സാന്ദ്രയുടെ വിജയഗാഥ

സിനിമയെന്നാല്‍ അഭിനയമെന്ന് സ്വപ്‌നം കാണുന്നവര്‍ക്കിടയിലേയ്ക്ക് ഇരുപത്തിയഞ്ചാം വയസ്സില്‍ നിര്‍മ്മാതാവിന്റെ വേഷമണിഞ്ഞെത്തിയ പെണ്‍കുട്ടിയായിരുന്നു സാന്ദ്രാ തോമസ്. സിനിമയെന്ന മേഖലയില്‍ കൈവെച്ച് പൊള്ളിയ ഒരുപാട് പേര്‍ക്കിടയില്‍ സാന്ദ്രാ തോമസ് വ്യത്യസ്തയാകുന്നത് ഭാവനാ സമ്പന്നമായ കാഴ്ച്ചപ്പാടുകള്‍ കൊണ്ടാണ്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങിയാണ് സാന്ദ്ര മലയാള സിനിമയില്‍ സജീവമാകുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ ആണ് ഇവര്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. പിന്നീട് സംസ്ഥാന പുരസ്‌കാരം നേടിയ ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ആട് ഒരു ഭീകര ജീവിയാണ്, പെരുച്ചാഴി, സക്കറിയയുടെ ഗര്‍ഭിണികള്‍, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു. വിവാഹശേഷം നിര്‍മ്മാണത്തില്‍ സജീവമല്ലായിരുന്ന സാന്ദ്ര മക്കള്‍ ജനിച്ചതോടെ പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും പുതിയ നിര്‍മ്മാണ കമ്പനിയുമായി സജീവമാകാനുള്ള ഒരുക്കത്തിലാണ് സാന്ദ്ര. അതിന് മുന്നോടിയായ് പിതാവ് തോമസ് ജോസഫ് നിര്‍മ്മിയ്ക്കുന്ന എടക്കാട് ബറ്റാലിയന്‍ 06ന്റെ അണിയറയില്‍ സജീവമായി കഴിഞ്ഞു സാന്ദ്ര. സിനിമയുടെ സമസ്ത മേഖലയിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സാന്ദ്രയുടെ മടങ്ങിവരവില്‍ സിനിമാ പ്രേമികള്‍ക്കും പ്രതീക്ഷ ഏറെയാണ്. സ്വന്തം സിനിമാ സ്വപ്‌നങ്ങളെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സാന്ദ്ര സെല്ലുലോയ്ഡിനോട് മനസ്സു തുറക്കുന്നു.

  • സിനിമയെന്നാല്‍ മിക്കവര്‍ക്കും അഭിനയമോഹമാണെന്നിരിക്കെ റിസ്‌ക് ഏറെയുള്ള നിര്‍മ്മാണ മേഖലയിലെത്തുന്നത് എങ്ങനെയാണ്?

എല്ലാവരേയും പോലെ സിനിമ ദൂരെ നിന്ന് അസ്വദിച്ചിരുന്ന ഒരാളാണ് ഞാനും. പക്ഷേ സിനിമയിലേയ്ക്കുള്ള വഴിയെങ്ങനെയാണെന്ന് അറിയില്ലായിരുന്നു. ഒരു പരസ്യ കമ്പനിയാണ് ആദ്യമായി തുടങ്ങുന്നത്. അന്ന് എന്റെ കൂടെയുണ്ടായിരുന്ന സാജിദ് യഹിയാണ് എന്നില്‍ സിനിമയെന്ന വിത്ത് ഇട്ട് തരുന്നത്. ഇന്നദ്ദേഹം വളരെയധികം അറിയപ്പെടുന്ന ഒരു സംവിധായകനായി കഴിഞ്ഞു. സാജിദ് പറഞ്ഞ കഥകളും മറ്റും കേട്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ആദ്യം തീരുമാനിക്കുന്നത്. സാജിദിന്റെ തന്നെ കസിന്‍ നജീം കോയയുടെ ഫ്രൈഡേ എന്ന കഥയാണ് ആദ്യമായി നിര്‍മ്മിക്കുന്നത്. അതൊരു പ്രൊജക്റ്റായി ആരെകൊണ്ടെങ്കിലും ചെയ്യിപ്പിക്കാം എന്ന് കരുതി തുടങ്ങിയതാണെങ്കിലും പിന്നീട് വിട്ടുകൊടുക്കാന്‍ തോന്നിയില്ല. ആല്‍ക്കെമിസ്റ്റില്‍ പറഞ്ഞ പോലെ നമുക്കൊരു തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കുമെന്നത് പോലെ പിന്നീട് എല്ലാം ഒത്തുവരികയായിരുന്നു. ഫ്രൈഡേയ്ക്ക് ശേഷമെല്ലാം ചരിത്രമാണ്.

  • ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയായിരുന്നല്ലോ തുടക്കം. സിനിമാ നിര്‍മ്മാണത്തെ അത് സഹായിച്ചിരുന്നോ?

ടെലിവിഷന്‍ പ്രോഗ്രാമും, സിനിമയും രണ്ടും രണ്ടാണ്. അതൊരിയ്ക്കലും സിനിമാ നിര്‍മ്മാണത്തെ സഹായിച്ചിട്ടില്ല. അതില്‍ ക്രിയേറ്റീവായി കോണ്‍ട്രിബ്യൂട്ട് ചെയ്യാനൊന്നും ഉണ്ടായിരുന്നില്ല. സാജിദ് ആണ് സിനിമ വിഷ്വലൈസ് ചെയ്യാന്‍ എന്നെ പഠിപ്പിച്ചതെന്ന് നേരത്തെ പറഞ്ഞല്ലോ, പിന്നീട് ടെലിവിഷന്‍ പ്രോഗ്രാമിനായി സ്ലോട്ട് വാങ്ങുന്നതിലൂടെ കിട്ടിയ കാശാണ് ആദ്യ സിനിമാ നിര്‍മ്മാണത്തിന്് സഹായിച്ചത്.

  • മുദ്ദുഗൗവിന് ശേഷം സിനിമാ നിര്‍മ്മാണത്തില്‍ നിന്ന് അല്‍പ്പം മാറിനിന്നല്ലോ… ചെറിയ ഇടവേളയ്ക്ക് ശേഷം എടക്കാട് ബറ്റാലിയനിലൂടെ തിരിച്ചെത്തുമ്പോള്‍ എന്ത് തോന്നുന്നു?

വിവാഹശേഷവും ഞാന്‍ സിനിമയിലുണ്ടായിരുന്നു. പിന്നീടാണ് എനിയ്ക്ക് പറ്റിയ മേഖലയല്ല എന്ന തോന്നലില്‍ നിന്നും സിനിമ വിടാന്‍ തീരുമാനിക്കുന്നത്. ഫാമിലിയുണ്ട്, ഉമ്മിണി തങ്കിയും, ഉമ്മുകുല്‍സുവും എന്നീ രണ്ട് ചെറിയ കുട്ടികളുണ്ട്. അവരോടൊപ്പം ചെലവഴിയ്ക്കാം എന്ന ചിന്തയിലായിരുന്നു വിട്ടു നിന്നത്. എന്റെ അച്ഛന്‍ പുതിയൊരു പ്രൊജക്റ്റുമായി വന്നപ്പോള്‍ വീണ്ടും താല്‍പ്പര്യം തോന്നി. അച്ഛന് എല്ലാവിധ പിന്തുണയും നല്‍കണമെന്നതിനാല്‍ പ്രൊജക്റ്റിന് പിന്നില്‍ നില്‍ക്കുകയാണ്, മുന്നില്‍ അച്ഛന്‍ തന്നെയാണ്.

  • എടക്കാട് ബറ്റാലിയന്‍ 06 ന്റെ പാട്ട് ഇറങ്ങിയപ്പോള്‍ തന്നെ ട്രെന്‍ഡിംഗില്‍ വന്നല്ലോ.. വിശേഷങ്ങള്‍?

നീ ഹിമമഴയായ് വരൂ എന്ന പാട്ട് ആദ്യം തന്നെ കൈലാസ് കേള്‍പ്പിച്ചിരുന്നു. ശ്രേയ ഘോഷാലിനെയാണ് പാടാനായി തീരുമാനിച്ചിരുന്നത്. ട്രാക്ക് കേള്‍പ്പിച്ചപ്പോള്‍ ശ്രേയ ഘോഷാല്‍ വേണ്ട നമുക്കിത് തന്നെ മതിയെന്ന് ഞാനാണ് കൈലാസിന്റെയടുത്ത് പറയുന്നത്്. യംഗര്‍ വേര്‍ഷന്‍ ഓഫ് ശ്രേയ ഘോഷാല്‍ എന്ന് പറഞ്ഞാണ് നിത്യ മാമനെ ഫിക്‌സ് ചെയ്തത്. ഈ പാട്ട് ഒന്നും ചെയ്തില്ലെങ്കിലും ഹിറ്റാണെന്ന് ഉറപ്പായിരുന്നു. ആസ്വദിച്ച് തന്നെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഒരു പാട്ടല്ല ചിത്രത്തിലെ എല്ലാ പാട്ടുകളും മനോഹരമാണ്. ദേശസ്‌നേഹം, കുടുംബം, വൈകാരികത, ആക്ഷന്‍ അങ്ങനെ എല്ലാമടങ്ങുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍. ഇന്ത്യന്‍ പട്ടാളത്തിന് ഉള്ള ആദരം കൂടെയായിരിയ്ക്കും ചിത്രം.

