സംവിധാനത്തിലേക്ക് ചുവട്‌വെച്ച് പാഷാണം ഷാജി

ഹാസ്യതാരം പാഷാണം ഷാജി (സാജു നവോദയ) സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നു. ഫുട്ബാള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പാണാവള്ളി പാണ്ഡവാസ് എന്ന ചിത്രത്തിലൂടെയാണ് പാഷാണം ഷാജി സംവിധായകനായി അരങ്ങേറുന്നത്. പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവന്‍സ് എന്നീ സെവന്‍സ് ഫുട്ബാള്‍ ടീമുകളുടെ മത്സരത്തോടൊപ്പം ഒരു സൈക്കോ കില്ലറിന്റെ കഥ കൂടി പറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് പാഷാണം ഷാജി തന്നെയാണ്.

സലിംകുമാര്‍, ഐ.എം. വിജയന്‍, സോഹന്‍ സീനുലാല്‍, നോബി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശെല്‍വകുമാറാണ്. ഒരുവര്‍ഷമായി ചിത്രത്തിന്റെ എഴുത്തും മറ്റും തിരക്കുകളുമായിരുന്നതിനാലാണ് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നതെന്നും പാണാവള്ളി പാണ്ഡവാസില്‍ താന്‍ അഭിനയിക്കുന്നില്ലെന്നും പാഷാണം ഷാജി വ്യക്തമാക്കി. അനുരാഗ് മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളിയിലും കമ്പത്തും തേനിയിലുമായി ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.