അന്‍പത്തിയഞ്ച് വര്‍ഷത്തോളം വരുന്ന തിയേറ്റര്‍ ജീവിതത്തിന് ഒരു പുതിയ വഴിത്തിരിവാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ സാവിത്രി ശ്രീധരന്‍ എന്ന നടിയ്ക്ക് സമ്മാനിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ സന്തോഷത്തിലാണ് നടി. ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ ആഘോഷത്തിന്റെ മാറ്റ് പ്രളയത്തിന്റെ ദുരിതം തെല്ല് കുറച്ചെങ്കിലും അഭിനന്ദന പ്രവാഹങ്ങള്‍ നിലച്ചിട്ടില്ല. സുഡാനിയിലെയും വൈറസിലെയും മേരാ നാം ഷാജിയിലെയും പ്രകടനത്തിനൊപ്പം തന്റെ സംസാരത്തിലെ ഏറെക്കുറയാത്ത ലാളിത്യവും അഭിനയത്തിന്റെ തഴക്കമാര്‍ന്ന ചുളിവുകളാല്‍ വിരിയുന്ന നിഷ്‌ക്കളങ്കമായ പുഞ്ചിരിയുമായി സാവിത്രിയമ്മ മലയാളി മനസ്സില്‍ തന്റേതായ ഒരിടം നേടിക്കഴിഞ്ഞു. വരാനിരിക്കുന്ന തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും ജീവിതത്തെ മാറ്റിമറിച്ച പുരസ്‌കാര ബഹുമതിയെക്കുറിച്ചും സാവിത്രിയമ്മ സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുകയാണ്…
- ആദ്യം തന്നെ അഭിനന്ദനങ്ങള്‍ നേരുകയാണ്. ദേശീയ പുരസ്‌കാരം എന്ന ചിന്ത മനസ്സിലെപ്പോഴെങ്കിലുമുണ്ടായിരുന്നോ..?
ഒരിക്കലുമില്ല (പുഞ്ചിരിക്കുന്നു). സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയത് തന്നെ ഭാഗ്യമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഈ അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിട്ടേയില്ല. ഞാന്‍ സരസയെയും കൂടി ഉദ്ദേശിച്ചാണ് പറയുന്നത്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടിയാണ് സംസ്ഥാന പുരസ്‌കാരം കിട്ടിയത്. ഇപ്പോള്‍ എനിക്ക് ഒറ്റക്ക് കിട്ടിയതിലാണ് എന്റെ വിഷമം. എന്നെ മേജര്‍ രവി സാര്‍ വിളിച്ചിരുന്നു. അവാര്‍ഡ് രണ്ട് പേര്‍ക്ക് നല്‍കാന്‍ കഴിയാത്തതു കൊണ്ടാണെന്നും പറഞ്ഞു.
- ആരാണ് ആദ്യം അഭിനന്ദനവുമായി വിളിച്ചത്..?
മഴ ശക്തമായ സമയത്താണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ആ സമയത്ത് ഞങ്ങളുടെ പരിസരത്തുള്ള വീടുകളിലൊന്നും കറന്റില്ലായിരുന്നു. ആരുമായും ആശയ വിനിമയവും ഉണ്ടായിരുന്നില്ല. ടിവിയിലൂടെയൊക്കെ പ്രഖ്യാപനം നടക്കുന്നത് സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. കുറേ അപ്പുറത്തുള്ള ഒരു സുഹൃത്താണ് പുരസ്‌കാരത്തിന്റെ കാര്യം എന്നോട് വിളിച്ച് പറഞ്ഞത്. ആദ്യം ഞാന്‍ കരുതി എന്നെ പറ്റിക്കുകയായിരിക്കുമെന്ന്.. ‘കളിയാക്കേണ്ട ട്ടോ’ എന്നാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ അവര്‍ സത്യമിട്ട് പറഞ്ഞു. എന്നിട്ടും വിശ്വാസം വന്നിട്ടില്ലായിരുന്നു. പിന്നെ എല്ലാവരും എന്നെ വിളിച്ചപ്പോഴാണ് സത്യമാണെന്നറിയുന്നത്. ടിവിയില്‍ കാണിക്കുന്നത് കണ്ടിട്ടേയില്ല.
