
സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ‘പടക്കളം സന്ദീപ്’ എന്ന വിളി പരിഹാസമായല്ല, സ്‌നേഹമായിട്ടാണ് കാണുന്നതെന്ന് യുവനടന്‍ സന്ദീപ് പ്രദീപ്. തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ സിനിമയാണ് പടക്കളമെന്നും, ആ പേരിലൂടെ സിനിമയ്ക്ക് വലിയ റീച്ച് ലഭിച്ചുവെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പടക്കളം റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. സുരാജ് വെഞ്ഞാറമൂടിനെയും ഷറഫുദ്ദീനെയും മാത്രമേ ആളുകള്‍ അറിയൂ എന്നും തങ്ങളൊക്കെ പുതിയ ആളുകളായതിനാല്‍ സിനിമ അധികമാരും അറിയാനിടയില്ലെന്നും അന്ന് സഹപ്രവര്‍ത്തകനോട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ മികച്ച പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.
തിയേറ്ററുകളില്‍ ആദ്യ മൂന്നാല് ദിവസം വലിയ ചലനങ്ങളുണ്ടായില്ലെങ്കിലും ആദ്യ വാരാന്ത്യത്തോടെ ചിത്രം പിക്കപ്പായി. തിയേറ്ററുകളില്‍ വാണിജ്യപരമായി മികച്ച നിലയില്‍ പോയ ചിത്രം ഒടിടിയില്‍ എത്തിയതോടെയാണ് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമയെക്കുറിച്ച് ആര്‍ക്കും അറിയാത്ത അവസ്ഥയില്‍ നിന്ന് കേരളത്തിലെ എല്ലാവരും അറിയുന്ന നിലയിലേക്ക് മാറിയത് വലിയ വിജയമായാണ് കാണുന്നതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ഫാലിമി എന്ന ചിത്രത്തിന് ശേഷം അനിയന്‍, മകന്‍, കസിന്‍ തുടങ്ങിയ വേഷങ്ങളാണ് കൂടുതലായും ലഭിച്ചിരുന്നത്. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഒരു അനിയന്‍ ഇമേജ് രൂപപ്പെട്ടിരുന്നു. എന്നാല്‍ പടക്കളത്തിന് ശേഷമാണ് ലീഡ് റോളുകളും ആക്ഷന്‍, മാസ് ജോണറുകളുമൊക്കെ തേടിവന്നത്. നായകപദവിയിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കിയ സിനിമ എന്ന നിലയില്‍ പടക്കളം തനിക്ക് എല്ലാക്കൊണ്ടും ഗുണകരമായെന്നും സന്ദീപ് പ്രദീപ് പറഞ്ഞു. ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ എന്നീ ചിത്രങ്ങളിലൂടെയാണ് സന്ദീപ് പ്രദീപ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്.
സന്ദീപിന്റെ വാക്കുകൾ
”ആളുകൾ എന്നെ അങ്ങനെ വിളിക്കുന്നത് സ്നേഹം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. എല്ലാ സിനിമകളും കരിയറിൽ വലിയൊരു ബ്രേക്ക് ത്രൂ തരണമെന്നില്ല, പക്ഷേ ഏതെങ്കിലും ഒരു സിനിമ നമ്മളെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തും. എന്റെ കരിയർ ഗ്രാഫ് ഉയർത്തി തന്ന, ഒരുപാട് ആളുകളിലേക്ക് എന്നെ എത്തിച്ച സിനിമയാണ് ‘പടക്കളം’. സിനിമ ഇറങ്ങുന്നതിന് മുമ്പ് എനിക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. സുരാജേട്ടനെയും ഷറഫുക്കയെയും മാത്രമേ ആളുകൾക്ക് അറിയൂ, ബാക്കിയെല്ലാം ഞങ്ങളെപ്പോലുള്ള പുതിയ പിള്ളേരായതുകൊണ്ട് സിനിമ അധികമാരും അറിഞ്ഞിട്ടില്ലെന്ന് ഞാൻ ചേട്ടനോട് പറഞ്ഞു. പക്ഷേ, സിനിമ ഇറങ്ങിക്കഴിയുമ്പോൾ എല്ലാം അടിപൊളിയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തിയേറ്ററിൽ റിലീസായ ആദ്യ മൂന്നാല് ദിവസങ്ങളിൽ വലിയ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യ വാരാന്ത്യത്തോടെയാണ് സിനിമ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തിയേറ്ററിൽ സാമാന്യം ഭേദപ്പെട്ട വിജയം നേടിയെങ്കിലും, ഒടിടിയിൽ എത്തിയപ്പോഴാണ് സിനിമയ്ക്ക് ഇത്ര വലിയൊരു സ്വീകാര്യത ലഭിച്ചത്. തുടക്കത്തിൽ ആർക്കും അറിയാതിരുന്ന ഒരു സിനിമ ഇന്ന് കേരളത്തിലെ എല്ലാവരും അറിയുന്ന ഒന്നായി മാറിയതാണ് ഞാൻ അതിൽ നിന്നും എടുക്കുന്ന ഏറ്റവും വലിയ വിജയം.
‘ഫാലിമി’ ഇറങ്ങിയ ശേഷം അനിയൻ, മകൻ, അമ്മാവന്റെ മകൻ തുടങ്ങിയ കുടുംബപശ്ചാത്തലമുള്ള കഥാപാത്രങ്ങളായിരുന്നു എന്നെ തേടി വന്നിരുന്നത്. എന്നാൽ ‘പടക്കളം’ കഴിഞ്ഞതോടെയാണ് ലീഡ് റോളുകളിലേക്കും ആക്ഷൻ, മാസ് സിനിമകളിലേക്കുമുള്ള അവസരങ്ങൾ വരാൻ തുടങ്ങിയത്. കുടുംബ പ്രേക്ഷകരുടെ ഇടയിലുണ്ടായിരുന്ന ആ ‘അനിയൻ’ ഇമേജിൽ നിന്നും ഒരു നായകനിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കിയ സിനിമയാണ് പടക്കളം. അതുകൊണ്ട് തന്നെ എന്തുകൊണ്ടും എനിക്കൊരു വിൻ-വിൻ സിനിമയാണത്.”