‘ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു, ക്ഷമാപണം നടത്തിയിട്ടും വേട്ടയാടൽ തുടർന്നു: തുറന്നുപറച്ചിലുമായി ആർജെ അഞ്ജലി

','

' ); } ?>

ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ച് രണ്ടാം ദിനം തന്നെ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ബിഗ് ബോസ് വീട്. ഷോയുടെ ചരിത്രത്തിലാദ്യമായി നടപ്പിലാക്കിയ സ്പോട്ട് എവിക്ഷനിലൂടെ നടി ഗായത്രി സുരേഷ് പുറത്തായതാണ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്. ഭൂരിഭാഗം മത്സരാർത്ഥികളും റിനി ആൻ ജോർജ് പുറത്തുപോകണമെന്നാണ് അഭിപ്രായപ്പെട്ടതെങ്കിലും, ക്യാപ്റ്റൻ ജസീലയ്ക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ച് ഗായത്രിയെ പുറത്താക്കുകയായിരുന്നു.

എന്നാൽ ക്യാപ്റ്റന്റെ ഈ തീരുമാനം അന്യായമാണെന്ന വിമർശനവുമായി വലിയൊരു വിഭാഗം പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ഗായത്രിയെ പൂർണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നും സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുന്ന താരം വരാന്ത്യ എപ്പിസോഡിൽ തിരിച്ചെത്തുമെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രബലമായ വിലയിരുത്തലുകൾ.

എവിക്ഷൻ ഭീതിക്കൊപ്പം, താൻ നേരിട്ട ക്രൂരമായ സൈബർ ആക്രമണങ്ങളെക്കുറിച്ചും അതുണ്ടാക്കിയ വലിയ മാനസിക ആഘാതങ്ങളെക്കുറിച്ചും ബിഗ് ബോസ് വീടിനുള്ളിൽ ഉയർന്നുകേട്ടത് മറ്റൊരു വൈകാരിക നിമിഷമായി. മുൻപ് ഒരു ബ്യൂട്ടിപാർലർ ഉടമയോട് നടത്തിയ പ്രാങ്ക് കോളിനെ തുടർന്നുണ്ടായ വിവാദവും അതിനു ശേഷമുണ്ടായ ജനരോഷവും തന്റെ ജീവിതത്തെയും തൊഴിലിനെയും തകിടം മറിച്ചതായി സഹമത്സരാർത്ഥിയായ വിക്കിയോട് സംസാരിക്കവേ ആർജെ അഞ്ജലി വെളിപ്പെടുത്തി. തെറ്റിന് പൊതുസമക്ഷം ക്ഷമാപണം നടത്തിയിട്ടും തന്നെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ ആക്രമണം തുടർന്നു. ഭർത്താവിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പോലും മാറിനിൽക്കേണ്ടി വന്ന സാഹചര്യം ഉണ്ടായെന്നും ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുപോയെന്നും അഞ്ജലി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു.

വിവിധ മേഖലകളിൽ നിന്നുള്ള 17 പേരും കോമണേഴ്‌സിന് വേണ്ടിയുള്ള അഗ്നിപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 4 പേരുമുൾപ്പെടെ 21 മത്സരാർത്ഥികളുമായി തുടങ്ങിയ പുതിയ സീസൺ, ആദ്യ ദിവസങ്ങളിൽ തന്നെ വിവാദങ്ങളും വൈകാരിക നിമിഷങ്ങളും കൊണ്ട് ശ്രദ്ധേയമാവുകയാണ്. തുടക്കത്തിൽ തന്നെ വീട് ചൂടുപിടിച്ചതോടെ വരും ദിവസങ്ങളിൽ എന്തൊക്കെ സംഭവവികാസങ്ങളാണ് അരങ്ങേറാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.