
തമിഴ്നാട്ടിൽ നടി തൃഷ കൃഷ്ണനെതിരെ ഡി.എം.കെ നേതാവും നടനുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ട്. വ്യക്തിബന്ധങ്ങളുടെയോ രാഷ്ട്രീയ വൈരാഗ്യത്തിന്റെയോ പേരിൽ സ്ത്രീകളെ സ്വഭാവഹത്യ നടത്തുന്ന പ്രവണത ഒരു നാഗരിക സമൂഹത്തിനും അംഗീകരിക്കാൻ കഴിയില്ലെന്ന് കങ്കണ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കുല്ലുവിൽ ജില്ലാ വികസന ഏകോപന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കങ്കണ തൃഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
വിജയകരമായി ജോലി ചെയ്യുന്നവരും അധികാര സ്ഥാനങ്ങളിലുള്ളവരുമായ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവത്തെ ലക്ഷ്യമിടുന്നത് ലോകമെമ്പാടും കണ്ടുവരുന്ന മോശം രീതിയാണെന്ന് കങ്കണ ചൂണ്ടിക്കാട്ടി. പൊതുസ്ഥലങ്ങളിൽ ഇരട്ട അർഥമുള്ള തമാശകളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച അവർ, ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ എപ്പോഴും സ്ത്രീകൾ മാത്രമാണ് ഇരയാക്കപ്പെടുന്നതെന്നും വ്യക്തമാക്കി.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രസംഗിക്കുമ്പോഴാണ് ഉദയനിധി സ്റ്റാലിൻ സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടിയായി തൃഷയെക്കുറിച്ച് ഇരട്ട അർഥമുള്ള പരാമർശം നടത്തിയത്. സംഭവം വൻ രാഷ്ട്രീയ കൊടുങ്കാറ്റായതോടെ, താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് ഉദയനിധി വിശദീകരിച്ചെങ്കിലും സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയായിരുന്നു.
തുടർന്ന് മുഖ്യമന്ത്രി വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം പൊലീസിലും ദേശീയ വനിതാ കമ്മീഷനിലും നൽകിയ പരാതിയിൽ ഓഗസ്റ്റ് 4-ന് ഉദയനിധിയെ ചെന്നൈയിലെ വസതിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കോടതി ഇടപെടലിലൂടെയാണ് ഇയാൾക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത്. സ്ത്രീകൾക്കെതിരെ ഇത്തരം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.