‘അരസൻ’ തമിഴ്സിനിമയുടെ ‘ധുരന്ധർ’ ആകും, തമിഴകത്തിന്റെ അഭിമാനം”; വെട്രിമാരൻ, ചിമ്പു ചിത്രം റിലീസ് മാറ്റിവെച്ചു

','

' ); } ?>

ചിലമ്പരശൻ ടി.ആർ (ചിമ്പു), സംവിധായകൻ വെട്രിമാരൻ എന്നിവർ ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘അരസന്റെ’ റിലീസ് മാറ്റിവെച്ചു. 2027 പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തിക്കാൻ ആസൂത്രണം ചെയ്തിരുന്ന സിനിമയുടെ നിർമ്മാണം തിടുക്കപ്പെട്ട് പൂർത്തിയാക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ചിമ്പു വ്യക്തമാക്കി. ചെന്നൈ സത്യഭാമ കോളേജിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് താരം ചിത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. സിനിമയുടെ വൈകലിന് കാരണം സംവിധായകൻ വെട്രിമാരന്റെ പൂർണ്ണതയോടുള്ള നിഷ്കർഷയാണെന്നും, പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്നും ചിമ്പു ഉറപ്പുനൽകി.

ബോളിവുഡിൽ രൺവീർ സിംഗിന്റെ ‘ധുരന്ധർ’ സൃഷ്ടിച്ചതുപോലെയുള്ള വൻ വിജയവും തമിഴ് സിനിമയ്ക്ക് വലിയൊരു അഭിമാന നിമിഷവും സമ്മാനിക്കാൻ ‘അരസന്’ സാധിക്കുമെന്ന് ചിമ്പു പ്രത്യാശ പ്രകടിപ്പിച്ചു. തികച്ചും റിയലിസ്റ്റിക്കായ രീതിയിൽ യഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയിൽ നായകന്റെ ചെറുപ്പകാലം മുതൽ വാർദ്ധക്യം വരെയുള്ള വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. ആറ് വ്യത്യസ്ത ഗെറ്റപ്പുകളിൽ ചിമ്പു എത്തുന്ന ചിത്രത്തിൽ മൂന്ന് ഗെറ്റപ്പുകളുടെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. വരാനിരിക്കുന്ന ദീപാവലിക്ക് ചിത്രീകരിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തി ‘ദി വേൾഡ് ഓഫ് അരസൻ’ എന്ന പേരിൽ പ്രത്യേക വീഡിയോ പുറത്തുവിടുമെന്നും താരം അറിയിച്ചു.

വെട്രിമാരന്റെ ശ്രദ്ധേയമായ ‘വട ചെന്നൈ’ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് അരസൻ ഒരുങ്ങുന്നത്. വലിയ താരനിരയും സാങ്കേതിക പ്രഗത്ഭരും അണിനിരക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി ഒരു പുതിയ കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ‘വട ചെന്നൈ’യിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആൻഡ്രിയ ജെറമിയ, സമുദ്രക്കനി, കിഷോർ, അമീർ എന്നിവർ അരസനിലും തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കും.

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം പകരുന്നത്. ആർ. വേൽരാജ് ഛായാഗ്രഹണവും ആർ. രാമർ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിൽ പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.