
തനിക്ക് സിനിമയില്‍ നേരിടേണ്ടി വന്ന അപമാനകരമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്. സൗന്ദര്യസങ്കൽപ്പങ്ങളുടെ പേരിൽ ഒരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും, എന്നാൽ വർഷങ്ങൾക്കിപ്പുറം ആ വ്യക്തിയെക്കുറിച്ച് ഓർക്കുമ്പോൾ ദേഷ്യത്തിനപ്പുറം സഹതാപമാണ് തോന്നുന്നതെന്നും താരം വ്യക്തമാക്കി. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്.
ശരീരപ്രകൃതിയുടെയും നിറത്തിന്റെയും പേരിൽ സമൂഹം കൽപ്പിച്ചുനൽകിയിട്ടുള്ള മുൻവിധികളാണ് അന്ന് ആ നടന്റെ തീരുമാനത്തിന് പിന്നിലെന്ന് മഞ്ജു ചൂണ്ടിക്കാണിക്കുന്നു. അൽപ്പം നിറം കുറഞ്ഞ, വണ്ണമുള്ള ഒരു സ്ത്രീയെ ടിപ്പിക്കൽ സൗന്ദര്യമുള്ള ഒരു പുരുഷന്റെ ഭാര്യയായി സ്ക്രീനിൽ കണ്ടാൽ സമൂഹം അംഗീകരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അത്രയും സൗന്ദര്യമുള്ളൊരു പുരുഷനെ വിവാഹം കഴിക്കണമെങ്കിൽ ആ സ്ത്രീ ഒന്നുകിൽ ധനികയായിരിക്കണം അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക കാരണങ്ങൾ ഉണ്ടാകണമെന്ന ചിന്താഗതിയാണ് തനിക്കെതിരെയുള്ള നിലപാടിന് കാരണമായതെന്നും താരം വ്യക്തമാക്കി.
എങ്കിലും ആ സംഭവത്തോട് ഇപ്പോൾ വളരെ പക്വതയോടെയാണ് താരം പ്രതികരിക്കുന്നത്. മനുഷ്യർക്ക് തെറ്റുപറ്റാമെന്നും, അന്ന് ആ നടൻ പറഞ്ഞത് അദ്ദേഹത്തിന്റെ നാക്കുപിഴയോ അല്ലെങ്കിൽ ചിന്തയിലെ അബദ്ധമോ ആയിരിക്കാമെന്നാണ് മഞ്ജു കരുതുന്നത്. പിന്നീട് കാണുമ്പോൾ ആ വ്യക്തിയോട് സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും, താൻ അനുഭവിച്ച മാനസിക വിഷമങ്ങൾ ഓർത്ത് ആ മനുഷ്യനും പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടാകാം എന്ന് കരുതുന്നതായും അവർ കൂട്ടിച്ചേർത്തു. ചെറുപ്പകാലത്ത് തന്റെ നിറത്തിന്റെ പേരിൽ താൻ ഒരുപാട് കളിയാക്കലുകളും വിഷമങ്ങളും നേരിട്ടിട്ടുണ്ടെന്നും, സമൂഹം അക്കാലത്ത് ഇത്തരം കാര്യങ്ങളെ കാണുന്ന രീതി വലിയൊരു വൈകൃതമായിരുന്നുവെന്നും മഞ്ജു കൂട്ടിച്ചേർത്തു.
മഞ്ജുവിന്റെ വാക്കുകൾ;
”പറഞ്ഞിട്ടുണ്ട്. അതിനൊരു കാരണം വേണമെന്ന് പറഞ്ഞു. അല്‍പ്പം ഡസ്‌കിയായിട്ടുള്ള, വണ്ണമുള്ള സ്ത്രീയെ സുന്ദരനായിട്ടുള്ള, കേരളത്തിലെ ടിപ്പിക്കല്‍ സൗന്ദര്യമുള്ള പുരുഷന്റെ ഭാര്യായി വന്നാല്‍ സമൂഹം അംഗീകരിക്കില്ല, അങ്ങനൊരു സ്ത്രീയെ വിവാഹം കഴിക്കണമെങ്കില്‍ അവള്‍ ധനികയായിരിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കിലേ അത്രയും സുന്ദരനായൊരു പുരുഷനെ ആ സ്ത്രീയ്ക്ക് കിട്ടുകയുള്ളൂ എന്ന ചിന്താഗതിയുള്ള ആള് പറഞ്ഞത്. എന്നോട് അങ്ങനെ സംസാരിച്ചിട്ടുണ്ട്.
അതേസമയം, ആ വ്യക്തിയെ പിന്നീട് കാണുമ്പോള്‍ പാവം തോന്നും. അയാളോട് സംസാരിക്കാറുണ്ട്. 32 പല്ലിന് ഇടയിലുള്ള നാക്കാണ്. നമ്മള്‍ പറയുന്നതെല്ലാം ശരിയാകണം എന്നില്ല. നമുക്ക് അബദ്ധങ്ങള്‍ പറ്റും. അങ്ങനെ സംഭവിച്ചൊരു അബദ്ധം ആയിരിക്കാം അത്. ആ മനുഷ്യനും പിന്നീട് കുറ്റബോധമുണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നോട് വളരെ സ്‌നേഹമാണ്
നിറത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഈ ടോണില്‍ ജനിച്ച എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. അതെന്തോ മാരക തെറ്റായിരുന്നു. ഇപ്പോഴുമുണ്ട്. പഴയതിന്റെ അത്രയും വൈകൃതം അല്ല എന്ന് മാത്രം.