- വിശേഷപ്പെട്ട ആരൊക്കെയാണ് സാവിത്രിചേച്ചിയെ വിളിച്ചത്..?
ഒരുപാട് നാടകക്കാര്‍ എന്നെ വിളിച്ചു. മോഹന്‍ലാല്‍ സാര്‍ വിളിച്ചു. അപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷായി. അത് ഞാന്‍ പറയുകയും ചെയ്തു. എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയതിനെക്കാളും വലുതാണ് സാര്‍ വിളിച്ചതെന്ന്. അത് കേട്ടപ്പോള്‍ ഭയങ്കര ചിരി. അഭിനന്ദനങ്ങളുണ്ട്, ഒരുപാട് സന്തോഷം എന്ന് പറഞ്ഞു. പിന്നെയാണ് മേജര്‍ രവി സാര്‍ വിളിക്കുന്നത്.
- ഒരുപാട് അഭിനയ, അനുഭവ സമ്പത്തുമായി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ട് ഒരവാര്‍ഡ് നേടിയപ്പോള്‍ ആരുടെ മുഖമാണ് ആദ്യം മനസ്സില്‍ വന്നത്…?
ആദ്യമായി ഓര്‍മ്മ വന്നത് എന്റെ അച്ഛന്റെ മുഖമാണ്. എന്റെ അച്ഛനാണ് എന്നെ കലാരംഗത്തേക്ക് ഇറക്കിയത്. അന്ന് അച്ഛന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍, ഞാന്‍ അടുക്കളയില്‍ ജീവിക്കുന്ന ഒരു വീട്ടമ്മയായി ചുരുങ്ങുമായിരുന്നു. അച്ഛന്‍ എന്നെ വളരെ ചെറുപ്പത്തിലേ നൃത്തം പഠിപ്പിച്ചു. നൃത്തപരിപാടികള്‍ക്കൊക്കെ കൊണ്ടു പോയി. അന്നൊക്കെ ഒരുപാട് കലാസംസ്‌കാരിക സംഘടനകളൊക്കെയുണ്ടായിരുന്നു. എല്ലാ സംഘടനകളും വാര്‍ഷിക പരിപാടികള്‍ നടത്തും. അതില്‍ കുട്ടികളുടെ നൃത്തവും ഗാനമേളയുമൊക്കെ കഴിഞ്ഞ് നാടകമുണ്ടാവും. ഞാന്‍ നൃത്തം കഴിഞ്ഞാല്‍ ഓഡിയന്‍സിന്റെ മുമ്പില്‍ പോയിരിക്കും. എന്നിട്ട് നാടകങ്ങള്‍ കാണും. അന്ന് ആരൊക്കെയാണ് അഭിനയിക്കുന്നത് എന്ന് അറിയാമോ…? ശാന്ത ദേവി, കുട്ട്യേടത്തി വിലാസിനി, പിന്നെ നിലമ്പൂര്‍ ആയിഷ.. ഭാഗ്യലക്ഷ്മി.. ആ നാടകങ്ങളൊക്കെ ഞാനിങ്ങനെ കാണും. എനിക്ക് ചെറുപ്പത്തിലെ അഭിനയിക്കണം എന്ന ഒരു മോഹമുണ്ടായിരുന്നു. പക്ഷെ അതൊക്കെ ഞാന്‍ എന്റെ ഉള്ളിലൊതുക്കി, പതിനാറാമത്തെ വയസ്സില്‍ എന്റെ കല്യാണം കഴിഞ്ഞു. എന്റെ കല്യാണ നിശ്ചയത്തിന് അച്ഛന്‍ ഒരു നിബന്ധന വെച്ചിരുന്നു. സാവിത്രി നൃത്തത്തിന് പോകും എന്ന്. അതിന് സമ്മതമാണെങ്കിലെ ഈ കല്യാണം നടക്കൂ എന്നും പറഞ്ഞു. എന്റെ മുത്തച്ഛനൊക്കെ അതിന് സമ്മതമായിരുന്നു.
