പീഡനവും അതിജീവനവും മാത്രമല്ല സ്ത്രീ ജീവിതം; സ്ത്രീകളെ സിനിമയിൽ ആഴത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്: എസ്തര്‍ അനില്‍

','

' ); } ?>

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പഴയ ചില സ്റ്റീറിയോടൈപ്പുകളില്‍ തന്നെ കഥാപാത്രങ്ങള്‍ തളയ്ക്കപ്പെടാറുണ്ടെന്ന് നടി എസ്തര്‍ അനില്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചും കഥാപാത്രങ്ങളുടെ ആഴക്കുറവിനെക്കുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

അടുത്തിടെ റിലീസ് ചെയ്ത ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്‌സ് തന്നെ ഏറെ സ്പര്‍ശിച്ചതായി എസ്തര്‍ വ്യക്തമാക്കി. എന്നാല്‍ പീഡനം, ആര്‍ത്തവം, അതിജീവനം തുടങ്ങിയ വിഷയങ്ങളില്‍ മാത്രമായി സ്ത്രീ കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും ചുരുക്കിക്കെട്ടുന്ന പ്രവണത ഇപ്പോഴുമുണ്ട്. ഇത്തരം കഥകള്‍ സമൂഹത്തിന് ആവശ്യമാണെങ്കിലും, സ്ത്രീകളുടെ വ്യക്തിപരമായ ആഗ്രഹങ്ങള്‍, അനുഭവങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം തുടങ്ങിയ വൈവിധ്യമാര്‍ന്ന ലെയറുകള്‍ സിനിമ ഇനിയും ആഴത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ടെന്ന് താരം ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കള്‍ എന്ന സമൂഹത്തിലുള്ള മിഥ്യാധാരണയെയും എസ്തര്‍ ശക്തമായി എതിര്‍ത്തു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് സ്ത്രീ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കിയ താരം, സ്ത്രീകള്‍ എപ്പോഴും പരസ്പരം എതിര്‍നില്‍ക്കുന്നവരാണെന്ന ധാരണ ശരിയല്ലെന്നും അവരുടെ സൗഹൃദങ്ങളും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയില്‍ കുറേക്കൂടി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഗെയിം ഓഫ് ത്രോണ്‍സ്, സ്‌ട്രേഞ്ചര്‍ തിങ്‌സ്, മണി ഹീസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര സീരീസുകളുടെ വലിയ രീതികളിലേക്ക് എത്താന്‍ നമ്മുടെ സിനിമയ്ക്ക് വലിയ ബജറ്റോ ഫണ്ടിങ്ങോ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും, ആ പരിമിതികള്‍ക്കപ്പുറത്തേക്ക് മലയാള സിനിമാമേഖലയില്‍ പര്യവേക്ഷണം ചെയ്യാന്‍ ഇനിയും അനന്തമായ സാധ്യതകളുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

എസ്തറിന്റെ വാക്കുകൾ;

”അടുത്ത കാലത്ത് ഏറ്റവും സ്പര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍ ഉള്ളൊഴുക്ക് എന്ന സിനിമയിലേതാണ്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്‌സ് വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ സിനിമകള്‍ പഴയ ചില സ്റ്റീറിയോടൈപ്പുകളിലേക്ക് തിരികെ പോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്” എസ്തര്‍ പറയുന്നു.

സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആര്‍ത്തവം, പീഡനം, അതില്‍ നിന്നുള്ള അതിജീവനം, അതിനോടുള്ള പ്രതികരണം തുടങ്ങിയ കാര്യങ്ങളിലാണ് പലപ്പോഴും കഥകള്‍ കേന്ദ്രീകരിക്കുന്നത്. തീര്‍ച്ചയായും അത്തരം കഥകള്‍ ആവശ്യമാണ്. പക്ഷെ സ്ത്രീ ജീവിതത്തിലെ കുറേക്കൂടി ലെയറുകള്‍, അനുഭവങ്ങള്‍, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം എന്നിവയെക്കുറിച്ചൊക്കെ സിനിമ ആഴത്തില്‍ അന്വേഷിക്കണ്ടതുണ്ടെന്നും താരം പറയുന്നു.

സ്ത്രീ സൗഹൃദങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇത്തരം സൗഹൃദങ്ങളാണ്. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കള്‍ എന്നൊരു മിഥ്യാധാരണ നിലനില്‍ക്കുന്നുണ്ട്. അതിനെ ഞാന്‍ പൂര്‍ണമായും തള്ളിക്കളയും. സ്ത്രീകള്‍ എപ്പോഴും പരസ്പരം എതിര് നില്‍ക്കുന്നവരാണെന്ന ധാരണ ശരിയല്ല. സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദവും പരസ്പരം ശക്തിയാകുന്ന ബന്ധങ്ങളും സിനിമയില്‍ കുറേക്കൂടി കാണണം എന്ന് തോന്നാറുണ്ട്”

ഗെയിം ഓഫ് ത്രോണ്‍സ്, സ്‌ട്രേഞ്ചര്‍ തിങ്‌സ്, മണി ഹീസ്റ്റ് പോലുള്ള സീരീസുകള്‍ എത്രത്തോളം വ്യത്യസ്തമാണ്. നമ്മുടെ സിനിമയ്ക്ക് അത്ര വലിയ ബജറ്റോ ഫണ്ടിങ്ങോ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് അതേ രീതിയില്‍ എല്ലാം ചെയ്യാന്‍ കഴിയണമെന്നില്ല. എങ്കിലും ഇനിയും ഒരുപാട് സാധ്യതകള്‍ ബാക്കിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *