മീ ടൂ : നടന്‍ അര്‍ജുനെതിരെ കേസെടുത്തു

നടി ശ്രുതി ഹരിഹരന്റെ പരാതിയില്‍  നടന്‍ അര്‍ജുനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354 (ലൈംഗിക ഉപദ്രവം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം, അംഗവിക്ഷേപം), 506 (ഭീഷണിപ്പെടുത്തല്‍) വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടു വര്‍ഷത്തിനിടെ നടന്ന മൂന്നു സംഭവങ്ങളാണ് ശ്രുതി ഹരിഹരന്‍ പരാതിയില്‍ പരാമര്‍ശിക്കുന്നത്. 2015 നവംബറില്‍ ഇരുവരുമൊന്നിച്ചുള്ള വിസ്മയ എന്ന ചിത്രത്തിന്റെ  ലൊക്കേഷനില്‍ വെച്ചാണ് അര്‍ജുനില്‍ നിന്ന് ആദ്യമായി മോശം അനുഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ അര്‍ജുന്‍ പറയുന്നത്, ആരോപണങ്ങളില്‍ ഞാന്‍ ദുഃഖിതനാണ്. ഒരിക്കല്‍ പോലും ഞാനൊരു സ്ത്രീയെ മോശം ഉദ്ദേശം വെച്ച്‌ തൊട്ടിട്ടില്ല. മീ ടൂ മൂവ്‌മെന്റിനോട് എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യരുത്. നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് വിലയില്ലാതാകും എന്നാണ്.

ശ്രുതിക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്, നടി ശ്രദ്ധാ ശ്രീനാഥ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജുന്‍ സിനിമയിലെ വലിയ താരമായിരിക്കാം. എന്നാല്‍ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രുതി അനുഭവിച്ച വേദനയും നിസ്സഹായാവസ്ഥയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കണം. അര്‍ജുന്‍ ആരോപണങ്ങള്‍ നിഷേധിച്ചാലും ആ ദിവസം ശ്രുതി അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം മാപ്പു പറഞ്ഞാല്‍ അത് നന്നായിരിക്കും എന്ന്
പ്രകാശ് രാജ് പറഞ്ഞു.