അങ്ങനെ കല്യാണം കഴിഞ്ഞതിന് ശേഷവും ഞാന്‍ നൃത്തത്തിന് പോകുമായിരുന്നു. അച്ഛനായിരുന്നു എന്നെ കൊണ്ടുപോവുക. ഒപ്പം മാഷും ഉണ്ടാവും. അച്ഛനാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്റെ അച്ഛനാണ് എന്റെ ഗുരു, ദൈവം എല്ലാം.(നിറഞ്ഞ പുഞ്ചിരി). അവാര്‍ഡ് കിട്ടിയപ്പോള്‍ എനിക്ക് വളരെയധികം വിഷമം തോന്നി. എന്റെ ഭര്‍ത്താവിനെക്കുറിച്ചും ഞാന്‍ ഓര്‍ത്തു. കല്യാണം കഴിഞ്ഞതിന് ശേഷം എന്റെ ഭര്‍ത്താവ് എപ്പോഴും കൂടെ നൃത്തത്തിനൊക്കെ വരുമായിരുന്നു. അങ്ങനെ പരിപാടികളില്‍ വെച്ച് നാടകം കണ്ട് കണ്ട് എനിക്കും അഭിനയിക്കാന്‍ ഒരുപാട് മോഹമുണ്ടായി. ഞാന്‍ അച്ഛനോട് പറഞ്ഞു അച്ഛാ.. എനിക്ക് നാടകത്തിലഭിനയിക്കണമെന്ന്. അച്ഛന്‍ എന്നോട് ചോദിച്ചു അതെങ്ങനെ ശരിയാവും ഭര്‍ത്താവിനോടൊക്കെ ചോദിക്കണ്ടേ..? അവര്‍ക്ക് സമ്മതമാകുമോ.? , ഇഷ്ടമാകുമോ…? എന്ന്. അങ്ങനെ എന്നോട് ചോദിക്കാന്‍ പറഞ്ഞു, ഞാന്‍ ചോദിച്ചു, അങ്ങനെ സമ്മതിച്ചു. എന്റെ അച്ഛന്റെയും എന്റെ ഭര്‍ത്താവിന്റെയും അനുഗ്രഹത്തോടും അനുവാദത്തോടും കൂടിയാണ് ഞാന്‍ നാടകരംഗത്തേക്ക് പോയത്.
55 വര്‍ഷത്തോളം ഞാന്‍ നാടകരംഗത്തായിരുന്നു. 1961 ലാണ് ഞാന്‍ നാടകരംഗത്ത് വന്നത്. അന്ന് പ്രൊഫഷണല്‍ ട്രൂപ്പുകള്‍ കോഴിക്കോട് ഇല്ല. അമേച്ച്വര്‍ നാടകങ്ങളാണ്. 84ലാണ് ഞാന്‍ കെ ടി മുഹമ്മദിന്റെ കലിംഗ തിയേറ്റേഴ്‌സിലെത്തുന്നത്. അവിടെ ഒരുപാട് നാടകങ്ങളുണ്ടായിരുന്നു. കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്, കാഫര്‍, ദീപസ്തംഭം, മഹാശ്ചര്യം, സൃഷ്ടി അതൊക്കെയാണ് ചെയ്തത്. ഒരുപാട് കാലം നിന്നു. അവിടെ നാടകങ്ങള്‍ കുറഞ്ഞപ്പോഴാണ് ഞാന്‍ ചിരന്തന തിയേറ്റേഴ്‌സിലേയ്ക്ക് പോയത്.. ഇബ്രാഹിം വേങ്ങരയുടെ ട്രൂപ്പായിരുന്നു. പകിട പന്ത്രണ്ട്, പടനിലം, മേടപ്പത്ത്, രാജ്യസഭ അങ്ങനെ ഒരുപാട് നാടകങ്ങള്‍. അതില്‍ രാജ്യസഭ എന്ന നാടകത്തിന് ഞങ്ങള്‍ സ്റ്റേറ്റ് അടിസ്ഥാനത്തില്‍ മത്സരത്തിന് പോയി. അതില്‍ എനിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചത് കോഴിക്കോട് അണിയറ എന്ന് പറയുന്ന ട്രൂപ്പിനോടൊപ്പം പോയപ്പോഴാണ്. കെ ആര്‍ മോഹന്‍ ദാസ്, ജയ്പ്രകാശ് കാര്യാല്‍ എന്നിവരുടെ ട്രൂപ്പായിരുന്നു. അതിന് ശേഷം ഞാന്‍ വിക്രമന്‍ നായരുടെ സ്റ്റേജ് ഇന്ത്യ, വില്‍സണ്‍ സാമുവലിന്റെ സംഗമം തിയേറ്റേഴ്‌സ് എന്നീ ട്രൂപ്പുകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
