ദാദാ സാഹിബ്, താണ്ഡവം, ശിക്കാര്‍, തിരുവമ്പാടി തമ്പാന്‍, കനല്‍, സര്‍വ്വോപരി പാലക്കാരന്‍ തുടങ്ങീ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി ശ്രദ്ധേയനായ തിരക്കഥാകൃത്താണ് എസ്.സുരേഷ് ബാബു. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ തിരിച്ചെത്തുന്ന ചിത്രം ഒരുത്തീയുടെ തിരക്കുകളിലാണ് സുരേഷ് ബാബു ഇപ്പോള്‍. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളാണ് സുരേഷ് തെരഞ്ഞെടുക്കാറുള്ളത്. ഒരുത്തീയിലൂടെ മറ്റൊരു സാമൂഹ്യ പ്രാധാന്യമുള്ള വിഷയം കൂടി അവതരിപ്പിക്കുകയാണ് അദ്ദേഹം. എന്ത്‌കൊണ്ടാണ് താന്‍ അത്തരം വിഷയങ്ങളില്‍ ഊന്നി ചിത്രമൊരുക്കുന്നതെന്ന് സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് സുരേഷ് ബാബു. ശിക്കാര്‍ എന്ന സിനിമയില്‍ മാവോയിസ്റ്റുകളുമായി ബന്ധമുള്ള വിഷയം അവതരിപ്പിച്ചത് ഈ കാലത്തും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു.അദ്ദേഹത്തിന്റെ വാക്കുകള്‍…
‘അത്തരം വിഷയങ്ങളാണ് ഞാന്‍ എപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. ഒരു എഴുത്തുകാരന്റെ കഴിവ്, അല്ലെങ്കില്‍ അയാളുടെ കരിയര്‍ ആരംഭിക്കുന്നത് പ്രേക്ഷകനുമായി കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു സംവിധായകനിലേക്കെത്തുന്നിടത്ത് നിന്നാണ്. ഞാന്‍ അതിന് വേണ്ടിയുള്ള ഒരു യാത്രയിലാണ്. ശിക്കാറിലും ജലത്തിലും സാമൂഹികമായി പ്രതിബാധിക്കുന്ന വിഷയങ്ങളാണ് ഉള്ളത്. ശിക്കാറില്‍ അവസാന ഭാഗത്ത് ‘സാര്‍ അവര്‍ക്കും കൂടിയുള്ളതാണ് ജീവിതം’ എന്ന് മോഹന്‍ലാല്‍ പറയുന്നത്‌പോലെ, ആ തിരിച്ചറിവ് ഇന്നത്തെ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് പോലും ഉണ്ടാവുന്നില്ല എന്ന ആശങ്ക ഒരു എഴുത്ത്കാരനെന്ന നിലയ്ക്കും ഒരു സാമൂഹ്യജീവിയെന്ന നിലയ്ക്കും മറ്റെല്ലാവരെയും പോലെ എനിക്കുമുണ്ട്. അതൊക്കെ തന്നെയാണ് എപ്പോഴും സിനിമകളായി ചിത്രീകരിക്കപ്പെടുന്നത്’ എന്നാണ് സുരേഷ് ബാബു പറയുന്നത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം സെല്ലുലോയ്ഡ് യൂട്യൂബ് ചാനലില്‍ ഉടന്‍ വരുന്നു.