സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ

അകാലത്തിൽ പൊലിഞ്ഞ അതുല്യ സംവിധായകൻ സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. അദ്ദേഹത്തിന്റെ ലഘുജീവാചരിത്രം എഴുതുക എന്നതായിരുന്നു ചോദ്യം.

പേര് കെ.ആര്‍. സച്ചിദാനന്ദന്‍, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരില്‍ 1972 ഡിസംബര്‍ 25 ന് ജനനം, തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ല്‍ അനാര്‍ക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ് ചിത്രം, മരണം: 2020 ജൂണ്‍ 18ന്’. മേല്‍പ്പറഞ്ഞ വിവരങ്ങള്‍ ചേര്‍ത്ത് സച്ചിയുടെ ഒരു പ്രൊഫൈല്‍ എഴുതാനാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യം.


‘അയ്യപ്പനും കോശിയും’ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പാണ് സച്ചി എന്ന പ്രതിഭ ലോകത്തോട് വിടവാങ്ങിയത്. സച്ചിയുടെ മരണം മലയാള സിനിമയുടെ തീരാനഷ്ടമാണ്. 2012ല്‍ ‘റണ്‍ ബേബി റണ്ണി’ലൂടെ സ്വതന്ത്രമായി തിരക്കഥ എഴുതി തുടങ്ങിയ സച്ചി, പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളാണ് മലയാളത്തിന് സമ്മാനിച്ചു. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവിനൊപ്പമാണ് സച്ചി തിരക്കഥ എഴുതി തുടങ്ങുന്നത്. ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകളൊരുക്കി. ചോക്‌ളേറ്റാണ് (2007) ഇരുവരും ഒന്നിച്ച് തിരക്കഥ എഴുതിയ ആദ്യ ചിത്രം.

2015ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ബോക്സ്’ ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോണ്‍ എബ്രഹാമിന്റെ നിര്‍മ്മാണ കമ്പനിയായ ജെ.എ. എന്റര്‍ടൈന്‍മെന്റ് സ്വന്തമാക്കിയത് അടുത്തിടെയാണ്. ബിജു മേനോന്‍ ചിത്രം ചേട്ടായീസിലൂടെ നിര്‍മ്മാതാവായി. ബിജു മേനോന്‍, ഷാജൂണ്‍ കരിയാല്‍, പി. സുകുമാര്‍, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം ‘തക്കാളി ഫിലിംസ്’ എന്ന ബാനറില്‍ ‘ചേട്ടായീസ്’ സിനിമ നിര്‍മ്മിച്ചു.