- ഒരു തരത്തില്‍ ഈ അവാര്‍ഡ് കോഴിക്കോട് നാടകവേദിക്ക് കൂടി അവകാശപ്പെട്ടതല്ലേ…?
അതെ.. ഞാനത് വിളിക്കുന്നവരോടൊക്കെപറയാറുണ്ട്. ഈ അവാര്‍ഡ് മൊത്തം നാടകക്കാര്‍ക്ക് അവകാശപ്പെട്ടതാണ്. കോഴിക്കോട്ടെ നാടകക്കാരോടൊപ്പമാണ് ഞാന്‍ വളര്‍ന്നത്. അവരാണ് എനിക്ക് സ്‌നേഹവും പ്രോത്സാഹനവും അംഗീകാരവും ഒക്കെ തന്നത്.
- അവാര്‍ഡ് ലഭിച്ചതിന് പ്രശംസിക്കാനെത്തിയവരെ പ്രളയം ബാധിച്ചിരുന്നോ..?
ആ സമയത്ത് ചാനലുകാരും പത്രക്കാരുമൊക്കെ അവിടേക്ക് വരാന്‍ വേണ്ടി കുറേ വിളിച്ചു. പ്രളയമാണ്, ഇവിടെ വെള്ളപ്പൊക്കമാണ് വരാന്‍ സാധിക്കില്ലെന്നൊക്കെ ഞാന്‍ തന്നെയാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞതുകൊണ്ടാണ് അവര്‍ വീട്ടില്‍ വരാതിരുന്നത്. സുഡാനി ഫ്രം നൈജീരിയ ടീമിനും ഞാന്‍ ഈ അവസരത്തില്‍ എന്റെ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. അവര്‍ വന്ന് വിളിച്ചപ്പോള്‍ എനിക്ക് വിഷമം തോന്നി. ഞാന്‍ നാടകമല്ലേ ചെയ്തുകൊണ്ടിരുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എം ടി വാസുദേവന്‍ നായരുടെ കടവില്‍ അഭിനയിച്ചു. അന്ന് എം ടി സാറാണ് എനിക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളുമൊക്കെ തന്നത്. പിന്നെ എനിക്ക് സിനിമാ മേഖലയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. നാടകം മാത്രം നെഞ്ചിലേറ്റി നടക്കുകയായിരുന്നു. ഓഡീഷന് പോയി വന്നപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സര്‍ഫുവിനോട് ഞാന്‍ പറ്റില്ലെങ്കില്‍ എന്നെ ഒഴിവാക്കിക്കോളു എന്ന് പറഞ്ഞു. ”എന്താ ചേച്ചി അങ്ങനെ പറയുന്നത്..?, ഡയലോഗ്‌സൊക്കെ പഠിച്ച് നിങ്ങള്‍ പറയുകയാണെങ്കില്‍ ഒക്കെ ശരിയാവും..” എന്നാണ് അവര്‍ പറഞ്ഞത്. അന്ന് അവര്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആയിക്കോട്ടെ എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇന്ന് എന്തായേനേ…
- ചെറിയ ബഡ്ജറ്റിലുള്ള ഒരു സിനിമ ഇത്രയും വലിയ ഒരു സിനിമയായി മാറുമെന്ന് അന്ന് വിചാരിച്ചിരുന്നോ…?
