
മോഹൻലാലിന് അഭിനയത്തോടുള്ള സൂക്ഷ്മത തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്ന് ബോളിവുഡ് നടൻ സെയിഫ് അലി ഖാൻ. ക്യാമറ ഉണ്ടന്നുള്ള കാര്യം പരിഗണിക്കാതെ അത്രയും സൂക്ഷ്മമായാണ് ലാല്‍ സാര്‍ അഭിനയിക്കുന്നതെന്നും, അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്നും സെയ്ഫ് അലി ഖാന് പറഞ്ഞു. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മോഹന്‍ലാല്‍ സാറിനെ ഞാൻ മുൻപും കണ്ടിട്ടുണ്ട്. പക്ഷെ എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന് അഭിനയത്തോടുള്ള സൂക്ഷ്മതയാണ്. ചിത്രത്തില്‍ ഒരു ഷോട്ടില്‍ മാത്രമാണ് അദ്ദേഹമുള്ളതെങ്കിലും പ്രിയന് സാറുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ രസകരമായിരുന്നു. ക്യാമറ ഉണ്ടന്നുള്ള കാര്യം പരിഗണിക്കാതെ അത്രയും സൂക്ഷ്മമായാണ് അദ്ദേഹം അഭിനയിക്കുന്നത്. അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ട്.” സെയിഫ് അലി ഖാൻ പറഞ്ഞു.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹയ്വാൻ’. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2016ല്‍ പുറത്തിറങ്ങിയ ഒപ്പം എന്ന ചിത്രത്തിന്റെ ഹിന്ദി റീ മേക്കാണ് ഹയ്വാൻ. 18 വർഷങ്ങൾക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സെപ്റ്റംബർ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഹയ്വാൻ റിലീസ് ചെയ്യും.