
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ആരാധനയും തുറന്നുപറഞ്ഞ് പ്രശസ്ത തെലുങ്ക് സംവിധായകൻ എസ്.എസ്. രാജമൗലി. ഫഹദ് നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം ‘ഡോണ്ട് ട്രമ്പിൾ ദ ട്രമ്പിളിന്റെ’ കേരളത്തിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫഹദിന്റെ സിനിമകൾ പ്രത്യേക വിഭാഗം സിനിമാപ്രേമികൾ മാത്രമാണ് കാണുന്നത് എന്ന തന്റെ മുൻധാരണ തെറ്റാണെന്ന് തിരിച്ചറിഞ്ഞ അനുഭവും രാജമൗലി വേദിയിൽ പങ്കുവെച്ചു.
ഏകദേശം ആറ്-ഏഴ് വർഷങ്ങൾക്ക് മുൻപ് ചെറിയൊരു ഗ്രാമത്തിൽ താമസിക്കുന്ന തന്റെ ഭാര്യയുടെ 55 വയസ്സുള്ള ബന്ധുവാണ് ഫഹദിന്റെ സിനിമകളെക്കുറിച്ച് തന്നോട് ചോദിക്കുന്നത്. അന്നാണ് ഫഹദിന്റെ റേഞ്ചും റീച്ചും എന്താണെന്ന് താൻ യഥാർത്ഥത്തിൽ മനസ്സിലാക്കിയതെന്നും, എലീറ്റ് ക്ലാസിന് പുറമെ സാധാരണക്കാരായ തെലുങ്ക് സിനിമാപ്രേക്ഷകർക്കിടയിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതായും രാജമൗലി പറഞ്ഞു. ഫഹദിനെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരണമെന്ന് താൻ ഏറെ നാളായി ആഗ്രഹിച്ചിരുന്നുവെന്നും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ അദ്ദേഹത്തിന്റെ ഒട്ടനവധി ചിത്രങ്ങൾ കണ്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്ത രാജമൗലി, ഫഹദിന്റെ ജനസമ്മിതിയെ വിശേഷിപ്പിച്ചത് തെലുങ്ക് പ്രേക്ഷകർക്കിടയിൽ കൊറോണയേക്കാൾ വേഗത്തിൽ പടർന്നുപിടിച്ച പ്രതിഭയെന്നാണ്.
രാജമൗലിയുടെ വാക്കുകൾ;
‘ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകൾ ഒടിടിയിലൂടെ ഞാൻ കണ്ടിട്ടുണ്ട്. ആ സിനിമകളെല്ലാം വലിയ സിനിമാപ്രേമികളോ, പ്രത്യേക ക്ലാസിൽ നിന്നുള്ള ആളുകളോ മാത്രമേ കാണുന്നുണ്ടാകുള്ളു എന്നാണ് ഞാൻ കരുതിയത്. എന്നാൽ ആ ധാരണ തെറ്റായിരുന്നു എന്ന് പിന്നീട് മനസിലായി.
ആറ്-ഏഴ് വർഷം മുൻപ് നടന്ന സംഭവമാണ്. എന്റെ ഭാര്യയുടെ ഒരു ബന്ധു, 55 വയസ്സുള്ള, ചെറിയൊരു ഗ്രാമത്തിൽ ജീവിക്കുന്ന സ്ത്രീയാണ് അവർ, എന്നോട് ഫഫയുടെ സിനിമകൾ കാണാറുണ്ടോ എന്ന് ചോദിച്ചു. അന്ന് ഫഫ ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നിങ്ങൾക്ക് ഫഹദ് ഫാസിലിനെ അറിയില്ലേ എന്നായിരുന്നു അവരുടെ മറുചോദ്യം.
അന്നാണ് ഫഫയുടെ റേഞ്ചും റീച്ചും എന്താണെന്ന് എനിക്ക് മനസിലായത്. എലീറ്റ് ഗ്രൂപ്പിന് മാത്രമല്ല ഫഫയെ അറിയുന്നത് എന്ന് തിരിച്ചറിഞ്ഞു. കൊറോണയേക്കാൾ വേഗത്തിലാണ് ഫഹദ് ഫാസിൽ തെലുങ്ക് പ്രേക്ഷകർക്കിടയിൽ പടർന്ന് പിടിച്ചത് എന്ന് പറയാം,