
എസ്.എസ്. രാജമൗലി സാറിനെ തനിക്ക് വലിയ പേടിയാണെന്ന് സംവിധായകന് ഗിരീഷ് എ.ഡി. ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ സിനിമയുടെ കേരള പ്രീ-റിലീസ് വേദിയിലായിരുന്നു ഗിരീഷ് എ.ഡി.യുടെ രസകരമായ പരാമർശം. സെറ്റില്‍ വളരെ കൂളായ ആളാണെങ്കിലും ഒരു സംവിധായകന് എന്ന നിലയില്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തനിക്ക് ചെറിയ പേടിയുണ്ടെന്ന് ഗിരീഷ് എ.ഡി. വേദിയില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തിയേറ്ററില്‍ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ പറ്റുന്ന മികച്ചൊരു ചിത്രമായിരിക്കും ‘ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എസ്. രാജമൗലി, ഫഹദ് ഫാസിൽ, നിര്‍മ്മാതാവ് എസ്.എസ്. കാര്‍ത്തികേയ, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍, ബാലതാരം സാറ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ സിനിമയുടെ വിശേഷങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. താന്‍ എടുത്ത ഇടവേളകളും സിനിമയിലെ 25 വര്‍ഷത്തെ കരിയറും 66-ല്‍ പരം ചിത്രങ്ങളും ചേര്‍ത്തുവെച്ച് മലയാള പ്രേക്ഷകരുടെ പിന്തുണയ്ക്ക് ഫഹദ് ഫാസില്‍ നന്ദി അറിയിച്ചു. കേരളത്തിലെ പ്രേക്ഷകര്‍ സിനിമയെ ഏറ്റവും മികച്ച രീതിയില്‍ സ്നേഹിക്കുന്നവരാണെന്നും ഫഹദിന്റെ ഈ ചിത്രം എല്ലാവരും ഏറ്റെടുക്കുമെന്നുറപ്പുണ്ടെന്നും നിര്‍മ്മാതാവ് എസ്.എസ്. കാര്‍ത്തികേയ പറഞ്ഞു. ശ്യാം പുഷ്ക്കരനും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പങ്കുവെച്ചത്.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഫാന്റസി ഫാമിലി എന്റര്‍ടെയിനറായ ഈ ചിത്രത്തില്‍ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ബാഹുബലി ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ആര്‍ക്കാ മീഡിയ വര്‍ക്ക്സ്, ഷോയിംഗ് ബിസിനസ് എന്നിവയുടെ ബാനറില്‍ ഷോബു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാര്‍ത്തികേയ എന്നിവരാണ് നിര്‍മ്മാണം. ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസാണ് ചിത്രം കേരളത്തില്‍ തിയേറ്ററുകളിലെത്തിക്കുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന് കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എസ്.എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്മെന്റ് നിര്‍വഹിച്ചിരിക്കുന്നത്.