
ഡ്യൂഡ് ചിത്രത്തിലെ ‘ഊരും ബ്ലഡ്’ എന്ന ഗാനങ്ങൾക്ക് വന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഗാനമൊരുക്കിയ സായ് അഭ്യങ്കർ. ആ ഗാനത്തെ മനസിലാക്കി എടുക്കാൻ പ്രേക്ഷകർക്ക് രണ്ട് ദിവസം വേണ്ടി വന്നുവെന്നും, വിമർശനങ്ങൾ തന്നെ വേദനിപ്പിക്കാറില്ലെന്നും സായ് അഭ്യങ്കർ പറഞ്ഞു.
‘ഊരും ബ്ലഡ് റിലീസായ സമയത്ത് ആദ്യത്തെ രണ്ട് ദിവസം പ്രേക്ഷകർക്ക് സമ്മിശ്ര അഭിപ്രായം ആയിരുന്നു. എന്നാൽ മൂന്നാം ദിവസം മുതൽ ഗാനം വൈറൽ ആകാൻ തുടങ്ങി. ആ ഗാനത്തെ മനസിലാക്കി എടുക്കാൻ പ്രേക്ഷകർക്ക് രണ്ട് ദിവസം വേണ്ടി വന്നു. പുതിയത് എന്തെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെയും കീർത്തിയുടെയും ആഗ്രഹം. എന്റെ ആ വിഷനെ അദ്ദേഹം സപ്പോർട്ട് ചെയ്തതിൽ സന്തോഷമുണ്ട്.’ സായ് അഭ്യങ്കർ പറഞ്ഞു.
ഒരു ഘട്ടത്തിൽ ഊരും ബ്ലഡിനെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആളുകൾ ആ പാട്ട് കേൾക്കാൻ തുടങ്ങി. പാട്ടു ഇഷ്ടമായവർ വീണ്ടും അത് കേട്ടു, ഇഷ്ടമാകാത്തവരും അത് കേൾക്കാൻ തുടങ്ങി. വിമർശനങ്ങൾ എന്നെ വേദനിപ്പിക്കാറില്ല. പ്രേക്ഷകർ എന്ത് പറഞ്ഞാലും അത് എന്റെ നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാൻ.’ സായ് അഭ്യങ്കർ കൂട്ടിച്ചേർത്തു.
പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. 100 കോടിക്ക് മുകളിൽ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. ചിത്രത്തിലെ ‘ഊരും ബ്ലഡ്’ എന്ന ഗാനം വലിയ തരംഗമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ഗാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ചില വിമർശനങ്ങളും ഈ ഗാനത്തിന്റെ തേടി എത്തിയിരുന്നു.