‘സൽമാൻ ഖാനിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് എന്നെ ഐശ്വര്യയുടെ ബോഡിഗാർഡായി നിയമിച്ചത്’; വെളിപ്പെടുത്തലുമായി മുൻ ബോഡിഗാർഡ്

','

' ); } ?>

ബോളിവുഡ് താരം സൽമാൻ ഖാനിൽ നിന്നും നടി ഐശ്വര്യ റായ്ക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി മാത്രമാണ് തന്നെ നടിയുടെ ബോഡിഗാർഡായി നിയമിച്ചതെന്ന വെളിപ്പെടുത്തലുമായി മുൻ അംഗരക്ഷകൻ കേതൻ കരണ്ഡെ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേതൻ വർഷങ്ങൾക്ക് മുൻപുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞത്.

ഏഴ് ദിവസത്തേക്കാണ് തന്നെ ഐശ്വര്യയുടെ സുരക്ഷാ ചുമതല ഏൽപ്പിച്ചിരുന്നതെന്ന് കേതൻ വ്യക്തമാക്കി. ഐശ്വര്യയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുവരികയും ഷൂട്ടിംഗ് സെറ്റുകളിൽ എത്തിക്കുകയും തിരികെ വീട്ടിലാക്കുകയുമായിരുന്നു പ്രധാന ജോലി. ഇതിനിടെ ഒരു ഫാഷൻ ഷോയിൽ വെച്ച് സൽമാൻ ഖാനുമായി മുഖാമുഖം വരേണ്ട സാഹചര്യമുണ്ടായെന്നും, ഈ സംഭവത്തിന് പിന്നാലെ താൻ ആ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും കേതൻ കൂട്ടിച്ചേർത്തു. സൽമാന്റെയും ഐശ്വര്യയുടെയും ആരാധകനായിരുന്ന തനിക്ക് അവർക്കിടയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

സൽമാൻ ഖാനും ഐശ്വര്യ റായും തമ്മിലുള്ള പ്രണയതകർച്ചയും തുടർന്നുണ്ടായ വിവാദങ്ങളും ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. സൽമാനിൽ നിന്നും തനിക്ക് ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഐശ്വര്യ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. 2002-ൽ അഭിഷേക് ബച്ചനൊപ്പം ‘കുച്ച് നാ കഹോ’ എന്ന ചിത്രത്തിൽ ഐശ്വര്യ അഭിനയിക്കുന്നതിനെ സൽമാൻ ശക്തമായി എതിർത്തിരുന്നതായി കാവേരി ബംസായ് രചിച്ച ‘ദ ത്രീ ഖാൻസ്’ എന്ന പുസ്തകത്തിലും പരാമർശിക്കുന്നുണ്ട്.

കേതന്റെ വാക്കുകൾ

“ഞാൻ ഒരിക്കൽ ഐശ്വര്യ റായ്‌യുടെ ബോഡിഗാർഡ് ആയിരുന്നു. സൽമാൻ ഖാൻ കാരണമാണ് എന്നെ അവിടെ ജോലിക്കെടുത്തത്. സൽമാനിൽ നിന്നും അവരെ സംരക്ഷിക്കാനായി ഏഴ് ദിവസത്തേക്കായിരുന്നു ആ നിയമനം.

ഐശ്വര്യയെ വീട്ടിൽ നിന്നും കൂട്ടുന്നതും സിനിമയുടെ സെറ്റിൽ കൊണ്ടുവിടുന്നതും തിരികെ വീട്ടിൽ എത്തിക്കുന്നതുമെല്ലാം എന്റെ ജോലിയുടെ ഭാഗമായിരുന്നു. അങ്ങനെയിരിക്കെ ഒരു ഫാഷൻ ഷോയിൽ വെച്ച് ഞാൻ സൽമാൻ ഖാനുമായി മുഖാമുഖം വന്നു. എന്നാൽ ആ സംഭവത്തിന് ശേഷം ഞാൻ ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. സൽമാൻ ഖാന്റെയും ഐശ്വര്യയുടേയും കടുത്ത ആരാധകനായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ അവർക്കിടയിൽ ഒരു തടസ്സമായി നിൽക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.”