ഓപ്പറേഷന്‍ ജാവ ബോളിവുഡിലേക്ക്

ഹിറ്റ് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഓപ്പറേഷന്‍ ജാവ ബോളിവുഡിലേക്ക്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷന്‍ ജാവ ഹിന്ദി റീമേക്ക് വിവരം പുറത്തുവിട്ടത്. സൂപ്പര്‍താരങ്ങളോ മുന്‍നിര താരങ്ങളോ ഇല്ലാതെയെത്തി തിയറ്ററുകള്‍ 75 ദിവസം വിജകരമായി പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ഓപ്പറേഷന്‍ ജാവ.

സിനിമയുടെ ഹിന്ദി ഡബ്ബിംഗ് അവകാശവും റീമേക്ക് അവകാശവുമാണ് കൈമാറിയിരിക്കുന്നത്. ബോളിവുഡ് റീമേക്കും തരുണ്‍ മൂര്‍ത്തി തന്നെയാണോ സംവിധാനം ചെയ്യുന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ബാലു വര്‍ഗീസും ലുക്മാനും കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ബിനു പപ്പു, വിനായകന്‍, വിനീത കോശി, അലക്‌സാണ്ടര്‍ പ്രശാന്ത് എന്നിവരും പ്രധാന റോളിലെത്തിയിരുന്നു. ജേക്‌സ് ബിജോയ് സംഗീതസംവിധാനവും ഫായിസ് സിദ്ദീഖ് ക്യാമറയും കൈകാര്യം ചെയ്തു

അവതരണത്തിലും പ്രമേയത്തിലും കഥാപാത്രപരിചണത്തിലും ഒരേപോലെ മികവ് പുലര്‍ത്തുന്ന ‘ഓപ്പറേഷന്‍ ജാവ’ കോവിഡിന് ശേഷം തിയറ്ററുകൾക്ക്‌ ആശ്വാസമായിരുന്നു.

സൂഷ്മമായ ആഖ്യാനത്തിനൊപ്പം പഴുതുകളടച്ച തിരക്കഥയും സാങ്കേതിക തികവും കൂടി ചേരുമ്പോള്‍ നവാഗതനായ തരുണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ പ്രേക്ഷകര്‍ക്ക് മികച്ചൊരു തിയറ്ററിക്കല്‍ അനുഭവമായി മാറി.

കേരള പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിന്റെ കീഴില്‍ വരുന്ന വ്യത്യസ്തങ്ങളായ കുറ്റകൃത്യങ്ങളിലേക്കും,കുറ്റവാളികളിലേക്കും ഇരയാക്കപ്പെടുന്നചിലരെയാണ് സിനിമ കാണിച്ചു തന്നത്.

പ്രിയ സിനിമാസിന്റെ ബാനറിൽ വി സിനിമാസാണ് ചിത്രം നിർമ്മിച്ചത്.
ഫൈസ് സിദ്ധിക്കാണ് ഛായാഗ്രഹണം.
ചിത്രസംയോജനം നിഷാദ് യൂസഫ്.

കൊവിഡ് ആദ്യതരംഗത്തിനും ലോക്ക് ഡൗണിനും പിന്നാലെ തിയറ്ററുകള്‍ തുറന്നെങ്കിലും സെക്കന്‍റ് ഷോ പ്രതിസന്ധി അടക്കമുള്ള കാരണങ്ങളാല്‍ പല സൂപ്പര്‍താര ചിത്രങ്ങളും മടിച്ചുനിന്നപ്പോഴാണ് ‘ഓപ്പറേഷന്‍ ജാവ’യുടെ തിയറ്ററുകളിലേക്കുള്ള വരവ്. വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ പതിയെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുകയായിരുന്നു. പ്രധാന സെന്‍റുകളില്‍ 75
ദിവസം കളിച്ചതിനു ശേഷമാണ് ചിത്രം പ്രദര്‍ശനം അവസാനിപ്പിച്ചത്.