ഗോതമ്പ് ദോശ വൈകിയതിന് ഷൂട്ടിങ് നിർത്തിയ മമ്മൂട്ടിയും, കട്ടൻചായ കിട്ടാത്തതിന് സെറ്റ് വിട്ടിറങ്ങിയ ഗണേശ് കുമാറും; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്

','

' ); } ?>

സിനിമാ സെറ്റുകളിലെ ഭക്ഷണ വിവേചനത്തിനെതിരെ പ്രതിഷേധിച്ച് നടൻ കെ.ബി. ഗണേശ് കുമാർ ഷൂട്ടിങ് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം വെളിപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ്. 1990-ൽ പുറത്തിറങ്ങിയ ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നത്. രാത്രി പത്ത് മണിക്ക് ശേഷം ആർക്കും ചായ നൽകേണ്ടതില്ലെന്ന നിർമാതാവ് അരോമ മണിയുടെ നിർദേശമാണ് ഗണേശ് കുമാറിനെ ചൊടിപ്പിച്ചത്.

അമ്പൂരിയിൽ ചിത്രീകരണം രാത്രി 12 മണി കഴിഞ്ഞും തുടരുന്നതിനിടെ ഗണേശ് കുമാർ ഒരു കട്ടൻചായ ആവശ്യപ്പെട്ടു. പലതവണ ചോദിച്ചിട്ടും ചായ ലഭിക്കാതായതോടെ പ്രൊഡക്ഷൻ ബോയിയോട് കാര്യം തിരക്കി. രാത്രി പത്തിന് ശേഷം ആർക്കും ചായ നൽകരുതെന്ന് നിർമാതാവ് കർശന നിർദേശം നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെ ആരോടും ഒന്നും പറയാതെ ഗണേശ് കുമാർ സ്വന്തം കാറെടുത്ത് തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലേക്ക് മടങ്ങി.

ലൈറ്റപ്പ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കി മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴാണ് ഗണേശ് കുമാർ സെറ്റിലില്ലെന്ന് അണിയറപ്രവർത്തകർ തിരിച്ചറിയുന്നത്. എല്ലായിടത്തും തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ അന്നത്തെ ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നു.

പിറ്റേന്ന് സെറ്റിലെത്തിയ ഗണേശ് കുമാറിനോട് തലേദിവസം എവിടെപ്പോയെന്ന് അരോമ മണി തിരക്കി. രാത്രി പത്ത് മണിക്ക് ശേഷം അഭിനയിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്ന് ഗണേശ് മറുപടി നൽകി. സീൻ പൂർത്തിയാക്കേണ്ടതുണ്ടെന്ന് നിർമാതാവ് പറഞ്ഞപ്പോൾ, “രാത്രി പത്തിന് ശേഷം ചായ നൽകുന്ന മമ്മൂട്ടിയെ വച്ച് ഷൂട്ട് ചെയ്താൽ മതി, ഞാനില്ല” എന്നായിരുന്നു ഗണേശിന്റെ മറുപടി. ഇതോടെ കാര്യം മനസ്സിലായ അരോമ മണി പിന്നീട് അത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുകയായിരുന്നുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

സമാനമായി, ‘ധ്രുവം’ സിനിമയുടെ സെറ്റിൽ തനിക്ക് കഴിക്കാനുള്ള ഗോതമ്പ് ദോശ എത്താൻ വൈകിയതിന് മമ്മൂട്ടി ഷൂട്ടിങ് നിർത്തിവച്ച സംഭവവും ശാന്തിവിള ദിനേശ് ഓർത്തെടുത്തു. അന്ന് മമ്മൂട്ടിയെ അനുനയിപ്പിക്കാൻ ദോശയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ പ്രൊഡക്ഷൻ വിഭാഗം പിരിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ വാക്കുകളിലേക്ക്:

”തനിക്ക് കഴിക്കാനുള്ള ഗോതമ്പ് ദോശ സന്ധ്യയ്ക്ക് വരാന്‍ അല്‍പ്പം താമസിച്ചതിന് ഷൂട്ടിങ് മുടക്കിയ മമ്മൂട്ടിയെ തണുപ്പിക്കാന്‍ ദോശയുടെ ചുമതലക്കാരനെ പിരിച്ചുവിട്ട ധ്രുവത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഞാന്‍ സാക്ഷിയായിരുന്നു. രാത്രി 12 മണി കഴിഞ്ഞും ഷൂട്ടിങ് തുടരുകയാണ്. നടന്‍ ഗണേശ് ഒരു ബ്ലാക്ക് ടീ ചോദിച്ചു. പലതവണ ചോദിച്ചിട്ടും തേയില വെള്ളം വന്നില്ല. പ്രൊഡക്ഷനിലെ പയ്യനെ വിളിച്ച് എന്താ മോനെ തേയില വെള്ളം തരാത്തതെന്ന് തിരക്കി.

അപ്പോഴാണ് അവന്‍ ഒരു രഹസ്യം പറഞ്ഞത്. രാത്രി 10 മണി കഴിഞ്ഞാല്‍ ആര്‍ക്കും ഇതൊന്നും കൊടുക്കണ്ട എന്നാണ് മണിസാര്‍ പറഞ്ഞിരിക്കുന്നതെന്ന് പയ്യന്‍ തുറന്നു പറഞ്ഞു. ആയിക്കോട്ടെ എന്ന് പറഞ്ഞ് അവനെ പറഞ്ഞുവിട്ടു. ഗണേശ് പതുക്കെ എഴുന്നേറ്റ് കാറെടുത്ത് വീട്ടിലേക്ക് ഓടിച്ചു പോയി. അമ്പൂരിയില്‍ നിന്നും കാറുമെടുത്ത് ഒരു ബ്ലാക്ക് ടീ കുടിച്ചിട്ട് വരാമെന്നും പറഞ്ഞ് വഴുതക്കാട്ടെ വീട്ടിലേക്ക് പോയി. ലൈറ്റ് അപ്പെല്ലാം കഴിഞ്ഞ് മമ്മൂട്ടിയടക്കം കാമറയുടെ മുന്നില്‍ വന്നു. പക്ഷെ ഗണേശനില്ല. അവിടെയെല്ലാം തിരക്കിയിട്ടും ഗണേശ് എവിടെയെന്ന് ആര്‍ക്കും അറിയില്ല. അങ്ങനെ ഷൂട്ടിങ് നിര്‍ത്തിവച്ചു.

പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ ഗണേശന്‍ സെറ്റിലെത്തി. ഇന്നലെ ആരോടും ഒന്നും പറയാതെ എവിടെ പോയതാണെന്ന് നിര്‍മാതാവ് അരോമ മണി തിരക്കി. 10 മണി കഴിഞ്ഞ് അഭിനയിക്കേണ്ട എന്നാണ് എന്റെ തീരുമാനം എന്ന് മറുപടി. അയ്യോ അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ, നമുക്ക് സീന്‍ തീരണ്ടേ എന്ന് പറഞ്ഞപ്പോള്‍ വളരെ കൂളായിട്ട് ഗണേശ് പറഞ്ഞു, 10 മണി കഴിഞ്ഞ് തേയില വെള്ളം കൊടുക്കുന്ന മമ്മൂട്ടിയെ വച്ചങ്ങ് ഷൂട്ട് ചെയ്താല്‍ മതി. ഞാനില്ല! അതും പറഞ്ഞ് ഗണേശ് കൂളായി നടന്നുപോയി. അരോമ മണിയ്ക്ക് കാര്യം മനസിലായി. ചിത്രം കോട്ടയം കുഞ്ഞച്ചന്‍”.