
മോഹൻലാലിൻ്റെ 368-ാമത് ചിത്രം അനൂപ് സത്യൻ സംവിധാനം ചെയ്യുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുകയും ബിനു ജോർജ് അലക്സാണ്ടർ നിർമിക്കുകയും ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ‘വരനെ ആവശ്യമുണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനൂപ് സത്യൻ പുതിയ സിനിമയുമായി എത്തുന്നത്.
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ നീണ്ട അനുഭവസമ്പത്തിനു ശേഷം അദ്ദേഹത്തിന്റെ മകനൊപ്പവും പ്രവർത്തിക്കാൻ സാധിക്കുന്നതിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ചടങ്ങിൽ മോഹൻലാൽ വ്യക്തമാക്കി. സംവിധായകന്റെ നിർദേശത്തിനനുസരിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യത്തെ സിനിമ മുതൽ ഒടുവിൽ ചെയ്തതുവരെയുള്ള ചിത്രത്തിൽ അഭിനയിച്ചയാളാണ് ഞാൻ. അതൊരു വലിയ യാത്രയാണ്. അതിന്റെ തുടർച്ചപോലെ അദ്ദേഹത്തിന്റെ മകന്റെ കൂടെയും സിനിമ ചെയ്യാൻ സാധിക്കുന്നു. അത് വളരെ പ്രതീക്ഷയുള്ള ചിത്രമാണ്. നല്ലൊരു ചിത്രമായി വരാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്. സിനിമയെക്കുറിച്ച് സംസാരിക്കേണ്ടത് സംവിധായകനും അതിൽ പ്രവർത്തിക്കുന്നവരുമാണ്. ഞാനതുകേട്ട് പ്രവർത്തിക്കുന്ന ഒരാൾ മാത്രമാണ്.” മോഹൻലാലിന്റെ വാക്കുകൾ.
ആറുവർഷത്തിനുശേഷമാണ് തന്റെ സിനിമ വരുന്നതെന്ന് സംവിധായകൻ അനൂപ് സത്യൻ പറഞ്ഞു. അത് ആഗ്രഹിച്ചുചെയ്യുന്ന സിനിമയായി മാറിയെന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു
മുകേഷ്, സംഗീത പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിക്കുമ്പോൾ, സ്റ്റണ്ട് സിൽവയാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും.