സര്‍ക്കാര്‍ കഥാമോഷണ വിവാദം ; സംവിധായകനോട് കോടതി വിശദീകരണം തേടി

വിജയ് ചിത്രം സര്‍ക്കാരിന്റെ കഥ മോഷ്ടിച്ചതാണെന്ന വിവാദത്തില്‍ സംവിധായകന്‍ എ.ആര്‍ മുരുഗദോസിനോട് കോടതി വിശദീകരണം തേടി. തന്റെ കഥ മോഷ്ടിച്ച് നിര്‍മ്മിച്ചതാണ് സര്‍ക്കാര്‍ എന്ന് സഹസംവിധായകനും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ആവിഷ്‌കരണത്തില്‍ അനുയോജ്യമായ പദവിയും പ്രതിഫലമായി മുപ്പത് ലക്ഷം രൂപയും തരാത്ത പക്ഷം സര്‍ക്കാരിന്റെ പ്രദര്‍ശനം തടയണമെന്നാണ് വരുണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2007ല്‍ റൈറ്റേഴ്‌സ് യൂണിയനില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ ‘സെങ്കോല്‍’ എന്ന കഥയാണ് മുരുഗദോസ് മോഷ്ടിച്ചതെന്ന് ആരോപിച്ച് വരുണ്‍ മുമ്പ് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനെ സമീപിച്ചിരുന്നു.മുരുഗദോസിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാതാക്കളോടും ഒക്ടോബര്‍ 30നകം മറുപടി നല്‍കണമെന്ന് കോടതി ആവിശ്യപ്പെട്ടിട്ടുണ്ട്.

കീര്‍ത്തി സുരേഷാണ് സര്‍ക്കാരിലെ നായിക. വരലക്ഷ്മി ശരത് കുമാര്‍, പ്രേം കുമാര്‍, യോഗി ബാബു, രാധാ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. വിശദീകരണം ലഭിക്കുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നവംബര്‍ 7നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.