
ബോളിവുഡ് ചിത്രം ‘രാമായണ’യുടെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് നേരിടേണ്ടിവന്ന രസകരമായ ഒരു തെറ്റിദ്ധാരണയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സായ് പല്ലവി. ചിത്രീകരണത്തിനിടയില്‍ താരം ലെഹങ്കയും വിവാഹ വസ്ത്രങ്ങളും മാറ്റിനോക്കുന്നത് കണ്ട് അണിയറപ്രവര്‍ത്തകര്‍ താന്‍ രഹസ്യമായി വിവാഹിതയാകാൻ പോകുകയാണെന്ന് കരുതിയെന്നാണ് സായ് പല്ലവി വെളിപ്പെടുത്തുന്നത്. ജഗപതി ബാബുവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ രസകരമായ അനുഭവം പങ്കുവെച്ചത്.
ഈയ്യടുത്ത് നടന്ന സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹത്തോടനുബന്ധിച്ചായിരുന്നു ഈ സംഭവങ്ങള്‍. ‘രാമായണ’യുടെ തിരക്കുകള്‍ക്കിടയിലും സഹോദരിയുടെ വിവാഹ ഒരുക്കങ്ങളെല്ലാം നോക്കിക്കണ്ടിരുന്നത് സായ് പല്ലവിയായിരുന്നു. ഓസ്‌ട്രേലിയയിലായിരുന്ന പൂജ വിവാഹത്തിന് പത്ത് ദിവസം മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ഡെക്കറേഷന്‍ മുതല്‍ സാരിയും ലെഹങ്കയും അടക്കമുള്ള ഷോപ്പിങ് മുഴുവന്‍ നടത്തിയതും നിയന്ത്രിച്ചതും സായ് പല്ലവി തന്നെയായിരുന്നു.
വിവാഹത്തിനായുള്ള ലെഹങ്കകളും മറ്റ് വസ്ത്രങ്ങളും ഷൂട്ടിങ് സെറ്റിലേക്ക് വരുത്തി സായ് പല്ലവി ഇടയ്ക്കിടെ അണിഞ്ഞു നോക്കുമായിരുന്നു. ഇത് കണ്ട കൂടെയുള്ളവര്‍ താരം രഹസ്യമായി വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. തനിക്ക് സംഭവിച്ച ഈ കൗതുകകരമായ അമളി കാരണം പിന്നീട് വസ്ത്രങ്ങളെല്ലാം സെറ്റില്‍ നിന്നും ഒളിപ്പിച്ചു വെക്കേണ്ടി വന്നുവെന്നും താരം ചിരിയോടെ ഓര്‍ക്കുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യില്‍ സീതയായിട്ടാണ് സായ് പല്ലവി അഭിനയിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ രാമനായും കന്നഡ താരം യാഷ് രാവണനായും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നവംബര്‍ 5-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനുപുറമേ മമ്മൂട്ടിയും ധനുഷും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘ഓം’-ലും സായ് പല്ലവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവംബര്‍ 20-ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ ശക്തമായൊരു പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്.
”രാമായണ ഷൂട്ട് കഴിയുമ്പോള്‍ ഞാന്‍ ലെഹങ്ക ഇട്ടു നോക്കുമായിരുന്നു. അവരെല്ലാം കരുതിയത് ഞാന്‍ രഹസ്യമായി കല്യാണം കഴിക്കാന്‍ പോവുകയാണെന്നാണ്. എല്ലാ കല്യാണ ഡസ്രുകളും കൊണ്ടു വരൂ എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്റെ കല്യാണമാണെന്നും അതിനായി ഞാന്‍ തയ്യാറെടുക്കുകയാണെന്നുമാണ് അവര്‍ കരുതിയത്. അതിനാല്‍ എനിക്ക് അതെല്ലാം ഒളിപ്പിച്ചു വെക്കേണ്ടി വന്നു.” സായ് പല്ലവി പറഞ്ഞു.
”വിവാഹം വളരെ മനോഹരമായിരുന്നു. എല്ലാം പല്ലവി കാരണമാണ്. ഞാന്‍ ഓസ്‌ട്രേലിയയിലായിരു്‌നു. വിവാഹത്തിന് പത്ത് ദിവസം മുമ്പ് മാത്രമാണ് ഞാന്‍ എത്തുന്നത്. പല്ലവിയാണ് എല്ലാം നോക്കിയത്. ഡെക്കറേഷന്‍ മുതല്‍ സാരി വരെ. എനിക്ക് വേണ്ടി അവളാണ് ഷോപ്പിങ് ചെയ്തത്. സാരിയും ലെഹങ്കയുമൊക്കെ ഇട്ടിട്ട് എനിക്ക് ഫോട്ടോ അയച്ചു തരുമായിരുന്നു.” സഹോദരി പറഞ്ഞത്.