  • എടക്കാട് ബറ്റാലിയന്റെ സംവിധായകന്‍ സ്വപ്‌നേഷ് കെ നായരെ കുറിച്ച്?

ഒരുപാട് നാളായി അസോസിയേറ്റായിട്ടും, അസിസ്റ്റന്റായിട്ടുമുള്ള വ്യക്തിയാണ് സ്വപ്‌നേഷ്. സ്വപ്‌നേഷിന്റെ കരിയറിലെ തന്നെ മികച്ച സിനിമയായിരിക്കും ഇത്.

  • മുന്നിലുള്ള മറ്റ് പ്രൊജക്റ്റുകള്‍?

ഒരുപാട് പ്രൊജക്റ്റുകളുണ്ട്. എനിയ്ക്ക് ഏറ്റവും കൂടുതല്‍ എക്‌സൈറ്റിംഗായിട്ടുള്ള പ്രൊജക്റ്റ് ‘ഭൂമി’ എന്ന സിനിമയാണ്. എന്റെ ബാനറില്‍ ഞാനാണ് സിനിമ ചെയ്യുന്നത്. ഞാനൊരുപാട് കാണാനാഗ്രഹിക്കുന്ന ഈ സിനിമയില്‍ ടൊവിനോയും കുഞ്ചാക്കോ ബോബനുമാണ് അഭിനയിക്കുന്നത്. സ്റ്റാറിംഗ് പൗര്‍ണമി സംവിധാനം ചെയ്ത ആല്‍ബിയാണ് ഭൂമി ചെയ്യുന്നത്. ഷെയ്ന്‍ നിഗത്തെ നായകനാക്കി സ്‌പൈഡര്‍മാന്‍ എന്ന സിനിമ ചെയ്യാനുണ്ട്. അനൗണ്‍സ് ചെയ്യാത്ത കുറച്ച് പടങ്ങള്‍ കൂടെയുണ്ട്. കള്ളന്‍ എന്ന സൗബിന്‍, ദിലീഷ് പോത്തന്‍ ചിത്രത്തിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. സൗബിനും ഹരീഷ് കണാരനും പിന്നെ ഒരു പൊലീസ് കള്ളനും ചേര്‍ന്നാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ പ്രൊജക്റ്റുകളിലെല്ലാം തന്നെ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനാണ് ശ്രമിക്കുന്നത്.

  • പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനുള്ള തീരുമാനം?

അത് ബോധപൂര്‍വ്വം എടുത്ത തീരുമാനമാണ്. കഴിവുള്ളവര്‍ക്ക് അത് തെളിയിക്കാനുള്ള അവസരം നല്‍കുകയെന്നത് അഭിമാനം കൂടെയാണ്. ഫ്രൈഡേ എന്ന ആദ്യ സിനിമ മുതല്‍ അതിനുള്ള അവസരം കിട്ടിയതിനാല്‍ ഭയം പോയി കിട്ടി. പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കുക എന്നത് അജണ്ടയായി എടുത്തിരിക്കുകയാണ്. ആ റിസ്‌ക് എനിയ്ക്കിഷ്ടമാണ്. ഒരു നല്ല കഥയ്ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. പുതിയ ആളുകളുടെ ചിന്തയ്ക്കും ക്രിയേറ്റിവിറ്റിയ്ക്കുമാണ് ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്.

  • ആട്, മങ്കി പെന്‍ ഇങ്ങനെ നിര്‍മ്മിച്ച സിനിമകളുടെ സ്വഭാവം വ്യത്യസ്തമാണ്. കഥ തെരഞ്ഞെടുക്കുന്നതെങ്ങനെയാണ്?