അന്നൊന്നും ഞാന്‍ അങ്ങനെ വിചാരിച്ചിട്ടേയില്ല. ആ സിനിമ റിലീസ് ചെയ്തപ്പോള്‍, അവര്‍ രണ്ട് കാറില്‍ കൊണ്ടുവന്ന് നമ്മുടെ വീട്ടിലുള്ള എല്ലാവരെയും കൊണ്ടു പോയി. അപ്പോഴൊക്കെ എനിക്ക് പേടിയാണ്. ഞങ്ങള്‍ രണ്ട് വയസ്സന്മാരല്ലേ…ഞാനും സരസയും പ്രായം ചെന്നവരല്ലേ. ഈശ്വരാ ഇത് കാണുമ്പോള്‍ എന്തായിരിക്കും പ്രതികരണം…?! അങ്ങനെ ഒരു പേടിയായിരുന്നു. പേടിച്ചുകൊണ്ടാണ് പോയതും. സിനിമ കണ്ടു തുടങ്ങിയപ്പോള്‍ നല്ല പ്രതികരണം. അപ്പോള്‍ ഒരാശ്വാസം തോന്നി. സന്തോഷത്തോടെയാണ് മടങ്ങിയത്.
- ഇപ്പോള്‍ സുഡാനി കഴിഞ്ഞു, വൈറസ് കഴിഞ്ഞു. അതില്‍ നിന്നുമൊക്കെ വ്യത്യസ്ഥമായ ഒരു കഥാപാത്രമായാണ് ഡാകിനിയില്‍. തീര്‍ത്തും മോഡേണായി. എങ്ങനെയുണ്ടായിരുന്നു ആ അനുഭവം…?
അതെ (ചിരി അടക്കാനാവാതെ പൊട്ടിച്ചിരിക്കുന്നു).. ആദ്യമായാണ് എനിക്ക് അങ്ങനെ ഒരു കഥാപാത്രം ലഭിക്കുന്നത്. ഇങ്ങനെയുള്ള ഒരു ഉടുപ്പാണ്, ഇങ്ങനെയുള്ള ഒരു വേഷമാണ് എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ ഡ്രസ്സിന് വേണ്ടി അളവ് എടുക്കുമ്പോഴാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. അപ്പോള്‍ എനിക്ക് പറ്റില്ല എന്ന് പറയാന്‍ തോന്നി. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ അത്തരം ഒരു വേഷമൊക്കെ ഇടുന്നത്. പക്ഷെ അവര്‍ അവിടെ ചെന്നിട്ടാണ് ഇതൊക്കെ എടുക്കുന്നത്. അപ്പോള്‍ പറയുന്നതും മോശമാണ്. ഡ്രസ്സൊക്കെ ഇട്ട്, വിഗ്ഗൊക്കെ ഇട്ട് ഞാന്‍ നിന്നത് വളരെ മടിച്ച് മടിച്ചാണ്. ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല അത്തരം ഒരു വേഷം.
- പക്ഷെ എല്ലാവരും നല്ല രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടില്ലേ…?
എല്ലാവരും തന്നെ നന്നായിട്ട് ചെയ്തിട്ടുണ്ട്. പക്ഷെ ആ സിനിമ എന്തുകൊണ്ടോ ശ്രദ്ധിക്കപ്പെട്ടില്ല. അതില്‍ എനിക്ക് വിഷമം ഉണ്ട് ട്ടോ..
- ഇനി ഏതൊക്കെയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍?
‘മാഹി’ എന്ന ചിത്രമുണ്ട്. തലശ്ശേരിയില്‍ വെച്ചായിരുന്നു അതിന്റെ ചിത്രീകരണം. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് ‘പട’ എന്ന സിനിമയാണ്. അതില്‍ കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, സജിതാ മഠത്തില്‍, ഉണ്ണി മായ ഇങ്ങനെയുള്ളവരൊക്കെ ഉണ്ട്.
- എങ്ങനെയുണ്ട് പടയിലെ കഥാപാത്രം…?
(ചിരിക്കുന്നു) അതില്‍ ഒരു പാവം ഒരമ്മയായിട്ടാണ് ഞാനെത്തുന്നത്.
- പാവം അമ്മ വേഷത്തിലെത്തുമ്പോള്‍ വ്യത്യസ്ഥതകള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ…?
ഏയ്.. ഒരു ബുദ്ധിമുട്ടുമില്ല. എനിക്ക് ചെയ്യാനുള്ള ധൈര്യമൊക്കെയുണ്ട്.. എനിക്ക് കിട്ടുന്നില്ലല്ലോ എന്നുള്ള വിഷമം ആണ്. മേരാ നാം ഷാജിയിലും ഒരു പാവം അമ്മ.. വൈറസിലും ഒരു പാവം അമ്മ (ചിരി). പടയില്‍ അത്ര പാവമല്ലെങ്കിലും ഒരമ്മയുടെ വേഷത്തില്‍ തന്നെയാണ് എത്തുന്നത്.
- പക്ഷെ ഡാകിനിയില്‍ തോക്കൊക്കെ കയ്യിലെടുത്തിട്ടുണ്ടല്ലോ..?
ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് അങ്ങനെ ഒരു വേഷം ചെയ്യുന്നത്. പക്ഷെ പിന്നീട് എനിക്ക് തോന്നി അതിലെ വേഷം തന്നെയാണ് നല്ലതെന്ന്..
- കുഞ്ഞബ്ദുള്ളയിലെ വേഷത്തെക്കുറിച്ച്…?
അത് ഒരു ചെറിയ വേഷമാണ്. ഒരു ദിവസത്തെ വര്‍ക്കേ വേണ്ടി വന്നിട്ടുള്ളു. അതിന് ഞാന്‍ പോകാന്‍ കാരണം ആ വേഷം ചെയ്യാന്‍ സുഡാനിയില്‍ എന്റെ ഭര്‍ത്താവായിരുന്ന അബ്ദുള്ളക്കാ പറഞ്ഞതാണ്. അബ്ദുള്ളക്കാ ആദ്യമേ തിരൂരൊക്കെ പോയി കുറേ ഭാഗം ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. അവരോട് അബ്ദുള്ളക്ക പറഞ്ഞിട്ടുണ്ട് ”ഈ സിനിമയില്‍ സാവിത്രിക്ക് ഒരു വേഷം കൊടുക്കണം” എന്ന്. അതുകൊണ്ടാണ് അവര്‍ എന്നെ വിളിച്ചത്. അബ്ദുള്ളക്കായുടെ ആ വാക്ക് ഞാന്‍ ബഹുമാനിക്കുന്നുണ്ട്. കാരണം അബ്ദുള്ളക്കായോട് എനിക്ക് ഭയങ്കര സ്‌നേഹമാണ്. ഒരുപാട് നാടകങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അബ്ദുള്ളക്ക ആ കാണുന്ന പോലെ തന്നെയാണ്. ആ ചിരിയും, സ്‌നേഹം നിറഞ്ഞ മനസ്സും മാത്രമേ ഉള്ളു അദ്ദേഹത്തിന്. സുഡാനിയില്‍ അഭിനയിക്കുമ്പോള്‍ തന്നെ അബ്ദുള്ളക്കായോട് എനിക്ക് പാവം തോന്നും. അതില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്ന വേഷം എനിക്ക് വളരെ ഇഷ്ടമായി.
- സൗബിനെക്കുറിച്ച്…?
