
സിനിമകൾ തിയേറ്ററുകളിൽ പരാജയപ്പെടുമ്പോൾ അതിന്റെ പഴിയും വിമർശനങ്ങളും തനിക്ക് മാത്രമാണ് കേൾക്കേണ്ടി വരാറുള്ളതെന്ന് നടൻ കാളിദാസ് ജയറാം. എന്നാൽ ഇത്തരം പ്രതികരണങ്ങളെ സിനിമാ മേഖലയുടെ സ്വാഭാവിക ഭാഗമായി മാത്രമേ കാണുന്നുള്ളൂവെന്നും, പരാതികൾ പറയാൻ താൻ താല്പര്യപ്പെടുന്നില്ലെന്നും താരം വ്യക്തമാക്കി. പുതിയ ചിത്രമായ ‘മെനി മെനി ഹാപ്പി റിട്ടേൺസി’ന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ്സുതുറന്നത്.
മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് കാളിദാസ് പറഞ്ഞു. എബ്രിഡ് ഷൈൻ, ജീത്തു ജോസഫ്, സന്തോഷ് ശിവൻ, സുധ കൊങ്കര, ലോകേഷ് കനകരാജ്, ബിജോയ് നമ്പ്യാർ തുടങ്ങി പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളിൽ ഇതിനോടകം ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. ഇവരാരും കഴിവ് തെളിയിക്കാത്തവരല്ല. ചില സിനിമകൾ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷേ, സിനിമകൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ വരുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങളും വിമർശനങ്ങളും നേരിടേണ്ടി വരുന്നത് താൻ മാത്രമാണെന്നും കാളിദാസ് കൂട്ടിച്ചേർത്തു.
തന്നേക്കാൾ മികച്ച കഴിവും പ്രതിഭയുമുള്ള നിരവധി അഭിനേതാക്കൾ ഒരു അവസരത്തിനായി പോലും കാത്തിരിക്കുന്ന കാലമാണിത്. അവിടെ തനിക്ക് ഇത്തരം മുൻനിര സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച സിനിമകളുടെ ഭാഗമാകുക എന്നതു മാത്രമാണ് തന്റെ ലക്ഷ്യമെന്നും കാളിദാസ് ജയറാം പറഞ്ഞു.
കാളിദാസിന്റെ വാക്കുകൾ
“നല്ല ഫിലിംമേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ പറ്റണമെന്ന ആഗ്രഹമെനിക്കുണ്ട്. അതാണ് മെയിൻ. എന്റെ ഫിലിമോഗ്രഫി എടുത്തു നോക്കിക്കഴിഞ്ഞാൽ, എബ്രിഡ് ഷൈൻ, ജീത്തു ജോസഫ്, സന്തോഷ് ശിവൻ, സുധ കൊങ്കര, ലോകേഷ് കനകരാജ്, ബിജോയ് നമ്പ്യാർ തുടങ്ങിയ സംവിധായകരുടെ കൂടെയെല്ലാം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.
ഇവരൊന്നും പണി അറിയാത്ത ആൾക്കാരല്ലല്ലോ ?. ചില സിനിമകൾ വർക്കാകും, ചിലത് ആകില്ല. പക്ഷേ വർക്ക് ആകാതെ പോകുമ്പോൾ കൂടുതലും എനിക്കാണ് തെറി കേൾക്കാറ്.
ആഫ്റ്റർ എഫ്ക്ട് എന്റെ അടുത്ത് മാത്രമേ ഉള്ളൂ. ഇതൊക്കെ പാർട്ട് ഓഫ് ദ് ഗെയിം മാത്രമായേ ഞാൻ കാണാറുള്ളൂ. ഞാൻ ചുമ്മാ പരാതി പറയാനോ, അങ്ങനെയുള്ള സ്പെയ്സിൽ അല്ല ശരിക്കും. എന്നേക്കാളും ടാലന്റഡ് ആയിട്ടുള്ള, എന്നേക്കാളും അടിപൊളിയായിട്ടുള്ള എത്രയോ അഭിനേതാക്കളുണ്ട് ഒരു സിനിമ പോലും കിട്ടാതെ ഇരിക്കുന്നതിൽ. അപ്പോൾ നമുക്ക് ഇങ്ങനെയുള്ള അവസരം കിട്ടുന്നു, ഇതുപോലെയുള്ള ഫിലിംമേക്കേഴ്സിന്റെ അടുത്ത് ആക്സസുണ്ട്. അപ്പോൾ അത് പരമാവധി ഉപയോഗിക്കുക. അതിനുവേണ്ടി കൂടെ നിൽക്കുക എന്നുള്ളതു മാത്രമേ ഉള്ളൂ.”