റിമ കല്ലിങ്കലിന്റെ ‘ഫിഷ് ഫ്രൈ’യുമായി കിരണ്‍ റാവു

കുട്ടിക്കാലത്ത് തനിക്ക് തരാതെ തന്റെ സഹോദരന്റെ പാത്രത്തിലേക്കു വിളമ്പിയ ഒരു കഷ്ണം മീന്‍ വറുത്തതിന്റെ കാര്യം പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടികള്‍ സ്വന്തം വീടുകളില്‍ ചെറുപ്പം മുതല്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് മുന്‍പൊരിക്കല്‍ നടി റിമാ കല്ലിങ്കല്‍ പറഞ്ഞത്. പൊരിച്ച മീന്‍ കിട്ടാതെ ഫെമിനിസ്റ്റായ റിമാ കല്ലിങ്കല്‍ എന്നു പരിഹസിച്ച് റിമയ്‌ക്കെതിരെ അന്ന് ട്രോളുകളുടെ സജീവമായിരുന്നു.

ഇപ്പോഴിതാ ഇതേ വിഷയം മറ്റൊരു തരത്തില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംവിധായികയും നിര്‍മ്മാതാവും ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഭാര്യയുമായ കിരണ്‍ റാവു. വീടുകളില്‍ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന വിവേചനത്തെ കുറിച്ചും അതെങ്ങനെ അവസാനിപ്പിക്കാമെന്നതിനെ കുറിച്ചും ലിംഗ സമത്വം വീടുകളില്‍ നിന്നും ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഈ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ കാണിച്ചുതരുകയാണ്.

‘വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു’ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചുകൊണ്ട് ആമിര്‍ കുറിച്ച വാക്കുകളാണ്. താരങ്ങളായ റിമ കല്ലിങ്കല്‍, ആഷിഖ് അബു, പാര്‍വതി, നിമിഷ സജയന്‍ തുടങ്ങി നിരവധി പേര്‍ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്. ഫിഷ് ഫ്രൈ എന്ന് കുറിച്ചുകൊണ്ടാണ് പാര്‍വതിയും,ആഷിഖും, റിമയും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.