ഒരുങ്ങുന്നത് ഒരൊന്നൊന്നര ‘ലാല്‍ ആക്ഷന്‍ ത്രില്ലര്‍..!’ അമ്പരപ്പിച്ച് ബിഗ് ബ്രദറിന്റെ ആദ്യ പോസ്റ്റര്‍..

മോഹന്‍ലാല്‍ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിന്റെ ആദ്യ പോസ്റ്ററാണ് ഇപ്പോള്‍ സിനിമാ പ്രേമികളെയും മോഹന്‍ ലാല്‍ ആരാധരെയും ഒരു പോലെ അമ്പരിപ്പിച്ചിരിക്കുന്നത്. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നിരവധി സര്‍പ്രൈസുകളുമായിത്തന്നെയാണെത്തുന്നത് എന്നാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. കൂട്ടാളികള്‍ക്കൊപ്പം ഒരു കമാന്‍ഡോയുടെ വേഷത്തില്‍ ഒരു കെട്ടിടത്തിന് മുകളിലൂടെ ഓടുന്ന ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. എന്തോ കണ്ട് തീക്ഷ്ണമായി നോക്കുന്നതായും പോസ്റ്റിറില്‍ കാണാം. എന്നാല്‍ സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തെന്നിന്ത്യന്‍ നടി റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാപ്രേമികളും.