
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ എന്ന ചിത്രത്തിലൂടെ ഗീതു അസാധ്യമായ കാര്യമാണ് സാധ്യമാക്കിയതെന്നും എന്നാൽ ചിത്രം അർഹിച്ച അംഗീകാരം ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ചില്ലെന്നും നിർമാതാവ് സംഗീത ജനചന്ദ്രൻ. വലിയ ബജറ്റിലും വലിയ സൂപ്പർസ്റ്റാറുകളെയും വെച്ച് ഇത്രയും വലിയ സ്കെയിലിൽ ഒരു ഗ്ലോബൽ ചിത്രം ചെയ്യാൻ ഇവിടെ എത്രപേർക്ക് സാധിച്ചിട്ടുണ്ടെന്ന് സംഗീത ചോദിച്ചു. സമകാലിക മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഗീതുവിന് പകരം മറ്റാരെങ്കിലുമായിരുന്നു ഈ ചിത്രം ചെയ്തിരുന്നതെങ്കിൽ നമ്മൾ അത് വലിയ രീതിയിൽ ആഘോഷിക്കുമായിരുന്നുവെന്നും എന്നാൽ ഗീതു എടുത്ത നിലപാടുകളും സമീപനങ്ങളും കാരണമാകാം ചിത്രത്തിന് അർഹമായ അഭിനന്ദനം ലഭിക്കാതെ പോയതെന്നും സംഗീത പറഞ്ഞു. കാലങ്ങളായി സിനിമയിൽ നടന്നുപോകുന്ന ചില കാര്യങ്ങളെ ചോദ്യം ചെയ്യുമ്പോഴുണ്ടാകുന്ന അസ്വാരസ്യങ്ങളാണ് ഗീതുവിന് ഇത്രയധികം ഓൺലൈൻ വെറുപ്പ് നേരിടേണ്ടി വരുന്നതിന് കാരണം. ഗീതുവിനെക്കുറിച്ചും അവളുടെ വർക്കിനെക്കുറിച്ചോർത്തും കളക്ടീവിലെ അംഗങ്ങളെല്ലാം അഭിമാനിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ചിത്രം സംസാരിക്കുന്നത് ലെയേർഡ് ആയ, സങ്കീർണ്ണമായ കാര്യങ്ങളാണെന്നും ഒരാളുടെ ഇന്നർ കോൺഫ്ലിക്റ്റിനെ അതിമനോഹരമായാണ് ഗീതു അവതരിപ്പിച്ചിട്ടുള്ളതെന്നും സംഗീത കൂട്ടിച്ചേർത്തു. ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോൻ’ തുടങ്ങിയ മുൻചിത്രങ്ങൾ പോലെ തന്നെ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ടോക്സിക്. ഗീതുവിന്റെ ക്രാഫ്റ്റിന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും ഈ സിനിമ അർഹിച്ചിരുന്നത് ഇതിലും മികച്ച സ്വീകാര്യതയാണെന്നും അവർ പറഞ്ഞു. മമ്മൂട്ടി ആദ്യമായി ആഖ്യാനം ചെയ്യുന്ന ‘പന്തടികാമം‘ എന്ന സ്പോർട്സ് ഡോക്യുമെന്ററിയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് സംഗീത ജനചന്ദ്രൻ ഈ നിലപാടുകൾ വ്യക്തമാക്കിയത്.
സംഗീത ജനചന്ദ്രന്റെ വാക്കുകൾ;
ഇത്ര വലിയ സ്കെയിലിൽ ഒരു പ്രൊജക്ട് (ടോക്സിക്) സങ്കൽപ്പിക്കുക എന്നതു തന്നെ അവർ (ഗീതു മോഹൻദാസ്) ചെയ്തിട്ടുള്ള അസാധാരണമായ കാര്യമാണ്. വലിയ ബജറ്റും വലിയ സൂപ്പർ സ്റ്റാർസിനെയും വെച്ച് ആ സിനിമ മനസ്സിൽ കാണുക എന്നതു തന്നെ വലിയ കാര്യമാണ്.