സൗബിന്‍ നല്ല തമാശയാണ്.. ഞാന്‍ ആദ്യമൊക്കെ അഭിനയിക്കുമ്പോള്‍ ക്യാമറയിലേക്ക് വല്ലാതെ നോക്കിപ്പോകും, പിന്നെ ചെറുതായി വിഷമം വരേണ്ട സീനുകളിലൊക്കെ ഒരുപാട് വിഷമത്തോടെ അഭിനയിക്കും. അപ്പോള്‍ സൗബിന്‍ പറഞ്ഞ് തരും. ”ഇതെന്തിനാണ് ഇത്ര വെഷമമൊക്കൊ കാണിക്കണത്…?’ എന്നൊക്കെ കളിയാക്കി ചോദിക്കും. അവരൊക്കെയാണ് വളരെ പേടിച്ചുപോയ എനിക്ക് അഭിനയിക്കാനുള്ള ആത്മവിശ്വാസവും ആത്മധൈര്യവുമൊക്കെ തന്നത്. സക്കറിയ.. അവിടെയുള്ള പ്രൊഡ്യൂസര്‍.. അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, സര്‍ഫു.. എല്ലാവരും നല്ല പിന്തുണയായിരുന്നു. എന്തുണ്ടെങ്കിലും സൗബിന്‍ പറഞ്ഞ് തരും.
- ഏതെങ്കിലും പുതിയ സിനിമകള്‍ക്ക് വേണ്ടി കഥ കേട്ടിരുന്നോ…?
പലരും വിളിക്കുന്നുണ്ട്. പക്ഷെ കഥയൊന്നും കേട്ടിട്ടില്ല.
- കുടുംബത്തെപ്പറ്റി…?
ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, 25 വര്‍ഷമായി മരിച്ചിട്ട്. പിന്നെ എനിക്ക് മൂന്ന് മക്കളാണ്. രണ്ട് പെണ്‍മക്കളും ഒരാണും. പ്രസീന, സബീന, സുനീഷ് എന്നാണ് പേരുകള്‍. പെണ്‍കുട്ടികള്‍ ഇപ്പോള്‍ വീട്ടിലില്ല. രണ്ടു പേരെയും കല്യാണം കഴിച്ച് കൊണ്ടുപോയി. ഞാനും മകനുമാണ് വീട്ടിലുള്ളത്. അവര്‍ക്ക് മക്കളായി. അവര്‍ കല്യാണം കഴിച്ച് അവര്‍ക്കും മക്കളായി. ഞാനിപ്പോള്‍ മക്കളുടെ മക്കളുടെ മക്കളായ ഒരു മുതുമുത്തശ്ശിയാണ്.. (നിഷ്‌ക്കളങ്കമായ പൊട്ടിച്ചിരി)
- ഓണക്കാലത്തെ ഓര്‍മ്മകളെക്കുറിച്ച്….?
മിക്ക ഓണക്കാലത്തും ഞങ്ങള്‍ക്ക് വീട്ടിലൊന്നും നില്‍ക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ക്ക് സജീവമായി നാടകങ്ങളുണ്ടാവും. ഒരുപാട് പരിപാടികള്‍ കാണും. അപ്പോള്‍ ഭക്ഷണമൊന്നും വീട്ടില്‍ നിന്നും കഴിക്കാന്‍ പറ്റില്ല. ഹോട്ടലുകളെല്ലാം പൂട്ടിയിട്ടുണ്ടാവും. ചിലപ്പോള്‍ ഭക്ഷണമൊന്നും കിട്ടില്ല. പിന്നെ അവസാനം ഞങ്ങള്‍ നാടകം കളിക്കാന്‍ ചെന്ന, ഞങ്ങള്‍ റെസ്റ്റെടുക്കുന്ന വീട്ടില്‍ നിന്നായിരിക്കും ഞങ്ങള്‍ക്ക് ഭക്ഷണം തരിക. ഓണസദ്യ അവിടെ നിന്നായിരിക്കും… (സന്തോഷം നിറഞ്ഞ ചിരി).