റോഷന്‍ മാത്യു ബോളിവുഡിലേക്ക്, അരങ്ങേറ്റം അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ

ആനന്ദം എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് റോഷന്‍ മാത്യു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് റോഷന്‍. സംവിധായിക ഗീതു മോഹന്‍ദാസായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപിന്റെ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരമാണ് റോഷന്‍ മാത്യൂവിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച്ച മുംബൈയില്‍ ആരംഭിക്കും.

റോഷന് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു ഗീതു മോഹന്‍ദാസിന്റെ പോസ്റ്റ് വന്നത്. ഗീതുവിന്റെ മൂത്തോന്‍ എന്ന പുതിയ ചിത്രത്തില്‍ റോഷന്‍ അഭിനയിച്ചിരുന്നു. താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയില്‍ റോഷന്റേത് അവിശ്വസനീയ പ്രകടനമായിരുന്നുവെന്നാണ് ഗീതു മോഹന്‍ദാസ് കുറിപ്പില്‍ പറഞ്ഞത്. മൂത്തോന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് അനുരാഗ് കശ്യപ്.

‘മന്‍മര്‍സിയാന്’ ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോഷന്‍ നായകനാവുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ അണിയറപ്രവര്‍ത്തകരെ കുറിച്ചോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അടി കപ്യാരെ കൂട്ടമണി എന്ന സിനിമയിലൂടെയാണ് റോഷന്‍ അരങ്ങേറ്റം കുറിച്ചത്. ആനന്ദം, പുതിയ നിയമം, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, കടംകഥ, മാച്ച്‌ബോക്‌സ്, ഒരായിരം കിനാക്കളാല്‍, കൂടെ, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.