കഥ തെരഞ്ഞെടുക്കുന്നതിന് ഒരുപാട് ഘടകങ്ങളുണ്ട്. ഒന്നാമത്തെ കാര്യം കഥ പറയുമ്പോഴുള്ള അവരുടെ കോണ്‍ഫിഡന്‍സ് ലെവലാണ് ശ്രദ്ധിയ്ക്കുന്നത്. ഞാന്‍ വിഷ്വലൈസ് ചെയ്തതിന്റെ മുകളില്‍ വിഷ്വലൈസ് ചെയ്യുന്ന ഒരാളെയായിരിക്കും ഞാന്‍ സംവിധായകനായി തെരഞ്ഞെടുക്കുക. ചില സംവിധായകരിലേയ്ക്ക് എത്താനായി സമയമെടുക്കും. മങ്കിപെന്‍ 20 മിനുട്ട് കൊണ്ട് പറഞ്ഞ സിനിമയാണ്. ഒറ്റ സെന്റന്‍സില്‍ പറയാന്‍ പറ്റുന്ന സിനിമയായിരുന്നു അത്. സെറ്റ് പോലും കാണാത്ത, സിനിമയുമായി യാതൊരു പരിചയവുമില്ലാത്ത രണ്ട് പയ്യന്‍മാരാണ് മങ്കിപെന്നുമായി എന്റെ മുന്നിലെത്തിയത്. യാതൊരു കണ്‍ഫ്യൂഷനുമില്ലാതെ കഥ പറഞ്ഞപ്പോള്‍ അവരുടെ ഉള്ളില്‍ ആ സിനിമയുണ്ടെന്ന് മനസ്സിലായി. പക്ഷേ ആട് അങ്ങനെയല്ല ഉണ്ടായത്. മിഥുന്‍ എഴുത്തുകാരനായതിനാല്‍ സംവിധായകനാകാനുള്ള കപ്പാസിറ്റി എത്രയുണ്ടെന്ന് അറിയില്ലായിരുന്നു. ഒരുനല്ല ടീമിനെ നല്‍കി കൊണ്ടാണ് ആ സിനിമ ചെയ്തത്. അടി കപ്യാരെ കൂട്ടമണി, മുദ്ദു ഗൗ, പെരുച്ചാഴി തുടങ്ങിയ സിനിമകളെല്ലാം ഒരോ രീതിയിലാണ് ചെയ്തിരിക്കുന്നത്.

  • നിര്‍മ്മാണ രംഗത്തേക്ക് വരുന്നവരോട് എന്താണ് പറയാനുള്ളത്?

ഒരുപാട് റിസ്‌ക് എടുക്കരുതെന്നാണ് ആദ്യമേ പറയാനുള്ളത്. എപ്പോഴും സേഫ് റിസ്‌ക് എടുക്കുന്നതാണ് നല്ലത്. സിനിമയെടുക്കാന്‍ വന്ന് കയ്യിലെ കാശ് മുഴുവന്‍ നഷ്ടപ്പെട്ട ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എടുക്കുന്ന സിനിമയെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളുകളാണ് നിര്‍മ്മാതാക്കള്‍. പക്ഷേ ഓരോ സിനിമയ്ക്കും ഓരോ ബജറ്റ് നിയന്ത്രണമുണ്ട്. അങ്ങനെയുള്ള ബജറ്റിനുള്ളില്‍ തന്നെ സിനിമ ചെയ്‌തെങ്കില്‍ മാത്രമേ വിജയിക്കൂ. സ്മാര്‍ട്ട് പ്ലേയിലൂടെ ചിത്രം വര്‍ക്ക് ഔട്ടായാലേ വീണ്ടും സിനിമയെടുക്കാനാകൂ. എനിയ്ക്ക് കുറേയധികം സിനിമകള്‍ ചെയ്യണമെന്നതിനാല്‍ ഞാന്‍ വലിയ റിസ്‌ക് എടുക്കില്ല. അതേ സമയം സിനിമ ഡിമാന്റ് ചെയ്യുന്ന ബജറ്റ് സിനിമയ്ക്ക് നല്‍കുകയും ചെയ്യുക എന്ന നിലയിലാണ് സിനിമയെടുക്കുന്നത്.

  • നിര്‍മ്മാണത്തിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോവുകയാണോ?

ആക്ടിംഗ് എനിക്ക് പാഷനേ അല്ല. എനിക്ക് നിര്‍മ്മാണത്തിനോട് തന്നെയാണ് താല്‍പ്പര്യം. ക്യാമറയുടെ പിറകില്‍ നില്‍ക്കാനാണ് ഇഷ്ടം. ഒരു നടിയെന്നതിനേക്കാള്‍ കിടിലന്‍ പ്രൊഡ്യൂസര്‍ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.

  • ഏതെങ്കിലും സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

തീര്‍ച്ചയായിട്ടും തോന്നിയിട്ടുണ്ട്. പക്ഷേ അത് ഏതാണെന്ന് എന്നോട് ചോദിയ്ക്കരുത് (ചിരിയ്ക്കുന്നു).