെയാണ് ബാക്കിയുള്ള വര്‍ക്കുകളൊക്ക ചെയ്യൂ. റഹ്മാന്‍ സാര്‍ ഭയങ്കര ഹൈയില്‍ പാടിക്കും സ്‌ട്രെയിന്‍ഫുള്ളായിരിക്കും എന്നെല്ലാമായിരുന്നു ഞാന്‍ ആദ്യം വിചാരിച്ചത്. ടെന്‍ഷനടിച്ചിട്ടാണ് ഞാന്‍ പോയത്. പക്ഷെ ഏറ്റവും കംഫര്‍ട്ടബിളാക്കിയിട്ടാണ് അദ്ദേഹം പാടിച്ചത്. റഹ്മാന്‍ സാറിന്റെ യു.എസ് ഷോ ഉണ്ടായിരുന്ന സമയത്താണ് ശിവാജി റിലീസ് ചെയ്യുന്നത്. ഈ സിനിമയില്‍ പാടിയ റഹ്മാന്‍ സാറിന്റെ സഹോദരി റയ്ഹാന, വിജയ് യേശുദാസ്, ഞാന്‍, നരേഷ് അയ്യര്‍ അങ്ങനെ എല്ലാവരും റഹ്മാന്‍ സാറിന്റ കൂടെ തിയേറ്ററില്‍ ഇരുന്നാണ് ചിത്രം കാണുന്നത്. തിയേറ്ററിലിരുന്ന് എന്റെ പാട്ട് കേട്ടപ്പോള്‍ എനിക്ക് ഭയങ്കരമായിട്ട് സന്തോഷവും കരിച്ചിലുമെല്ലം വന്നു. ആ സമയത്ത് സോഷ്യല്‍മീഡിയ അത്ര ആക്ടീവായിരുന്നില്ല. പലര്‍ക്കും ആ പാട്ട് ഞാനാണ് പാടിയതെന്ന് അറിയുകപോലും ഇല്ലായിരുന്നു.

  • മലയാളത്തില്‍ സയനോര പാടിയ പാട്ടുകള്‍ ഏതൊക്കയാണ്?

ബിഗ് ബി, ഛോട്ടാമുംബൈ, സി.ഐ.എ തുടങ്ങി കുറ സിനിമയില്‍ പാടിയിട്ടുണ്ട്. ഇനി ഇറങ്ങാനുള്ളത് ഗോപി ചേട്ടന്‍ സംഗീതം ചെയ്ത കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സിലെ പാട്ടാണ്. പിന്നെ പയ്യന്നൂരുള്ള സുദര്‍ശന്‍ എന്ന മ്യൂസിക്ക് കംപോസറുടെ പാട്ടും പാടിയിട്ടുണ്ട്. അങ്ങനെ കുറച്ച് കുറച്ച് സിനിമകള്‍.