ആരാധനയ്ക്ക് അഞ്ചിലധികം പേര്‍ വേണ്ട…കളക്ടര്‍ തീരുമാനം മാറ്റരുതെന്ന് പാര്‍വ്വതി

കൊവിഡ് സാഹചര്യത്തില്‍ മലപ്പുറത്തെ ആരാധനാലയങ്ങളില്‍ അഞ്ച് പേരിലധികം പ്രവേശിപ്പിക്കരുതെന്ന് നടി പാര്‍വതി. അഞ്ച് പേരെ മാത്രമെ പ്രവേശിക്കാവൂ എന്ന നിര്‍ദ്ദേശം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ വിവധ മതനേതാക്കളുടെ ആവശ്യ പ്രകാരം പുനഃപരിശോധന യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ എതിര്‍പ്പ് അറിയിച്ച് ഇപ്പോള്‍ നടി പാര്‍വ്വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുകയാണ്. മലപ്പുറം കള്കടര്‍ കെ ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച്ച ഉണ്ടാകുമെന്ന് അറിയിച്ചത്. തിങ്കളാഴ്ച്ചത്തെ യോഗത്തിലും ആളുകളെ പരിമിതപ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറരുതെന്നാണ് പാര്‍വ്വതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭിപ്രായപ്പെട്ടത്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 28,447 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. പാര്‍വതിയുടെ കുറിപ്പ് താഴെ
‘മനുഷ്യരെന്ന നിലയില്‍ മറ്റുള്ളവരുടെയും നമ്മുടെയും ജീവന്‍ രക്ഷിക്കാന്‍ ഒരു മത സമുദായത്തെയും അവരുടെ മര്യാദയില്‍ നിന്നും കടമയില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. കൊവിഡിന്റെ ഭീകരമായ രണ്ടാം തരംഗമാണ് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുന്‍ തീരുമാനം മലപ്പുറം കളക്ടര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യു.’ പാര്‍വ്വതി തിരുവോത്ത്.

ഇതിന് മുമ്പ് തൃശൂര്‍ പൂരം ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്നതിലും താരം എതിര്‍പ്പ് അറിയിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം വരവിലെങ്കിലും അല്‍പം മാനുഷിക പരിഗണന നല്ലതാണെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വ്വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വ്വതി ഇക്കാര്യം വ്യക്തമാക്കിയത്.
‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരാര ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ എന്നാണ് ഷാഹിന നഫീസ പറഞ്ഞത്. ഇതില്‍ താന്‍ യോചിക്കുന്നുണ്ടെന്നും ഇവിടെ പറയേണ്ട യഥാര്‍ത്ഥ ഭാഷ എനിക്ക് പറയാനാവുന്നില്ലെന്നും പാര്‍വ്വതി സ്റ്റോറിയില്‍ വ്യക്തമാക്കിയിരുന്നു.