യഷ് സാറിനെ സിഇഒ ഓഫ് ഇന്ത്യൻ സിനിമ എന്നു വിളിക്കുന്നത് ഓൺലൈനിൽ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. അങ്ങനെ ഒരാളെ വച്ച് പടം ചെയ്യുമ്പോൾ അതിന് അവർ അർഹിക്കുന്ന ഒരു അംഗീകാരം നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നും ആളുകളിൽ നിന്നും കിട്ടിയിട്ടില്ല എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. ഗീതുവിനു പകരം മറ്റാരെങ്കിലുമായിരുന്നു ആ വർക്ക് ചെയ്തിരുന്നത് എങ്കിൽ ആ ചിത്രം നമ്മൾ ആഘോഷിച്ചേനേ. അതിഗംഭീരമായൊരു ചിത്രം നിർമിച്ചെന്ന് അവരെ പ്രശംസിച്ചേനേ. അതിന്റെ കാരണം അവർ സ്വീകരച്ച ചില നിലപാടുകളായിരിക്കാം, എടുത്ത ചില സൈഡുകളുടേതും, എടുക്കാതിരുന്ന ചില സൈഡുകളുടേതും ആയിരിക്കാം. നിങ്ങൾ എവിടെ യെസ് പറയുന്നു, എവിടെ നോ പറയുന്നു എന്നതു പ്രധാനമാണല്ലോ.
അവളെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും. പ്രത്യേകിച്ച് കളക്ടീവിലെ അംഗങ്ങൾക്ക്. ഗീതു ചെയ്ത വർക്കിനെക്കുറിച്ചോർത്തും ഞങ്ങൾ അഭിമാനിക്കുന്നു. അതിന്റെ പേരിൽ ഓൺലെനിൽ ഇത്രയധികം വെറുപ്പ് അവർ അർഹിക്കുന്നുണ്ട് എന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. ആ സിനിമ സംസാരിക്കുന്നത് ലെയേർഡായ, സങ്കീർണ്ണമായ കുറേ കാര്യങ്ങളാണ്. ഒരാളുടെ ഇന്നർ കോൺഫ്ലിക്ടിനെ അവർ മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ആ സ്കെയിലും ആ വലിപ്പവുമുള്ള സിനിമ ചെയ്യാൻ ഇവിടെ എത്രപേരെക്കൊണ്ട് സാധിച്ചിട്ടുണ്ട് എന്നതൊരു ചോദ്യമാണ്.
ഇന്ത്യയിൽ തന്നെ ചർച്ചയായ, ഗ്ലോബലി പ്ലെയിസ് ചെയ്യപ്പെട്ട സിനിമയായിരുന്നു ടോക്സിക്. രാജ്യാന്തര ചിത്രമായാണത് അവതരിപ്പിച്ചിട്ടുള്ളത്. അതിലേക്ക് അവർക്കൊരു യാത്രയുണ്ടായിട്ടുണ്ട്. മുൻപ് ചെയ്തിട്ടുള്ള ‘ലയേഴ്സ് ഡൈസ്’ ആയാലും ‘മൂത്തോനാ’ണെങ്കിലും ആ സിനിമകൾക്കും അതിന്റേതായ യാത്രയുണ്ടായിട്ടുണ്ട്.
ഗീതുവൊരു ബ്രില്യന്റ് ഫിലിംമേക്കറാണ്. അവരുടെ ക്രാഫ്റ്റിന് ഒരു അവസരം പോലും കൊടുക്കാതിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. വ്യക്തിപരമായി ഞാൻ അതിൽ ഡിസപ്പോയിന്റഡാണ്. ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്
ആ സിനിമ അർഹിച്ചിരുന്നത് ഇതിലും മികച്ച പരിഗണനയായിരുന്നു എന്നാണ്. അവളും തീർച്ചയായും അതിലും മികച്ചത് അർഹിക്കുന്നുണ്ട്. കാലങ്ങളായി ഇവിടെ നടന്നു പോകുന്ന ചില കാര്യങ്ങളെ ചോദ്യം ചെയ്യുമ്പോഴുണ്ടാകുന്ന അസ്വാരസ്യമാണ് ഈ വെറുപ്പുണ്ടാക്കുന്നത്.