
നവംബർ 27-ന് തിയറ്ററുകളിലെത്തുന്ന ‘കോസ്മിക് സാംസൺ’ എന്ന ചിത്രത്തിലെ തന്റെ സഹനടൻ മുകേഷിനെക്കുറിച്ചും സീനിയർ താരങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും മനസ്സുതുറന്ന് യുവനടൻ സന്ദീപ് പ്രദീപ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ചെറുപ്പത്തിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ‘ഇൻ ഹരിഹർ നഗർ’ എന്ന സിനിമയിലെ സിദ്ദിഖ് ഒഴികെയുള്ള മറ്റെല്ലാ പ്രധാന താരങ്ങൾക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് സന്ദീപ് പറഞ്ഞു. സിനിമയെ എങ്ങനെ ഗൗരവത്തോടെ സമീപിക്കണമെന്നും പ്രൊഫഷണലിസം എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും മുതിർന്ന താരങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ തലമുറ സെറ്റിൽ ചെറിയ ഇടവേളകളിൽ പോലും ഫോണിൽ മുഴുകുമ്പോൾ സീനിയർ താരങ്ങൾ അങ്ങനെ ചെയ്യാറില്ലെന്നും പകരം അനുഭവങ്ങളും കഥകളും പങ്കുവെച്ച് സംസാരിക്കാനാണ് താല്പര്യപ്പെടുന്നതെന്നും സന്ദീപ് ചൂണ്ടിക്കാണിച്ചു. ഇത്തരം സംഭാഷണങ്ങൾ കാഴ്ചപ്പാടുകൾ വിശാലമാക്കാൻ സഹായിക്കുമെന്നും മുകേഷ് വളരെ മികച്ച വ്യക്തിയാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു. അഭിജിത് ജോസഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സന്ദീപിന്റെ വാക്കുകൾ
“ചെറുപ്പത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ‘ഇൻ ഹരിഹർ നഗർ’. അതിലിപ്പോൾ സിദ്ദിഖ് ഇക്കയെ മാറ്റി നിർത്തിക്കഴിഞ്ഞാൽ ബാക്കിയെല്ലാവരുടെയും കൂടെ ഞാൻ അഭിനയിച്ചു കഴിഞ്ഞു.
അതെപ്പോഴും എന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ്. ഞാൻ നോക്കുമ്പോൾ ഇവരിൽ നിന്ന് പഠിക്കേണ്ടതായിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. ഇവർ എങ്ങനെയാണ് ഒരു സിനിമയെ സീരിയസ് ആയി സമീപിക്കുന്ന രീതി ?, പ്രൊഫഷണലിസം എങ്ങനെയാണ് കറക്ടായി മെയ്ന്റെയ്ൻ ചെയ്യുന്നത് ? അങ്ങനെയുള്ള കുറേ കാര്യങ്ങൾ നമ്മൾ കൃത്യമായി പഠിക്കേണ്ട കാര്യമാണ്. അതുപോലെ സെറ്റിൽ നമ്മളാണ് കൂടുതലും ഫോൺ ഉപയോഗിക്കുന്നത്.
അവർ ഫോൺ അധികം ഉപയോഗിക്കാറില്ല. നമ്മളൊരു മൂന്ന് പേരുണ്ടെങ്കിൽ തന്നെ അവർ കഥ പറച്ചിൽ തുടങ്ങും. അല്ലെങ്കിൽ അവർ അവരുടെ അനുഭവങ്ങൾ പറഞ്ഞു തുടങ്ങും. അതൊക്കെ ഒരു നല്ല ഗുണമായി എനിക്ക് തോന്നിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ ഒരു പത്ത് മിനിറ്റ് കഴിഞ്ഞാൽ സ്വാഭാവികമായും നമ്മുടെ കൈ ഫോണിലേക്ക് പോകും. പഴയ ആളുകൾക്ക് അങ്ങനെയൊരു കാര്യം കുറവാണ്.
അവർക്ക് സംസാരമാണ് കൂടുതൽ. അപ്പോൾ തന്നെ നമ്മുടെ വിഷൻ കുറച്ചു കൂടി വലുതാകും. കാര്യങ്ങൾ ഷെയർ ചെയ്യും. ഇതൊക്കെയാണ് ഞാൻ സീനിയർ അഭിനേതാക്കളിൽ നിന്ന് മനസിലാക്കിയ അർഥവത്തായ മൂല്യങ്ങൾ. മുകേഷട്ടൻ ഭയങ്കര അടിപൊളിയാണ്.”